Image by Canva canva
Business Clinic

മൂലധന സമാഹരണത്തിലെ വെല്ലുവിളികള്‍ എങ്ങനെ മറികടക്കാം?

എസ്എംഇ ഐപിഒയ്ക്ക് ഒരുങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടത്

Jimson David C

എസ്എംഇ ഐപിഒ (SME IPO)യിലൂടെ ഓഹരി വിപണിയുടെ ഭാഗമാകുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു സ്ഥാപനം എസ്എംഇ ഐപിഒയ്ക്ക് പോകാന്‍ തയാറെടുക്കുമ്പോള്‍ ഒരുപാട് പ്രക്രിയകളിലൂടെ കടന്നുപോകേണ്ടിവരും. അങ്ങനെ തയാറാകുന്ന കമ്പനികള്‍ പലതും ഐപിഒയ്ക്ക് പോകണമെന്നില്ല. പ്രൈവറ്റ് ഇക്വിറ്റിയായോ, വെഞ്ച്വര്‍ ക്യാപിറ്റലായോ ഒക്കെ മൂലധനം സമാഹരിക്കാന്‍ സാധിക്കും.

ചില സ്ഥാപനങ്ങള്‍ക്ക് മൂലധനം പുറത്തുനിന്ന് ആവശ്യമായി വന്നേക്കില്ല. അപ്പോള്‍ എസ്എംഇ ഐപിഒയ്ക്ക് വേണ്ടി സ്ഥാപനത്തെ തയാറാക്കുന്ന പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ ഒരു സ്ഥാപനത്തില്‍ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് മനസിലാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഒരു ചെറുകിട, ഇടത്തരം സ്ഥാപനം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളികള്‍ എന്താണെന്നും മേല്‍പ്പറഞ്ഞ SME IPO Readiness പ്രോസസിലൂടെ കടന്നുപോകുമ്പോള്‍ അത് ഈ വെല്ലുവിളികളെ നേരിടാന്‍ ആ സ്ഥാപനത്തെ പ്രാപ്തമാക്കുമോ എന്നും പരിശോധിക്കാം.

മൂലധന സമാഹരണം

മുമ്പത്തെ ലേഖനങ്ങളില്‍ വിശദീകരിച്ചതു പോലെ റിസ്‌കെടുത്ത് സ്ഥാപനത്തെ വികസനത്തിലേക്ക് നയിക്കുന്ന ഏതൊരാള്‍ക്കും അനുയോജ്യമായ ഒന്നാണ് ഓഹരി വിപണിയില്‍ നിന്നുള്ള മൂലധന സമാഹരണം. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വലിയ തുക സമാഹരിക്കുമ്പോള്‍ സ്ഥാപനത്തിന്റെ നല്ല ശതമാനം ഓഹരി ചിലരുടെ കൈകളില്‍ മാത്രം എത്തിച്ചേരും.

ഇത് സ്ഥാപനത്തിന്റെ നിയന്ത്രണത്തെയും ബാധിച്ചേക്കാം. എന്നാല്‍ എസ്എംഇ ഐപിഒ വഴി സമാഹരിക്കുമ്പോള്‍ വളരെ ചെറിയ ശതമാനമാണ് ഒരു വ്യക്തിയുടെ കയ്യില്‍ എത്തിച്ചേരുന്നത്. ആയതിനാല്‍ സ്ഥാപനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനെ കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. ഉയര്‍ന്ന പലിശ നിരക്കുള്ള ലോണിനേക്കാളും കടങ്ങളേക്കാളും ലാഭമുണ്ടെങ്കില്‍ മാത്രം വിഹിതം നല്‍കേണ്ട ഓഹരികള്‍ സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

പ്രതിഭയുള്ള ജീവനക്കാരെ ആകര്‍ഷിക്കല്‍

കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ പ്രതിഭയും ആത്മാര്‍ത്ഥതയും ഉള്ള നല്ല ജീവനക്കാരെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണെന്ന് നമ്മള്‍ ഇടപെടുന്ന സ്ഥാപന ഉടമകളെല്ലാം അംഗീകരിക്കുന്ന കാര്യമാണ്. ജോലി ചെയ്യാനായി ഒരു സ്ഥാപനം തിരഞ്ഞെടുക്കുമ്പോള്‍ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമെ പല കാര്യങ്ങളും ഒരു ഉദ്യോഗാര്‍ത്ഥി പരിഗണിക്കും. അറിയപ്പെടുന്ന ബ്രാന്‍ഡ്, വളര്‍ച്ചാ സാധ്യത, അവിടുത്തെ തൊഴില്‍ സംസ്‌കാരം, ESOP (Employeets ock ownership)കള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്. എസ്എംഇ ഐപിഒയ്ക്ക് വേണ്ടി ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും പ്രോസസ് ഇംപ്രൂവ്‌മെന്റും ചെയ്യുന്ന കമ്പനികളില്‍ ജോലി നേടാന്‍ ആളുകള്‍ക്ക് താല്‍പ്പര്യം കൂടുതലാണ്. കൂടാതെ ESOP കളിലൂടെയും മറ്റും സ്ഥാപനത്തിന്റെ ഭാഗമാകാന്‍ സാധിക്കുമ്പോള്‍ ഇതും യുവ പ്രതിഭകളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കും.

ഈ വിഷയത്തിലെ കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നുള്ള ലേഖനങ്ങളില്‍ ചര്‍ച്ച ചെയ്യാം.

(This article was originally published in Dhanam Business Magazine October 15th issue)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT