Business Kerala

മുന്നേറ്റ വഴികളിലേക്കൊരു സ്പാര്‍ക്ക്! ധനം ബിസിനസ് സമിറ്റ് ആന്റ് അവാര്‍ഡ് നൈറ്റ് നാളെ, അറിവിന്റെയും ആദരവിന്റെയും വേദി; നെറ്റ്‌വര്‍ക്കിംഗിന് അസുലഭ അവസരം

ഉച്ച കഴിഞ്ഞ് 3 മുതല്‍ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിലാണ് കേരളത്തിന്റെ ഈ മഹാ ബിസിനസ് സംഗമം

Dhanam News Desk

കേരളം കാത്തിരിക്കുന്ന ഏറ്റവും വലിയ ബിസിനസ് മാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം. അറിവും ആദരവും നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങളും സമ്മേളിക്കുന്ന 18-ാമത് ധനം ബിസിനസ് സമ്മിറ്റ് ആൻഡ് അവാർഡ് നൈറ്റ് നാളെ (ജൂൺ 25) കൊച്ചിയിൽ അരങ്ങേറും. മുത്തൂറ്റ് ഫിൻകോർപ് പ്രസന്റേഷൻ പാർട്ണറാകുന്ന ഈ സംഗമം ഉച്ചയ്ക്ക് 3 മണി മുതൽ കൊച്ചി ലേ മെറിഡിയൻ ഹോട്ടലിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വി.ഡി സതീശന്‍ സമിറ്റിനെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തെ പ്രമുഖ വ്യവസായികൾ, പ്രവാസി ബിസിനസ് ലീഡർമാർ, സ്റ്റാർട്ടപ്പ് പ്രതിഭകൾ, പ്രൊഫഷണലുകൾ, ബിസിനസ് വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന വൻ നിരയാണ് നാളെ കൊച്ചിയിൽ ഒത്തുചേരുന്നത്.

മാറ്റങ്ങളുടെ വിപണിയിൽ പുതിയ വിജയതന്ത്രങ്ങൾ

വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള ബിസിനസ് അന്തരീക്ഷത്തിൽ കേരളത്തിലെ സംരംഭകർക്ക് പുത്തൻ ഉൾക്കാഴ്ചകൾ നൽകുന്ന രണ്ട് സുപ്രധാന സെഷനുകളാണ് സമ്മിറ്റിന്റെ പ്രധാന ആകർഷണം.

ബിസിനസുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എങ്ങനെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്താമെന്ന് പ്രമുഖ എ.ഐ വിദഗ്ധന്‍ ഡോ. അങ്കുര്‍ നാരംഗ് നയിക്കുന്ന എക്‌സ്‌ക്ലൂസീവ് മാസ്റ്റര്‍ക്ലാസ്സിലൂടെ മനസിലാക്കാം.

ബി.എസ്.ഇയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി പങ്കാളിയായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള (Wealth Creation) തന്റെ അനുഭവങ്ങളും നിക്ഷേപ തന്ത്രങ്ങളും പങ്കുവെക്കുന്ന ഫയര്‍സൈഡ് ചാറ്റാണ് മറ്റൊരു ആകര്‍ഷണം.

സംരംഭകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ സുവർണ്ണാവസരം

കേവലം ഒരു കോൺഫറൻസ് എന്നതിനപ്പുറം, ബിസിനസ് രംഗത്തെ എല്ലാ മേഖലകളിലുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ധനം സമ്മിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സംരംഭകര്‍ക്ക് ബിസിനസ് അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താനും പുതിയ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാനും സഹായിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പുസ്തകങ്ങളില്‍ നിന്നുള്ള അറിവുകള്‍ക്കപ്പുറം, പ്രായോഗിക ബിസിനസ്സ് ലോകത്തെ വിജയഗാഥകളും വെല്ലുവിളികളും നേരിട്ട് മനസ്സിലാക്കാനും ഭാവി കരിയര്‍ രൂപപ്പെടുത്താനും മികച്ച അവസരമാണിത്.

പ്രമുഖ ഇന്‍വെസ്റ്റര്‍മാരുമായും വ്യവസായ പ്രമുഖരുമായും നേരിട്ട് സംവദിക്കാനും പുതിയ ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള നെറ്റ്‌വര്‍ക്കിംഗ് അവസരവും സമ്മിറ്റ് വേദിയിലുണ്ടാകും.

മെട്രോമാൻ ഡോ. ഇ. ശ്രീധരന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

കേരളത്തിന്റെ വ്യവസായ-വാണിജ്യ മേഖലയിലെ മികച്ച സംഭാവനകളെ ആദരിക്കുന്ന പ്രശസ്തമായ ധനം ബിസിനസ് എക്സലൻസ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. ഇന്ത്യയുടെ അഭിമാനമായ മെട്രോമാന്‍ ഡോ. ഇ. ശ്രീധരനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പുരസ്കാര ജേതാവ്. ഇതോടൊപ്പം വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച കേരളത്തിലെ മറ്റ് പ്രമുഖ സംരംഭകരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.

സീറ്റുകള്‍ പരിമിതം

ബിസിനസ് ലോകത്തെ ഈ വലിയ കൂട്ടായ്മയുടെ ഭാഗമാകാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. സീറ്റുകൾ പരിമിതമായതിനാൽ സമ്മിറ്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.dhanambusinesssummit.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഉടൻ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 90725 70065.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT