Business Kerala

ഒറ്റ ബ്രാൻഡിന് കീഴിൽ ആറു ബിസിനസുകൾ; പുതിയ കോർപ്പറേറ്റ് ഐഡന്‍റിറ്റിയുമായി അബാദ് ഗ്രൂപ്പ്

സമുദ്രാത്പന്ന കയറ്റുമതി, ഫ്രോസൺ ഫുഡ്സ്, റീട്ടയിൽ, ഹോസ്പിറ്റാലിറ്റി, ആയുർവേദം, റിയൽ എസ്റ്റേറ്റ്, ഇന്റീരിയർ സൊല്യൂഷൻസ്, പ്രോപ്പർട്ടി മാനേജ്‌മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ ഗ്രൂപ്പിന് ശക്തമായ സാന്നിധ്യം

Dhanam News Desk

കേരളത്തിലെ പ്രമുഖ ബിസിനസ് പ്രസ്ഥാനങ്ങളിലൊന്നായ അബാദ് ഗ്രൂപ്പ് (ABAD Group), തങ്ങളുടെ വൈവിധ്യമാർന്ന ബിസിനസ് സംരംഭങ്ങളെ ഒരൊറ്റ ഏകീകൃത ബ്രാൻഡ് ഘടനയ്ക്ക് കീഴിൽ അണിനിരത്തിക്കൊണ്ട് പുതിയ കോർപ്പറേറ്റ് ഐഡന്റിറ്റി പുറത്തിറക്കി. ഗ്രൂപ്പിന്റെ വ്യാപ്തിയും സവിശേഷതകളും പ്രതിഫലിപ്പിക്കുന്നതിനൊപ്പം എല്ലാ ബിസിനസ് മേഖലകളിലും ഒരൊറ്റ പേരിന്റെ സ്വീകാര്യതയും മൂല്യവും കൂടുതൽ ശക്തിപ്പെടുത്താനാണ് ഏകീകരണം വഴി ലക്ഷ്യമിടുന്നത്.

നൂറ്റാണ്ടിന്റെ സംരംഭകത്വ പാരമ്പര്യം

1931-ൽ കൊച്ചിയിൽ നിന്ന് ഉണക്കെച്ചെമ്മീൻ കയറ്റുമതി ചെയ്തുകൊണ്ട് പ്രവർത്തനം ആരംഭിച്ച അബാദ് ഗ്രൂപ്പിന് അഞ്ച് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം ഒരു നൂറ്റാണ്ടിന്റെ സംരംഭകത്വ പാരമ്പര്യമാണുള്ളത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ 'മേയ്ഡ് ഇൻ കേരള' സംരംഭത്തിൽ അയ്യായിരത്തിലധികം (5,000) ജീവനക്കാർ ജോലി ചെയ്യുന്നതായി അബാദ് ഗ്രൂപ്പ് സാരഥികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വൈവിധ്യമാർന്ന ബിസിനസ് മേഖലകൾ

ഇന്ന് സമുദ്രാത്പന്ന കയറ്റുമതി, ഫ്രോസൺ ഫുഡ്സ്, റീട്ടയിൽ, ഹോസ്പിറ്റാലിറ്റി, ആയുർവേദം, റിയൽ എസ്റ്റേറ്റ്, ഇന്റീരിയർ സൊല്യൂഷൻസ്, പ്രോപ്പർട്ടി മാനേജ്‌മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ അബാദ് ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്:

അബാദ് ഫിഷറീസ് (ABAD Fisheries): ദക്ഷിണേന്ത്യയിലുടനീളമുള്ള 14 ലോകോത്തര ഫാക്ടറികളും, പ്രതിദിനം 300 മെട്രിക് ടൺ സംസ്കരണ ശേഷിയും, 25,000 മെട്രിക് ടൺ കോൾഡ് സ്റ്റോറേജ് സൗകര്യവുമുള്ള ഇന്ത്യയിലെ പ്രമുഖ സമുദ്രാത്പന്ന സംസ്കരണ സ്ഥാപനമാണിത്.

അബാദ് ഹോട്ടൽസ് (ABAD Hotels): കേരളത്തിലെ ഒമ്പത് പ്രധാന കേന്ദ്രങ്ങളിലായി 16 പ്രോപ്പർട്ടികളിലൂടെ 500-ലധികം മുറികൾ ഒരുക്കിയിട്ടുണ്ട്. ഹെറിറ്റേജ്, ബീച്ച്, ഹിൽ-സ്റ്റേഷൻ റിസോർട്ടുകളും നഗര ഹോട്ടലുകളും ആയുർവേദ വെൽനസ് കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അബാദ് ബിൽഡേഴ്‌സ് (ABAD Builders): കേരളത്തിലെ ആദ്യത്തെ ക്രിസിൽ (CRISIL) റേറ്റിങ് ലഭിച്ച ഡെവലപ്പറായ ഇവർ, 1995 മുതൽ 49 പ്രോജക്ടുകളിലായി 50 ലക്ഷത്തിലധികം (5 മില്യൺ) ചതുരശ്രയടി നിർമ്മാണം പൂർത്തിയാക്കി 3,500-ലധികം കുടുംബങ്ങൾക്ക് ഭവനമൊരുക്കിയിട്ടുണ്ട്.

അബാദ് ഫുഡ്സ് (ABAD Foods): 25 ഹബ്ബുകളും 100-ലധികം റീഫ്രിജറേറ്റഡ് വാഹനങ്ങളുമടങ്ങുന്ന കോൾഡ്-ചെയിൻ ശൃംഖലയിലൂടെ 20,000-ത്തിലധികം ഹോറെക (HoReCa) ഉപഭോക്താക്കൾക്ക് ഫ്രോസൺ ഫുഡ് ഉൽപ്പന്നങ്ങൾ എത്തിക്കുന്നു.

ഇന്റീരിയേഴ്‌സ് & പ്രോപ്പർട്ടി മാനേജ്‌മെന്റ്: അബാദ് ഇന്റീരിയേഴ്‌സ് (ABAD Interiors) സമ്പൂർണ ഡിസൈനിംഗും നിർവഹണവും ഉറപ്പാക്കുമ്പോൾ, അബാദ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസസ് (APMS) ഫെസിലിറ്റീസ് മാനേജ്‌മെന്റ് സേവനങ്ങൾ ലഭ്യമാക്കുന്നു.

അഞ്ച് വര്‍ഷത്തിനുളളില്‍ ഐപിഒ നടത്തുന്നതിനുളള തയാറെടുപ്പുകളിലാണ് ഗ്രൂപ്പ്. നിലവിലുളള മേഖലകള്‍ക്ക് പുറമെ ഹെല്‍ത്ത്കെയര്‍ മേഖലയിലേക്ക് കൂടി കടക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. "സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നു, 1931 മുതൽ" എന്ന ആപ്തവാക്ക്യവുമായി മൂല്യങ്ങൾ, വിശ്വസ്തത, ഗുണനിലവാരം എന്നിവ മുൻനിർത്തിയാണ് അബാദ് ഗ്രൂപ്പ് അടുത്ത വളർച്ചാഘട്ടത്തിലേക്ക് കടക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ അബാദ് ഗ്രൂപ്പ് ചെയർമാൻ എമെറിറ്റസ് സക്കറിയ ഉസ്മാൻ, അബാദ് ഗ്രൂപ്പ് ചെയർമാൻ അൻവർ ഹാഷിം, അബാദ് ഹോട്ടൽസ് മാനേജിംഗ് ഡയറക്ടർ റിയാസ് അഹമ്മദ്, അബാദ് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ ഡോ. നജീബ് സക്കറിയ, അബാദ് ഗ്രൂപ്പ് ഡയറക്ടർ ഷെറാസ് അൻവർ, അബാദ് ഫുഡ്സ് സിഇഒ ഫറാസ് ജാവീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT