Business Kerala

സ്‌കൂളുകളെ സ്മാര്‍ട്ടാക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് കെല്‍ട്രോണിന് 1,000 കോടിയുടെ വമ്പന്‍ ഓര്‍ഡര്‍

അടുത്തിടെ ഒഡീഷയില്‍ നിന്നും സ്മാര്‍ട്ട് ക്ലാസുകള്‍ സ്ഥാപിക്കുന്നതിന് ഓര്‍ഡര്‍ ലഭിച്ചിരുന്നു

Dhanam News Desk

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് ആയിരം കോടി രൂപയുടെ വമ്പന്‍ കരാര്‍ സ്വന്തമാക്കി. മറ്റ് നിരവധി കമ്പനികളെ മറികടന്ന് മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയാണ് കെല്‍ട്രോണിന്റെ ഈ നേട്ടം. മൂന്ന് വിവിധ ടെന്‍ഡറുകള്‍ ആണ് കെല്‍ട്രോണ്‍ സ്വന്തമാക്കിയത്. ഇവയുടെ മൊത്തം മൂല്യം നികുതി ഉള്‍പ്പടെ 1,076 കോടി രൂപയാണ്.

7,985 സ്‌കൂളുകളില്‍ 8,209 ഹൈടെക് ഐ.ടി ലാബുകളും അവയുടെ ഏകോപനത്തിനായുള്ള കമാന്‍ഡ് ആൻഡ് കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിച്ച് പരിപാലനവും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെ നിര്‍വഹിക്കുന്നതിന് 519 കോടി രൂപയുടെ കരാറും 22,931 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിച്ച് അവയുടെ പരിശോധനയും കമ്മീഷനിംഗും അറ്റകുറ്റപ്പണികളും നടത്തുന്നതിനായി 455 കോടി രൂപയുടെ കരാറും പ്രൈമറി സ്‌കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79,723 ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍ നല്‍കുന്നതിനായി 101 കോടി രൂപയുടെ ഓര്‍ഡറുമാണ് പദ്ധതിയില്‍ ഉള്ളത്.

ഹൈടെക് ലാബുകളുടെ ഏകോപനം കേന്ദ്രീകൃതമായി കമാന്‍ഡ് ആൻഡ് കണ്‍ട്രോള്‍ സെന്റര്‍ വഴിയാണ് നിര്‍വഹിക്കുന്നത്. ഇതിന്റെ അഞ്ച് വര്‍ഷത്തേക്കുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ നിര്‍വഹിക്കും. സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ അഞ്ചു വര്‍ഷത്തെ ഓണ്‍സൈറ്റ് വാറണ്ടിയും സേവനവും കെല്‍ട്രോണ്‍ നല്‍കും.

തുടരെ കരാറുകള്‍

ഹൈടെക് ക്ലാസ് റൂമുകള്‍ ഒരുക്കുന്നതില്‍ 12 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയം കെല്‍ട്രോണിനുണ്ട്. കേരളത്തിലെ സ്‌കൂളുകളില്‍ കെല്‍ട്രോണ്‍ നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് ഓര്‍ഡര്‍ ലഭിക്കുന്നതിനുള്ള പ്രീക്വാളിഫിക്കേഷന് സഹായിച്ചത്. കൂടാതെ ഈ വര്‍ഷം ഒഡീഷയില്‍ നിന്നും സ്മാര്‍ട്ട്ക്ളാസുകള്‍ സ്ഥാപിക്കുന്നതിന് 168 കോടി രൂപയുടെ കരാര്‍ ലഭിച്ചതും സഹായകമായി. ഒറീസ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ (OCAC) നിന്ന് സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറായിരുന്നു അത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT