yamaha motor
Auto

ആര്‍വണ്‍ ഫൈവിന്റെ എഞ്ചിനില്‍ റെട്രോ സ്‌പോര്‍ട്ട്, ആദ്യ ഇ.വിക്ക് മലയാളി കണക്ഷന്‍! പുതിയ നാല് മോഡലുകളുമായി ഞെട്ടിച്ച് യമഹ

എയ്‌റോക്‌സ്-ഇ, ഇ.സി 06 എന്നിവയാണ് ജാപ്പനീസ് കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറുകള്‍

Dhanam News Desk

ഇന്ത്യന്‍ വിപണിയില്‍ പുതിയ നാല് മോഡലുകള്‍ പുറത്തിറക്കി യമഹ മോട്ടോര്‍. ഏറെ കാത്തിരുന്ന എക്.എസ്.ആര്‍ 155യെന്ന റെട്രോ സ്‌പോര്‍ട് ബൈക്കിനും എഫ്.സി റേവിനും പുറമെ രണ്ട് ഇലക്ട്രിക് വാഹനങ്ങളും കമ്പനി അവതരിപ്പിച്ചു. എയ്‌റോക്‌സ്-ഇ, ഇ.സി 06 എന്നിവയാണ് ജാപ്പനീസ് കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറുകള്‍.

എക്‌സ്.എസ്.ആര്‍ 155

പ്രീമിയം മോട്ടോര്‍ സൈക്കിള്‍ സെഗ്‌മെന്റിലേക്കാണ് എക്‌സ്.എസ്.ആര്‍ 155യുടെ വരവ്. റെട്രോ സ്‌പോര്‍ട്ട് കണ്‍സെപ്റ്റില്‍ ആധുനിക സൗകര്യങ്ങള്‍ ചേര്‍ത്താണ് ഡിസൈന്‍. ആര്‍ വണ്‍ ഫൈവിലും എം.ടി വണ്‍ ഫൈവിലും ഉപയോഗിച്ചിരിക്കുന്ന യമഹയുടെ 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. 18.4 എച്ച്.പി കരുത്തും 14.1 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ എഞ്ചിന് കഴിയും. ഇരുമോഡലുകളിലുമുള്ള യമഹയുടെ ഡെല്‍റ്റാബോക്‌സ് ചേസിസിലാണ് നിര്‍മാണം. ഡെയിലി കമ്യൂട്ടിനും ദീര്‍ഘദൂര യാത്രകള്‍ക്കും കഴിയുന്ന വിധത്തിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നതെന്നും യമഹ പറയുന്നു.

റെട്രോ ലുക്കിനായി മുന്നില്‍ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് നല്‍കിയിട്ടുണ്ട്. ഡ്യൂവല്‍ ചാനല്‍ എ.ബി.എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡാണ്. സിംഗിള്‍ വേരിയന്റില്‍ ബ്ലൂ, ഗ്രേയിഷ് ഗ്രീന്‍, റെഡ്, മെറ്റാലിക്ക് സില്‍വര്‍ എന്നീ നാല് നിറങ്ങളില്‍ വാഹനം ലഭ്യമാകും. 1.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

എഫ്.സി റേവ്

പുതുതലമുറയെ ലക്ഷ്യമിട്ടാണ് എഫ്.സി സീരീസിലെ പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് യമഹ പറയുന്നത്. പതിവ് എഫ്.സി മോഡലുകളെപ്പോലെ മസ്‌കുലാര്‍ ഡിസൈനാണ് റേവിനും നല്‍കിയിരിക്കുന്നത്. മുന്നില്‍ പുതിയ രീതിയിലുള്ള ഹെഡ്‌ലാംപ് നല്‍കിയിട്ടുണ്ട്. 149 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 12 എച്ച്.പി കരുത്തും 13.3 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വാഹനത്തിന് 5 സ്പീഡ് ഗിയര്‍ ബോക്‌സും നല്‍കിയിട്ടുണ്ട്. മേറ്റ് ടൈറ്റാന്‍, മെറ്റാലിക്ക് ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാകുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 1.17 ലക്ഷം രൂപയാണ്. സുരക്ഷക്കായി സിംഗിള്‍ ചാനല്‍ എ.ബി.എസും നല്‍കിയിട്ടുണ്ട്. വിപണിയില്‍ ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 മോഡലാകും മുഖ്യ എതിരാളി.

എയ്‌റോക്‌സ് ഇ

നിലവില്‍ വിപണിയിലുള്ള യമഹയുടെ എയ്‌റോക്‌സ് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് എയ്‌റോക്‌സ് ഇയും തയ്യാറാക്കിയിരിക്കുന്നത്. ഡിസൈനില്‍ കാര്യമായ മാറ്റമൊന്നുമില്ല. എഞ്ചിന് പകരം മോട്ടോര്‍ ഘടിപ്പിച്ചതും എല്‍.സി.ഡി ഡിസ്‌പ്ലേ മാറി ടി.എഫ്.ടി സ്‌ക്രീന്‍ ആയതുമാണ് പ്രധാന മാറ്റം. 1.5 കിലോവാട്ട് അവറിന്റെ ഡിറ്റാച്ചബിള്‍ ബാറ്ററിയാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഇത് വാഹനത്തില്‍ നിന്ന് ഇളക്കി മാറ്റിയും വാഹനത്തില്‍ വെച്ചും ചാര്‍ജ് ചെയ്യാമെന്നതാണ് പ്രത്യേകത. 9.5 കിലോവാട്ട് കരുത്തും 48 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള വാഹനമാണിത്. ഒറ്റച്ചാര്‍ജില്‍ 106 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാഹനത്തിന് ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാഹനം എപ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്ന് യമഹ വ്യക്തമാക്കിയിട്ടില്ല. വില വെളിപ്പെടുത്താനും കമ്പനി തയ്യാറായിട്ടില്ല.

മലയാളി ബന്ധമുള്ള ഇ.വിയും

ഇന്ത്യന്‍ വിപണിയില്‍ യമഹ പുറത്തിറക്കിയ മറ്റൊരു വാഹനമാണ് ഇ.സി 06. ബംഗളൂരു ആസ്ഥാനമായ റിവറിന്റെ ഇന്‍ഡി എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ ഡിസൈന്‍. മലയാളികളായ അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും സ്ഥാപിച്ച കമ്പനിയാണിത്. റിവര്‍ ഇന്‍ഡിയുടെ പ്ലാറ്റ്‌ഫോമില്‍ യമഹയുടെ ഡിസൈനിലാണ് ഇ.സി 06ന്റെ വിപണി പ്രവേശനം. അടുത്ത വര്‍ഷമാകും മോഡല്‍ വിപണിയിലെത്തുക. ഒന്നര ലക്ഷം രൂപയാകും വാഹനത്തിന്റെ പ്രാരംഭ വില.

റിവര്‍ ഇന്‍ഡിയില്‍ നിന്നും വ്യത്യസ്തമായി ഇ.സി 6ല്‍ യമഹ ടച്ച് കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഷാര്‍പ്പായ ബോഡി പാനലുകളും ബോള്‍ഡായ ട്രയാങ്കുലാര്‍ പ്രൊഫൈലും കൂടുതല്‍ ആക്രമണാത്മക രൂപത്തിലുള്ള മുന്‍ഭാഗവും (Aggressive Stance) വാഹനത്തിന് പക്കാ സ്‌പോര്‍ട്ടി ഫീല്‍ നല്‍കുന്നവയാണ്. ഒരു ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ കഴിയുന്ന 24.5 ലിറ്റര്‍ വലിയ അണ്ടര്‍സീറ്റ് സ്റ്റോറേജും സ്‌കൂട്ടറിലുണ്ട്. കളര്‍ എല്‍.സി.ഡി ഡിസ്‌പ്ലേ, ബില്‍റ്റ്-ഇന്‍ ടെലിമാറ്റിക്‌സ്, കണക്റ്റിവിറ്റി ഫീച്ചറുകള്‍ക്കായി ഒരു ഡെഡിക്കേറ്റഡ് സിം, മൂന്ന് റൈഡിംഗ് മോഡുകള്‍, ഹാന്‍ഡി റിവേഴ്‌സ് അസിസ്റ്റ് എന്നിവയുമുണ്ട്. റിവര്‍ ഇന്‍ഡിയിലുള്ളത് പോലെ 4 കിലോവാട്ട് അവറിന്റെ (kWh) ബാറ്ററി പാക്കായിരിക്കും ഇ.സി 06ലും നല്‍കിയിരിക്കുന്നതെന്നാണ് സൂചന. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന വാഹനത്തിന് ഒറ്റച്ചാര്‍ജില്‍ 160 കിലോമീറ്റര്‍ ഓടാനും ശേഷിയുണ്ട്.

Yamaha unveils its new India line‑up with the neo‑retro XSR155, first EVs AEROX‑E & EC‑06 and youth‑centric FZ‑RAVE, marking a bold transition across performance, everyday bikes and electric mobility.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT