Image courtesy: Canva
Business Clinic

ഭൂമിക്ക് അടിയിലൂടെ കൊച്ചി മെട്രോയില്‍ വിമാനത്താവളത്തിലേക്ക്! 17.5 കിലോമീറ്റര്‍ പാത, ചെലവ് ₹8,000 കോടി, മൂന്നാം ഘട്ടം ഡി.പി.ആര്‍ പുറത്ത്

17.5 കിലോമീറ്റര്‍ നീളുന്ന പാതയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റിക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്

Dhanam News Desk

കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് പുറത്ത്. ആലുവയില്‍ നിന്ന് അങ്കമാലി വരെയുള്ള 17.5 കിലോമീറ്റര്‍ നീളുന്ന പാതയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റിക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ചെലവ് 8,000 കോടി, 15 സ്റ്റേഷനുകള്‍. മൂന്നു കിലോമീറ്റര്‍ ഭൂഗര്‍ഭ പാത. എന്നാല്‍ പ്രാദേശികമായി ശക്തമായ ആവശ്യമുയര്‍ന്ന അങ്കമാലി റെയില്‍വേ സ്റ്റേഷനെ പുതിയ ലൈനില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി.

സാങ്കേതിക തികവ്, നിര്‍മ്മാണച്ചെലവ്, യാത്രക്കാരുടെ എണ്ണം എന്നിവ കണക്കാക്കി പഠിച്ച നാല് ഓപ്ഷനുകളില്‍ നിന്ന് 'ഹൈബ്രിഡ് കോറിഡോര്‍' മാതൃകയാണ് ഡി.പി.ആര്‍ ഏറ്റവും അനുയോജ്യമായി തെരഞ്ഞെടുത്തത്. ഉപരിതല പാതയും (Elevated Viaduct) തുരങ്ക പാതയും (Underground Tunnel) ചേരുന്നതാണ് ഈ മാതൃക.

3 കിലോമീറ്റര്‍ അടിപ്പാത; വിമാനത്താവളത്തിന് താഴെ സ്റ്റേഷന്‍

പുതിയ ഡി.പി.ആര്‍ പ്രകാരം ആലുവയില്‍ നിന്ന് ആരംഭിക്കുന്ന മെട്രോ ലൈന്‍ ദേശീയപാത 544-ലൂടെ കരിയാട് വരെ മേല്‍പ്പാലത്തിലൂടെ എത്തും. അവിടെ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടെത്താന്‍ 3 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍ഗ്രൗണ്ട് തുരങ്കം നിര്‍മ്മിക്കും. വിമാനത്താവളത്തില്‍ ഭൂഗര്‍ഭ സ്റ്റേഷനാണ് തയാറാക്കുക.

വിമാനത്താവള പരിധി പിന്നിടുന്നതോടെ മെട്രോ വീണ്ടും ഉപരിതല പാതയായി മാറും. നായത്തോട്, കവറപ്പറമ്പ്, അരിക്കല്‍ ജംഗ്ഷന്‍ വഴി സഞ്ചരിച്ച് അങ്കമാലി കരയാംപറമ്പില്‍ അവസാനിക്കുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷനെ ഒഴിവാക്കിയത് എന്തുകൊണ്ട്?

അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് മെട്രോ പാത എത്തിക്കുന്നത് പ്രായോഗികമല്ലെന്ന് സാധ്യതാ പഠനത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്. അല്ലെങ്കില്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും ദേശീയപാത 544-ലേക്ക് ലൈന്‍ തിരിച്ചുവിടേണ്ടി വരും. വിമാനത്താവളത്തിന് സമീപപ്രദേശങ്ങളില്‍ ഇതിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത് പദ്ധതിച്ചെലവ് വലിയ തോതില്‍ വര്‍ധിപ്പിക്കും. കൂടാതെ, കേന്ദ്ര മെട്രോ റെയില്‍ നയപ്രകാരം പദ്ധതിക്ക് അനുമതി ലഭിക്കാന്‍ വിമാനത്താവള കണക്റ്റിവിറ്റി നിര്‍ബന്ധമാണെന്നതും കാരണമാണ്.

നേരത്തെ കൊച്ചി മെട്രോ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനെ ബന്ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അങ്കമാലി മര്‍ച്ചന്റ്സ് ഫോറവും മെട്രോ ആക്ഷന്‍ കൗണ്‍സിലും ഇതിനായി ശക്തമായി രംഗത്തുണ്ടായിരുന്നു.

ദേശീയപാതയോരത്തുള്ള അങ്കമാലി റെയില്‍വേ സ്റ്റേഷന്‍, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, ടെല്‍ക് (TELK) തുടങ്ങിയ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് മെട്രോ വന്നാല്‍ മലബാറിലേക്കും തിരുവിതാംകൂറിലേക്കും പോകുന്ന യാത്രികര്‍ക്ക് മള്‍ട്ടി-മോഡല്‍ ട്രാന്‍സിറ്റ് ഹബ്ബായി അങ്കമാലി മാറുമായിരുന്നുവെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്.

15 സ്റ്റേഷനുകള്‍; എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന് സമീപം സ്റ്റേഷന്‍ വരും

അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് നേരിട്ട് പാതയില്ലെങ്കിലും നിലവിലുള്ള എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന് സമീപം ഒരു മെട്രോ സ്റ്റേഷന്‍ ഡി.പി.ആറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത് റെയില്‍വേ യാത്രികര്‍ക്ക് ആശ്വാസമാകും.

തോട്ടുങ്കാട്ടുകര, കുന്നംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, നായത്തോട്, കവറപ്പറമ്പ്, അരിക്കല്‍ ജംഗ്ഷന്‍, എല്‍.എഫ് ഹോസ്പിറ്റല്‍, അങ്കമാലി ടൗണ്‍, കോതകുളങ്ങര, കരയാംപറമ്പ് എന്നിവയാണ് മൂന്നാം ഘട്ടത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള 15 സ്റ്റേഷനുകള്‍.

ലോക്‌നാഥ് ബെഹ്‌റയുടെ പടിയിറക്കത്തിന് മുന്നേ

ഡി.പി.ആര്‍ സമര്‍പ്പണത്തിന് പിന്നാലെയാണ്, കെ.എം.ആര്‍.എല്‍ (KMRL) മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പദവി ഒഴിഞ്ഞത്. നിലവില്‍ എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയ്ക്കാണ് കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല. യാത്രയയപ്പ് സന്ദേശത്തിനിടെ തിരുവനന്തപുരം മെട്രോയുടെ ഡി.പി.ആര്‍ (DPR) സമര്‍പ്പിച്ച കാര്യവും ബെഹ്‌റ സൂചിപ്പിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്ന്, പദ്ധതി അന്തിമ അനുമതിക്കായി കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമർപ്പിക്കും. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എം.വി.എ കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2026 ഫെബ്രുവരിയിലാണ് വിശദമായ പദ്ധതി രൂപരേഖ (DPR) തയ്യാറാക്കാൻ തുടങ്ങിയത്.

കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം ആലുവ മുതൽ തൃപ്പൂണിത്തുറ വരെയാണ്. 28.1 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ 25 സ്റ്റേഷനുകളുണ്ട്. കലൂരിൽ നിന്ന് ഇൻഫോപാർക്കിലേക്കുള്ള രണ്ടാം ഘട്ടം ഒരു വർഷത്തിനുള്ളിൽ തീരും. 2025–26-ൽ 53 കോടി രൂപ ലാഭവും ദിവസം 1.25 ലക്ഷം യാത്രക്കാരുമായി കൊച്ചി മെട്രോ നാല് വർഷത്തെ മികച്ച പ്രവർത്തനം പൂർത്തിയാക്കി.

he detailed project report for Kochi Metro Phase 3 prioritises direct connectivity to Cochin International Airport while excluding the Angamaly railway station due to high land acquisition costs and technical hurdles.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT