Image : marutisuzuki.com 
Auto

സ്വിഫ്റ്റാണ് താരം! ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിയുന്ന 10 കാറുകള്‍ ഇതാ

എട്ടും മാരുതിയുടെ മോഡലുകള്‍

Dhanam News Desk

എസ്.യു.വികളും വൈദ്യുത മോഡലുകളും അത്യാധുനിക ഫീച്ചറുകളുമൊക്കെയായി എതിരാളികള്‍ വെല്ലുവിളി കടുപ്പിക്കുമ്പോഴും ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ഏറെയിഷ്ടം മാരുതിയോട് തന്നെ. ജൂലൈയില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ 10 കാറുകളില്‍ എട്ടും മാരുതി സുസുക്കിയുടെ മോഡലുകളാണ്. ഹ്യുണ്ടായിയും ടാറ്റയുമാണ് കഴിഞ്ഞമാസം ടോപ് 10ല്‍ ഇടംപിടിക്കാന്‍ ഭാഗ്യമുണ്ടായ മറ്റ് കമ്പനികള്‍.

സ്വിഫ്റ്റ്, ബലേനോ, ബ്രെസ

ജൂലൈയില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം വാങ്ങിയ കാര്‍ മാരുതി സുസുക്കി സ്വിഫ്റ്റാണ്. പുതുതായി 17,896 സ്വിഫ്റ്റ് കഴിഞ്ഞമാസം വിറ്റഴിഞ്ഞു.

16,725 എണ്ണവുമായി മാരുതിയുടെ തന്നെ ബലേനോ രണ്ടാംസ്ഥാനം നേടി. മാരുതിയുടെ കോംപാക്റ്റ് എസ്.യു.വിയായ വിറ്റാര ബ്രെസയ്ക്കാണ് മൂന്നാംസ്ഥാനം; വിറ്റഴിഞ്ഞത് 16,643 എണ്ണം. മാരുതി സുസുക്കിയുടെ വിവിധോദ്ദേശ്യ മോഡലായ (എം.പി.വി/MPV) എര്‍ട്ടിഗ 14,352 എണ്ണവുമായി നാലാമതുണ്ട്.

ഹ്യുണ്ടായ് ക്രീറ്റ

ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ ഹ്യുണ്ടായിയുടെ ഇടത്തരം എസ്.യു.വിയായ ക്രീറ്റ (Creta) 14,602 മോഡലുകളുമായി അഞ്ചാംസ്ഥാനം നേടി. മാരുതിയുടെ സെഡാന്‍ മോഡലായ ഡിസയര്‍ ആറാമതാണ്; വിറ്റഴിഞ്ഞത് 13,395 എണ്ണം.

ഹ്യൂണ്ടായ് ക്രീറ്റ

മാരുതി ഈയടുത്ത കാലത്ത് വിപണിയിലിറക്കിയ ഫ്രോന്‍ക്‌സിനാണ് ഏഴാം സ്ഥാനം. കഴിഞ്ഞമാസം 13,220 ഉപയോക്താക്കളെ ഫ്രോന്‍ക്‌സ് നേടി. മാരുതി വാഗണ്‍ആര്‍ 12,790 എണ്ണവുമായി എട്ടാമതെത്തി. 2022 ജൂലൈയിലെ 22,588 എണ്ണത്തില്‍ നിന്ന് കഴിഞ്ഞമാസം 43 ശതമാനം ഇടിവ് വില്‍പനയിലുണ്ടായെങ്കിലും ടോപ് 10ല്‍ സ്ഥാനമുറപ്പിക്കാന്‍ വാഗണ്‍ആറിന് കഴിഞ്ഞു.

ടാറ്റ നെക്‌സോണ്‍

ടാറ്റാ നെക്‌സോണ്‍

ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സോണ്‍ ആണ് 9-ാം സ്ഥാനത്ത്. പുതിയ 12,349 നെക്‌സോണ്‍ ആണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞത്. മാരുതിയുടെ തന്നെ ഈക്കോയ്ക്കാണ് പത്താംസ്ഥാനം. വിറ്റഴിഞ്ഞത് 12,037 എണ്ണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT