നമ്മള്‍ കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്ത കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കാം. വരാനിടയുള്ളവ പ്രവചിച്ച് ഇന്‍വെന്ററി മാനേജ് ചെയ്യുമ്പോള്‍ സംഭവിക്കാനിടയുള്ള കാര്യങ്ങളായിരുന്നു അത്. പ്രവചനമെന്നത് അവ്യക്തമായ ഒരു സംഭവമാണ്. അതിനായി വിദഗ്ധരെ നിയമിച്ച്, സോഫ്റ്റ്വെയറിനൊക്കെ പണം ചെലവിടേണ്ടതുണ്ടോ? ഇല്ല എന്നാണ് പറഞ്ഞുവരുന്നത്. ഒരു ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ആസ്പദമാക്കിയാണ് ഈ വിഷയത്തെ വിശകലനം ചെയ്യുന്നത്.
നമ്മള്‍ ഒരു ബിസിനസ് കോട്ട (Business Fotrress) കെട്ടിപ്പടുക്കുന്നതിന്റെ ആദ്യപടിയായി ഭാവി പ്രവചിക്കാന്‍ ശ്രമിക്കുന്നത് നിര്‍ത്തി, യാഥാര്‍ത്ഥ്യത്തോട് പ്രതികരിക്കണം. ഇതാണ് ഒരു സപ്ലൈ ചെയിനില്‍ (Supply Chain) നിന്നും ഡിമാന്‍ഡ് ചെയിനിലേക്കുള്ള (Demand Chain) മാറ്റം. ഡിമാന്‍ഡ് ചെയിനിന്റെ രഹസ്യായുധം എന്നത് ഡിമാന്‍ഡിന്റെ ഏകീകരണം (Aggregation of Demand) എന്ന തത്വമാണ്.
ഒരു ഒറ്റ യൂണിറ്റിലെ ഡിമാന്‍ഡ് വളരെ അസ്ഥിരവും പ്രവചനാതീതവുമാണെങ്കിലും പത്തോ, ഇരുപതോ യൂണിറ്റുകളിലുടനീളമുള്ള മൊത്തം ഡിമാന്‍ഡ് ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നത് പോലെ ശ്രദ്ധേയമാം വിധം സ്ഥിരതയുള്ളതാണ്.
Figure 1 കാണുക
നിങ്ങളുടെ ചരക്കുകളുടെ ഭൂരിഭാഗവും ഒരു കേന്ദ്രീകൃത സ്ഥലത്ത്- ഒരു സെന്‍ട്രല്‍ വെയര്‍ഹൗസില്‍ സൂക്ഷിക്കുകയും തൊട്ടുമുമ്പത്തെ ദിവസം യഥാര്‍ത്ഥത്തില്‍ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രം യൂണിറ്റുകളില്‍ വീണ്ടും സാധനങ്ങള്‍ നിറക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ബിസിനസിന്റെ മെക്കാനിക്കല്‍ എന്‍ജിനെ നിങ്ങള്‍ മാറ്റിമറിക്കുന്നു.
നിങ്ങള്‍ ഊഹിച്ചെടുക്കുന്നത് നിര്‍ത്തുകയും യഥാര്‍ത്ഥ വില്‍പനയോട് പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.
ചിത്രം രണ്ടില്‍ കാണിച്ചിരിക്കുന്നത് പോലെ സ്റ്റോക്കിന്റെ അളവ് തീരുമാനിക്കുന്നത് രോഗികളും വിതരണക്കാരും പോലുള്ള ബാഹ്യ ഘടകങ്ങളാണെന്നത് മാനേജ്മെന്റിലെ ഒരു പൊതുവായ തെറ്റിദ്ധാരണയാണ്.
Figure 2 കാണുക
യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ സ്റ്റോക്ക് ദിനങ്ങള്‍ രണ്ട് യാന്ത്രിക ഘടകങ്ങളാലാണ് തീരുമാനിക്കപ്പെടുന്നത്: സാധനങ്ങള്‍ വീണ്ടും നിറക്കുന്നതിന്റെ ആവൃത്തി (Frequency of Replenishment), ഓര്‍ഡര്‍ ചെയ്ത് സാധനം എത്തിച്ചേരാന്‍ എടുക്കുന്ന സമയം (Lead Time). നിങ്ങള്‍ മാസത്തിലൊരിക്കലാണ് സാധനങ്ങള്‍ വീണ്ടും നിറക്കുന്നതെങ്കില്‍ 30 ദിവസത്തെ സ്റ്റോക്ക് സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ നിങ്ങള്‍ ദിവസേനയാണ് സാധനങ്ങള്‍ വീണ്ടും നിറക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള കരുതല്‍ ശേഖരം എന്നൊന്ന് ഇല്ലാതാവുന്നു.
Figure 3 കാണുക
ലീഡ് ടൈം കുറക്കുന്നതിലൂടെയും സാധനങ്ങള്‍ വീണ്ടും നിറക്കുന്നതിന്റെ ആവൃത്തി വര്‍ധിപ്പിക്കുന്നതിലൂടെയും എപ്പോള്‍ ഓര്‍ഡര്‍ ചെയ്യണമെന്ന് സിസ്റ്റം തന്നെ നിങ്ങളോട് പറയും. സ്റ്റോക്ക് കുറവാണെങ്കില്‍, സിസ്റ്റം ഒരു ഓര്‍ഡറിനുള്ള അറിയിപ്പ് നല്‍കും. സ്റ്റോക്ക് കുറവല്ലെങ്കില്‍, നിലവിലുള്ള രീതിയില്‍ തന്നെ തുടരും.
സിസ്റ്റത്തില്‍ കുടുങ്ങിക്കിടക്കുന്ന ആകെ പണത്തിന്റെ അളവ് ഗണ്യമായി കുറക്കുന്നതോടൊപ്പം, സാധനങ്ങളുടെ പരമാവധി ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്ന ലളിതമായ രീതിയാണിത്. നിയന്ത്രണം വിതരണക്കാരനില്‍ നിന്നും ഉപഭോക്താവിലേക്ക് മാറ്റുന്നതിലൂടെ, നിങ്ങള്‍ ഇന്‍വെന്ററിയെ ഒരു ബാധ്യത എന്നതില്‍ നിന്ന് ചലനാത്മകമായ ഒരു ആസ്തിയാക്കി മാറ്റുന്നു.
എന്നാല്‍ ഈ മാറ്റത്തിന്റെ യഥാര്‍ത്ഥ വിജയം കയ്യിലുള്ള പണത്തിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ എങ്ങനെ അളക്കും?
ഈ പരമ്പരയുടെ അവസാന ഭാഗത്തില്‍, ഈ യാന്ത്രികമായ മാറ്റം നിങ്ങളുടെ 'നിക്ഷേപത്തില്‍ നിന്നുള്ള നേട്ട'ത്തെയും (ROI) പണ ലഭ്യതയെയും (Liquidtiy) എങ്ങനെ നേരിട്ട് സ്വാധീനിക്കുന്നുവെന്ന്, എന്റെ സമീപകാല കേസ് സ്റ്റഡികളില്‍ ഒന്നിലെ 31 ശതമാനം ഇന്‍വെന്ററി കുറക്കലിന്റെ യഥാര്‍ത്ഥ ഫലങ്ങള്‍ ഉപയോഗിച്ച് വിശദമാക്കാം.
ധനം മാഗസിനില്‍ ജൂണ്‍ 15 ലക്കം പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine