Business Clinic

കമ്പനിയുടെ പങ്ക് കൊടുക്കൂ, ബിസിനസിനൊപ്പം എല്ലാവരും വളരും

വിശ്വസ്തരായ ജീവനക്കാരെ ഒപ്പം നിര്‍ത്താനും സമ്പന്നരാക്കാനും ഇതാ സിലിക്കണ്‍ വാലിയിലെ 'ഇക്വിറ്റി' വിദ്യ

Dhanam News Desk

അര്‍ജുന്‍ ആര്‍ പിള്ള

മാസാവസാനം കയ്യില്‍ കിട്ടുന്ന ശമ്പളം എത്രതന്നെ കൂട്ടിക്കൊടുത്താലും നിങ്ങളുടെ ഏറ്റവും മിടുക്കനായ മാനേജര്‍ എന്നെങ്കിലും സമ്പന്നനാകുമോ? ഇല്ലെന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. സ്വന്തം വിയര്‍പ്പൊഴുക്കി കമ്പനിയെ വളര്‍ത്തുന്ന ആ വിശ്വസ്തന് കൈനിറയെ പണം കൊടുത്താല്‍ അയാളുടെ കുടുംബം സുരക്ഷിതമായേക്കാം; പക്ഷേ അപ്പോഴും അയാള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കിട്ടുന്നില്ല. എന്നാല്‍, നിങ്ങളുടെ സ്ഥാപനത്തിന്റെ കുഞ്ഞ് പങ്കുകൂടി അയാളുടെ പേരിലേക്ക് മാറ്റിവെച്ചാലോ? അയാള്‍ കമ്പനിയെ സ്വന്തം കുഞ്ഞായി കാണും. ബിസിനസിനൊപ്പം അയാളും സാമ്പത്തികമായി ഉയരങ്ങളിലേക്ക് പറക്കും.

ലോകത്തെ അമ്പരപ്പിക്കുന്ന എഐ അസിസ്റ്റന്റായ ക്ലോഡിന്റെ (Claude) നിര്‍മാതാക്കളും ആഗോള എഐ രംഗത്തെ അതികായരുമായ ആന്ത്രോപിക് (Anthropic) ഐപിഒക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. അവിടുത്തെ ജീവനക്കാര്‍ കൈവശം വെച്ചിരിക്കുന്ന സ്റ്റോക്ക് ഓപ്ഷനുകളുടെ മൂല്യം മാത്രം വരുന്നത് ഏകദേശം 8.5 ലക്ഷം കോടി രൂപയാണ്! ഇതില്‍ വന്‍കിട നിക്ഷേപകരുടെ ഓഹരികളില്ല, കമ്പനി തുടങ്ങിയ സ്ഥാപകരുടെ വിഹിതവും വേറെയാണ്. ആ 8.5 ലക്ഷം കോടി രൂപയും സ്വന്തം ജീവനക്കാര്‍ക്ക് മാത്രമുള്ളതാണ്.

കച്ചവടത്തിലെ ലാഭം വീതിച്ചുനല്‍കുന്ന രീതി നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ ഒരു പങ്കുതന്നെ ജീവനക്കാരന് നല്‍കുന്നത് വേറൊരു തലമാണ്. ഒരു ബിസിനസിന്റെ ചെറിയൊരു ഓഹരി കയ്യിലെത്തുമ്പോള്‍ 'ഇത് മുതലാളിയുടെ കമ്പനിയല്ല, എന്റേത് കൂടിയായ സ്ഥാപനമാണ്' എന്നൊരു അഭിമാനം അയാളുടെ മനസിലുണ്ടാകും.

ഒരു സംരംഭകനെന്ന നിലയില്‍ സ്വന്തം ആളുകളില്‍ നിന്ന് നമ്മള്‍ കൊതിക്കുന്നതും ആ ഒരൊറ്റ വികാരമല്ലേ? പക്ഷേ, കേരളത്തിലെ പല കുടുംബ ബിസിനസുകളിലും ചിത്രം നേരെ മറിച്ചാണ്. സ്ഥാപനത്തെ ഇന്നത്തെ നിലയിലേക്ക് പടുത്തുയര്‍ത്താന്‍ ജീവിതം തന്നെ ഹോമിച്ച പ്രധാന മാനേജര്‍ക്ക്, കമ്പനിയില്‍ ഒരു ശതമാനം ഓഹരി പോയിട്ട്, ഒരു കടലാസ് തുണ്ട് പോലും നല്‍കാറില്ല. ആന്ത്രോപിക്കില്‍ ഏകദേശം 5,300 ജീവനക്കാരുണ്ട്. ഈ ഓഹരികളെല്ലാം തുല്യമായി വീതിച്ചാല്‍ ഒരാള്‍ക്ക് ശരാശരി 150 കോടിയിലധികം രൂപ കിട്ടും.

സിലിക്കണ്‍ വാലി പഠിപ്പിക്കുന്ന പാഠം

ഞാന്‍ ഇതുവരെ മൂന്ന് കമ്പനികള്‍ തുടങ്ങി. അതില്‍ ആദ്യത്തെ രണ്ടെണ്ണം മികച്ച രീതിയില്‍ വിറ്റഴിക്കുകയും ചെയ്തു. ഓരോ തവണയും കമ്പനി വില്‍ക്കുമ്പോള്‍ സ്ഥാപകര്‍ക്കൊപ്പം രാപ്പകലില്ലാതെഅധ്വാനിച്ച സാധാരണ ടീം അംഗങ്ങളും അതിലൂടെ കോടീശ്വരന്മാരാകുന്നത് ഞാന്‍ കണ്‍മുന്നില്‍ കണ്ടതാണ്. കമ്പനിയും സ്ഥാപകരും ജീവനക്കാരും ഒരേ ലക്ഷ്യത്തോടെ ഒന്നിച്ചുനില്‍ക്കുകയെന്നതാണ് പരമപ്രധാനം. അതിനുള്ള ഏറ്റവും ശക്തമായ തുറുപ്പുചീട്ട് ഓഹരി പങ്കാളിത്തം തന്നെയാണ്. സിലിക്കണ്‍ വാലിയില്‍ ആളുകള്‍ സ്വത്ത് വാരിക്കൂട്ടുന്നത് ശമ്പളം കൊണ്ടല്ല, മറിച്ച് ഓഹരികളിലൂടെയാണ്. ആ പഴയ ചൊല്ല് എത്ര അന്വര്‍ത്ഥമാണ്; 'ശമ്പളം കൊണ്ട് ആരും സമ്പന്നരാകില്ല!'

നിങ്ങളുടെ മികച്ച മാനേജറെ ഒന്നോര്‍ത്തുനോക്കൂ. സ്ഥാപനത്തിലെ വലിയ കസ്റ്റമേഴ്സുമായി ഏറ്റവും അടുപ്പമുള്ളയാള്‍, ഗോഡൗണിലെ ഓരോ സാധനവും എവിടെയുണ്ടെന്ന് കണ്ണടച്ച് പറയുന്നയാള്‍. നിങ്ങളുടെ ബിസിനസ് പതിന്മടങ്ങ് വളരുമ്പോഴും അയാളുടെ ശമ്പളത്തില്‍ കാര്യമായ മാറ്റം വരുന്നുണ്ടോ? മറ്റൊരു യാഥാര്‍ത്ഥ്യം കൂടിയുണ്ട്. കഠിനാധ്വാനത്തിന് നിങ്ങള്‍ നല്‍കുന്ന ശമ്പളത്തിനും ബോണസിനും 30% വരെ സര്‍ക്കാര്‍ നികുതി പിടിക്കും. എല്ലാം കഴിഞ്ഞ് അയാളുടെ പോക്കറ്റിലെത്തുമ്പോള്‍ കാര്യമായൊന്നും കാണില്ല. എന്നാല്‍ ഇന്ത്യയില്‍ കമ്പനി ഓഹരികള്‍ നല്‍കുകയും ജീവനക്കാര്‍ അത് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വെക്കുകയും ചെയ്താല്‍ ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സാണ് ബാധകമാകുന്നത്.

മാനേജര്‍ തനിക്കുള്ള ഓപ്ഷന്‍ ഉപയോഗിച്ച് ഓഹരി വാങ്ങുമ്പോള്‍ നല്‍കിയ തുകയും അന്നത്തെ മാര്‍ക്കറ്റ് വിലയും തമ്മിലുള്ള വ്യത്യാസത്തിന് മാത്രമെ ശമ്പളത്തിന്റെ നികുതി നല്‍കേണ്ടതുള്ളൂ. അതിനുശേഷം ആ ഓഹരിക്ക് വരുന്ന വളര്‍ച്ച ക്യാപിറ്റല്‍ ഗെയിനാണ്. രണ്ട് വര്‍ഷത്തിന് ശേഷം വില്‍ക്കുമ്പോള്‍ വെറും 12.5% മാത്രമാണ് ലോങ് ടേം ടാക്സ്. അതായത്, ഒരുകോടി രൂപയുടെ ഓഹരി നേട്ടമുണ്ടായാല്‍ 30 ലക്ഷത്തിലധികം രൂപ നികുതിയായി കൊടുക്കുന്ന സ്ഥാനത്ത് വെറും 13 ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി.

ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ നമ്മുടെ നാട്ടിലെ കുടുംബ ബിസിനസുകള്‍ക്ക് പെട്ടെന്ന് ഒരു ഭയം വരും; കമ്പനിയുടെ കടിഞ്ഞാണ്‍ അന്യരുടെ കൈകളിലേക്ക് പോകുമോ എന്ന്. എന്നാല്‍ കൊച്ചി ആസ്ഥാനമായുള്ള വി-ഗാര്‍ഡ് പോലും 2013 മുതല്‍ സ്റ്റോക്ക് ഓപ്ഷന്‍ പ്ലാനിലൂടെ ജീവനക്കാര്‍ക്ക് ഓഹരികള്‍ വീതിച്ചുനല്‍കുന്നുണ്ട്.

ഇനി, യഥാര്‍ത്ഥ ഓഹരികള്‍ വിട്ടുകൊടുക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ഫാന്റം ഷെയര്‍ പ്ലാന്‍ (Phantom Share Plan) എന്ന മികച്ചൊരു വഴിയുണ്ട്. കമ്പനിയുടെ വോട്ടിങ് അവകാശങ്ങളെല്ലാം കുടുംബത്തിന്റെ കൈകളില്‍ത്തന്നെ ഭദ്രമായിരിക്കും. എന്നാല്‍ ബിസിനസ് വളരുന്നതിന് ആനുപാതികമായ ഒരു ക്യാഷ് ഇന്‍സെന്റീവ് മാനേജര്‍ക്ക് ലഭിക്കുകയും ചെയ്യും. പണമായി നല്‍കുന്നതിനാല്‍ ശമ്പളത്തിന്റെ നികുതിയാണ് ഇതിന് വരിക.

ഇത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിബന്ധനകളോടെ വീതിച്ചുനല്‍കാം. ഒന്നാമതായി, മാനേജര്‍ സ്ഥാപനത്തില്‍ തുടരണം. രണ്ടാമതായി ആ മാനേജറുടെ കീഴിലുള്ള നിര്‍ണായക കാര്യങ്ങളില്‍ വളര്‍ച്ചയുണ്ടാകണം. ഓണം ബോണസ് പോലെ ഒരിക്കല്‍ വാങ്ങി പോക്കറ്റിലിട്ട് പോകാവുന്ന ഒന്നല്ല ഇത്. മാനേജര്‍ ഇടക്കുവെച്ച് ജോലി ഉപേക്ഷിച്ചുപോയാല്‍ ബാക്കി തുക കിട്ടില്ല. അതുകൊണ്ട് കമ്പനി വളരുന്നതിനൊപ്പം സ്ഥാപനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള അയാളുടെ ആഗ്രഹവും ഇരട്ടിയാകും.

സ്വയം ചോദിക്കേണ്ട ചോദ്യം

നിങ്ങളുടെ ഏറ്റവും വലിയ 10 കസ്റ്റമേഴ്സിന്റെ ലിസ്റ്റ് ഇന്നുതന്നെ ഒന്നെടുത്തുനോക്കൂ. അതില്‍ എത്രപേര്‍ ഉടമസ്ഥനായ നിങ്ങളോടല്ല, മറിച്ച് ആ മാനേജറോട് മാത്രമാണ് ഓര്‍ഡറുകള്‍ സംസാരിക്കുന്നത്? അങ്ങനെയുള്ള രണ്ടുപേരെങ്കിലും ആ ലിസ്റ്റിലുണ്ടെങ്കില്‍, ഈ ആഴ്ച തന്നെ നിങ്ങളുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ വിളിക്കണം. വിശ്വസ്തരായ നിങ്ങളുടെ ടീമിനായി ഒരു സ്റ്റോക്ക് ഓപ്ഷന്‍ പ്ലാനോ, അല്ലെങ്കില്‍ ഒരു ഫാന്റം ഷെയര്‍ പ്ലാനോ എങ്ങനെ തുടങ്ങാമെന്ന് ചോദിച്ച് മനസിലാക്കണം. കാരണം, അവര്‍ വളര്‍ന്നാലേ നിങ്ങളുടെ ബിസിനസും യഥാര്‍ത്ഥത്തില്‍ വളരൂ.

(സിലിക്കണ്‍വാലിയിലെ ഡോക്കറ്റ് (Docket) എന്ന കമ്പനിയുെട സഹസ്ഥാപകനും സിഇഒയുമാണ് ലേഖകന്‍. രണ്ട് മുന്‍നിര സ്റ്റാര്‍ട്ടപ്പുകള്‍ വിജയകരമായി പടുത്തുയര്‍ത്തി വിറ്റഴിച്ചിട്ടുണ്ട്. നാസ്ഡാക് ലിസ്റ്റഡ് കമ്പനിയായ സൂംഇന്‍ഫോയില്‍ (ZoomInfo) ചീഫ് ഡാറ്റ ഓഫീസറുമായിരുന്നു)

നവംബര്‍ 30 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT