രാജ്യത്തെ ഇലക്ട്രിക് വാഹന (EV) വിപണി പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് പ്രവേശിച്ചത് ശക്തമായ ആത്മവിശ്വാസത്തോടെയാണ്. ഏപ്രില്‍ മാസത്തിലെ വില്‍പന കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇവി മേഖലയിലെ ഡിമാന്‍ഡ് തളര്‍ച്ചയില്ലാതെ തുടരുന്നു എന്നാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിന്നും പ്രകടനത്തിന് പിന്നാലെ, പുതിയ വര്‍ഷത്തിന്റെ ആദ്യ മാസത്തിലും ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ ശ്രദ്ധേയമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെയിം-2 (FAME-II) സബ്സിഡി അവസാനിച്ചതും ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം (EMPS) നിലവില്‍ വന്നതും വിപണിയെ പുതിയ സാഹചര്യങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ വാഹന്‍ (Vahan) രജിസ്ട്രേഷന്‍ കണക്കുകള്‍ പ്രകാരം, ഏപ്രില്‍ മാസത്തില്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ (E-PV) വില്‍പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 73% വര്‍ധിച്ച് 23,343 യൂണിറ്റുകളിലെത്തി. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പന 61% ഉയര്‍ന്ന് 148,677 യൂണിറ്റുകളായി.
പുതിയ മോഡലുകളുടെ വരവ്, ഉപഭോക്താക്കള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന അവബോധം, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ മൂലമുള്ള ഇന്ധനവില വര്‍ധനയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ ഡിമാന്‍ഡ് ഉയരാന്‍ കാരണമായി.
സബ്സിഡി സ്‌കീം അവസാനിക്കുന്നതിന് മുന്നോടിയായി മാര്‍ച്ചില്‍ കൂടുതല്‍ പേര്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയതിനാല്‍, മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലില്‍ ഇ-പാസഞ്ചര്‍ വാഹന വില്‍പനയില്‍ 2 ശതമാനവും ഇരുചക്ര വാഹന വില്‍പനയില്‍ 23 ശതമാനവും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ സബ്സിഡി സ്‌കീം പിന്നീട് നീട്ടി നല്‍കി.
ഇ-പാസഞ്ചര്‍ വാഹന വിപണിയുടെ 82 ശതമാനവും ടാറ്റ മോട്ടോഴ്സ്, എം ആന്‍ഡ് എം (M&M), ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ എന്നിവരാണ് കൈക്കലാക്കിയത്. കിയ മോട്ടോഴ്സിന്റെ വിപണി വിഹിതം 0.3 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായി ഉയര്‍ന്നു. കിയയുടെ പുതിയ ത്രീ-റോ ഇലക്ട്രിക് എംപിവി ആയ 'കിയ കാരന്‍സ് ക്ലാവിസ്' വില്‍പന 34-ല്‍ നിന്ന് 341 യൂണിറ്റുകളായി ഉയരാന്‍ സഹായിച്ചു.
ഇരുചക്ര വാഹന വിപണിയില്‍ ടിവിഎസ് (TVS), ബജാജ്, ഏഥര്‍ (Ather) എന്നീ കമ്പനികള്‍ ചേര്‍ന്ന് വിപണിയുടെ 65 ശതമാനം വിഹിതം നിയന്ത്രിക്കുന്നു. വിപണിയിലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ടിവിഎസ് 88% വളര്‍ച്ചയോടെ 37,661 യൂണിറ്റുകള്‍ വിറ്റഴിച്ചു.
അതേസമയം, ഇലക്ട്രിവ് വിപണിയില്‍ മുന്‍പ് മുന്‍നിരയിലുണ്ടായിരുന്ന ഓല ഇലക്ട്രിക്കിന്റെ (Ola Electric) വില്‍പന 38.6% ഇടിഞ്ഞ് 12,166 യൂണിറ്റുകളായി. വിപണി വിഹിതം 21.4 ശതമാനത്തില്‍ നിന്ന് 8.2 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കൈനറ്റിക് ഗ്രീന്‍ വില്‍പനയും 49% കുറഞ്ഞു.
ഏഥര്‍ എനര്‍ജിയുടെ വില്‍പന 102% വര്‍ധിച്ച് 27,024 യൂണിറ്റുകളായി. 700-ലധികം വില്‍പന കേന്ദ്രങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിച്ചതും ആകര്‍ഷകമായ വിലയുമാണ് ഏഥര്‍ എനര്‍ജിക്ക് തുണയായത്. ബജാജ് ഓട്ടോയുടെ ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പന 71.6% വര്‍ധിച്ച് 32,883 യൂണിറ്റുകളിലെത്തി.
ചാര്‍ജിംഗ് ശൃംഖലയുടെ വിപുലീകരണവും പരിസ്ഥിതി സൗഹൃദ ഗതാഗതത്തോടുള്ള ജനങ്ങളുടെ താല്പര്യവും വരും മാസങ്ങളില്‍ വിപണിക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine