സാങ്കേതികവിദ്യാ രംഗത്തുണ്ടാകുന്ന അതിവേഗത്തിലുള്ള മാറ്റങ്ങൾക്കനുസരിച്ച് തൊഴിൽ മേഖലയിലെ നൈപുണ്യ ആവശ്യകതകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നും, ഇതിനെ നേരിടാൻ കേരളം സജ്ജമാകണമെന്നും വിദഗ്ധർ. 2030-ഓടെ നിലവിലുള്ള തൊഴിൽ നൈപുണ്യങ്ങളിൽ ഏകദേശം 70 ശതമാനവും അപ്രസക്തമാകുമെന്നും, നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് 57 ശതമാനം പ്രവൃത്തിസമയവും ഓട്ടോമേറ്റ് ചെയ്യാൻ സാധിക്കുമെന്നും കൊച്ചിയിൽ നടന്ന സി.ഐ.ഐ (CII) കേരള എച്ച്.ആർ കോൺക്ലേവ് 2026-ൽ സംസാരിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടു.
കോൺക്ലേവ് ഉദ്ഘാടനം ചെയ്ത സംസ്ഥാന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ, കേരളത്തിലെ തൊഴിൽ സേനയുടെ നൈപുണ്യവും ഗുണനിലവാരവും ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. സംസ്ഥാനത്തെ വളർച്ചാ സാധ്യതകൾ ചൂണ്ടിക്കാട്ടിയ മന്ത്രി, യുവ ബിരുദധാരികൾക്ക് ഏറ്റവും പുതിയ നൈപുണ്യങ്ങളും അറിവും നേടിക്കൊടുക്കാൻ വ്യവസായ-വാണിജ്യ പ്രമുഖർ പ്രത്യേക ശ്രദ്ധ നൽകണമെന്നും ആവശ്യപ്പെട്ടു. തൊഴിൽ മേഖലയിൽ വനിതകളുടെ കരിയർ വളർച്ച ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു.
നിർമ്മിത ബുദ്ധിയും (AI) ഇൻഫർമേഷൻ പ്രോസസിംഗ് സാങ്കേതികവിദ്യയും 2030-ഓടെ തങ്ങളുടെ ബിസിനസുകളെ മാറ്റിമറിക്കുമെന്ന് ആഗോളതലത്തിലെ 86 ശതമാനം വ്യവസായ പ്രമുഖരും കരുതുന്നതായി സി.ഐ.ഐ കേരള ചെയർമാൻ ജോസഫ് എം. കള്ളിവയലില്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ മനുഷ്യവിഭവശേഷിയുടെ പ്രാധാന്യം ഏറെ വലുതാണെന്നും, ഏതൊരു മാറ്റത്തിനും പിന്നിലെ യഥാർത്ഥ ശക്തി മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ തൊഴിലിനോടുള്ള വിരക്തി (Employee Disengagement) വ്യവസായ ലോകം നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്ന് ഷ്നൈഡർ ഇലക്ട്രിക് (Schneider Electric) മുൻ സി.എച്ച്.ആർ.ഒ ബിനു ഫിലിപ്പ് അഭിപ്രായപ്പെട്ടു. 'ഗാലപ്പ് സ്റ്റേറ്റ് ഓഫ് ദി ഗ്ലോബൽ വർക്ക്പ്ലേസ് 2026' റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്, ജീവനക്കാരുടെ ആത്മാർത്ഥമായ പങ്കാളിത്തമില്ലായ്മ മൂലം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 10 ട്രില്യൺ യു.എസ് ഡോളറിന്റെ നഷ്ടമുണ്ടാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2030-ൽ കേരളത്തിലെ തൊഴിൽ വിപണിക്ക് വേണ്ടത് വെറും ബിരുദങ്ങളല്ല, മറിച്ച് പുതിയ കാലത്തിനനുസരിച്ചുള്ള നൈപുണ്യങ്ങളാണെന്ന് സി.ഐ.ഐ കേരള പീപ്പിൾ കൾച്ചർ ആൻഡ് റിജുവനേഷൻ പാനൽ കൺവീനറും എലൈറ്റ് ഫുഡ്സ് ഗ്രൂപ്പ് എച്ച്.ആർ മേധാവിയുമായ ഡൊമിനിക് ജോസ് പറഞ്ഞു. 2030-ഓടെ പ്രധാന തൊഴിൽ നൈപുണ്യങ്ങളിൽ 40 ശതമാനത്തോളം മാറുമെന്നും, 'ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2026' പ്രകാരം 72 ശതമാനം തൊഴിൽക്ഷമതയുള്ള യുവാക്കളുമായി കേരളം രാജ്യത്ത് നാലാം സ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്ഘാടന സമ്മേളനത്തിൽ മുത്തൂറ്റ് ഫിൻകോർപ്പ് സി.എച്ച്.ആർ.ഒ സുരേഷ് കുമാർ ശിവരാജ്, ഐ.ബി.എസ് സോഫ്റ്റ്‌വെയർ ലേണിംഗ് ആൻഡ് ഡെവലപ്‌മെന്റ് മേധാവി ഗണേഷ് ഡി. അയ്യർ എന്നിവരും സംസാരിച്ചു.
കോൺക്ലേവിന്റെ ഭാഗമായി നടന്ന വിവിധ സെഷനുകളിലും പാനൽ ചർച്ചകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ എച്ച്.ആർ വിദഗ്ധർ പങ്കെടുത്തു. സുനിൽ ജോബ് (സി.എച്ച്.ആർ.ഒ, സിന്തൈറ്റ് ഇൻഡസ്ട്രീസ്), പ്രശാന്ത് നായർ (സി.എച്ച്.ആർ.ഒ, ക്രോംപ്ടൺ ഗ്രീവ്സ്), കവിത കുറുപ്പ് (മുൻ സി.പി.ഒ, സയന്റ്), അജിത് കുമാർ (ഇന്ത്യ സെയിൽസ് മേധാവി, സോക്സോഡേ), റോളി പവാർ (പാർട്ണർ, കെ.പി.എം.ജി ഇന്ത്യ), സന്തോഷ് കുമാർ (വൈസ് ചെയർമാൻ, സി.ഐ.ഐ കേരള & ഡയറക്ടർ, ഹാരിസൺസ് മലയാളം), രാഹുൽ രാമൻ നായർ (സി.എച്ച്.ആർ.ഒ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ്), പ്രൊഫ. പി. പത്മകുമാർ (രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്), നീന ഭാസ്കർ (ഡയറക്ടർ, എന്റർപ്രൈസ് സൊല്യൂഷൻസ്, എമിറേറ്റ്സ്), പ്രൊഫ. ടി.എൻ. കൃഷ്ണൻ (ഐ.ഐ.എം കോഴിക്കോട്), എസ്.ഡി. സതീഷ് ചന്ദ്ര (എച്ച്.ആർ മേധാവി, എൽ ആൻഡ് ടി കൺസ്ട്രക്ഷൻസ്), രാജനാരായണൻ എൻ. (സി.എച്ച്.ആർ.ഒ, ഫെഡറൽ ബാങ്ക്) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Industry leaders at the CII Kerala HR Conclave 2026 in Kochi highlighted the urgent need for workforce reskilling in the AI era, while State Labour Minister Bindu Krishna pledged government backing to boost youth employability and women's career growth.
Read DhanamOnline in English
Subscribe to Dhanam Magazine