സ്വപ്രയത്‌നം കൊണ്ട് സ്ഥാപിക്കപ്പെട്ട പ്രസ്ഥാനത്തെ ഉയരങ്ങളിലേക്കെത്തിക്കാന്‍ 20 വര്‍ഷത്തോളം കഠിനാധ്വാനം നടത്തുക. വളര്‍ച്ചയുടെ മറ്റൊരു നാഴികക്കല്ല് താണ്ടാന്‍ തയാറെടുക്കുമ്പോള്‍ കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെടുക. ആരെയും ഒന്നു തളര്‍ത്തുന്ന ഈ ദുരനുഭവങ്ങള്‍ പക്ഷേ, ഡോ. അഡ്വ.എ. ഷംസുദ്ദീന് സമ്മാനിച്ചത് ഉരുക്ക് ചിറകുകളാണ്. ഉയരങ്ങളിലേക്ക് പറക്കവേ അരിഞ്ഞുവീഴ്ത്തപ്പെട്ട ചിറകുകള്‍ അതിവേഗം തുന്നിച്ചേര്‍ത്ത് ഷംസുദ്ദീന്‍ വീണ്ടും പറന്നുയര്‍ന്നു. ഫലമോ, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിംഗ് നടത്തുന്ന വടക്കന്‍ കേരളം ആസ്ഥാനമായുള്ള ആദ്യ കമ്പനിയുടെ സാരഥിയെന്ന് ചരിത്രത്താളുകളില്‍ അദ്ദേഹത്തിന്റെ പേര് കുറിക്കപ്പെട്ടു.
അബേറ്റ് എഎസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന ഈ കമ്പനിയും അതിന്റെ ചെയര്‍മാന്‍ ഡോ. അഡ്വ. എ. ഷംസുദ്ദീനും പങ്കുവെയ്ക്കുന്ന ത്രസിപ്പിക്കുന്ന കഥയിലുണ്ടൊരു പാഠം- ഇച്ഛാശക്തി കൊണ്ട് കീഴടക്കാനാവാത്തതായി ഒന്നുമില്ല.
അഭിമുഖത്തിന്റെ പൂര്‍ണ രൂപം കാണാന്‍ ലിങ്കില്‍ക്ലിക്ക് ചെയ്യുക
പെരിന്തല്‍മണ്ണയില്‍ ജനിച്ചുവളര്‍ന്ന ഷംസുദ്ദീന് സമൂഹത്തിലൊരുക്കേണ്ട കാര്യങ്ങളെ കുറിച്ച് ഏപ്പോഴുമൊരു ചിന്തയുണ്ടായിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അതുകൊണ്ട് സ്വന്തം നാട്ടില്‍, 1986-87 കാലഘട്ടത്തില്‍ എസ്ടിഡി ബൂത്ത് തുറന്നു. ''ഞങ്ങളുടെ നാട്ടിലെ ഓരോ വീട്ടില്‍ നിന്നും ആരെങ്കിലുമുണ്ടാകും ഗള്‍ഫ് നാടുകളില്‍. അവരുമായി സംസാരിക്കാന്‍ ട്രങ്ക് കോള്‍ ബുക്ക് ചെയ്തും മറ്റും ഉറ്റവര്‍ രണ്ടോ മൂന്നോ മണിക്കൂര്‍ കാത്തിരിക്കുന്ന കാലം. പെരിന്തല്‍മണ്ണയില്‍ എന്നല്ല, സമീപ നാടുകളിലൊന്നും അക്കാലത്ത് എസ്ടിഡി ബൂത്തുണ്ടായിരുന്നില്ല. അങ്ങനെയാണ് നാട്ടിലൊരു എസ്ടിഡി ബൂത്ത് തുറന്നത്.''
നിയമപഠനം കഴിഞ്ഞ് വക്കീലായപ്പോഴും ഷംസുദ്ദീന്റെ മനസില്‍ നിറയെ ബിസിനസായിരുന്നു. ഗള്‍ഫില്‍ ബിസിനസ് കെട്ടിപ്പടുത്തുകൊണ്ടാണ് സ്വപ്നത്തിന് പിന്നാലെ അദ്ദേഹം സഞ്ചരിച്ചത്. പക്ഷേ ജന്മനാട്ടിലെത്തുമ്പോഴെല്ലാം ഒരു കാര്യം അദ്ദേഹത്തെ അലട്ടിയിരുന്നു. ''അക്കാലത്ത് ഞങ്ങളുടെ നാട്ടിലുള്ളവര്‍ കണ്ണിന്റെ അസുഖങ്ങള്‍ ചികിത്സിക്കാനായി കോയമ്പത്തൂരിലേക്കും മറ്റുമാണ് പോയിരുന്നത്. നമ്മുടെ നാട്ടില്‍ തന്നെ എന്തുകൊണ്ട് നല്ലൊരു കണ്ണാശുപത്രി കെട്ടിപ്പടുത്തുകൂടാ എന്ന ചിന്ത വന്നത് അതില്‍ നിന്നാണ്,'' ഷംസുദ്ദീന്‍ പറയുന്നു. അതിന് തുടക്കമിട്ടപ്പോഴാണ് ഫണ്ട് സമാഹരണത്തിനുള്ള വഴികളെ കുറിച്ചും പുതിയ ചിന്തകള്‍ വന്നത്.
''ഞാന്‍ അടിയുറച്ചൊരു വിശ്വാസിയാണ്.എന്റെ വിശ്വാസപ്രകാരം പലിശ നിഷിദ്ധവുമാണ്. ബാങ്ക് വായ്പ എടുക്കാതെ എങ്ങനെ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാമെന്ന ചിന്തയില്‍ നിന്നാണ് പ്രവാസി സുഹൃത്തുക്കള്‍ പലരും എത്തിക്കലായ ബിസിനസില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സമൂഹത്തിനും നിക്ഷേപകര്‍ക്കും ഒരുപോലെ ഗുണംചെയ്യുന്ന പുതിയ ബിസിനസ് മോഡല്‍ അങ്ങനെയാണ് ഉരുത്തിരിഞ്ഞു വന്നത്. 2001ല്‍ എന്റെയും ജ്യേഷ്ഠ സഹോദരന്‍ മുഹമ്മദ് കുട്ടിയുടെയും വീടുകളിലൊക്കെ വെച്ചാണ് നിക്ഷേപകരെ വിളിച്ചുകൂട്ടി യോഗങ്ങള്‍ നടത്തിയത്. ഒരുലക്ഷം മുതല്‍ 10 ലക്ഷം വരെ നിക്ഷേപം നടത്തിയ 300 പേരുടെ കൂട്ടായ്മയുടെ പിന്‍ബലത്തില്‍ പെരിന്തല്‍മണ്ണയില്‍ അത്യാധുനിക കണ്ണാശുപത്രി അങ്ങനെ യാഥാര്‍ത്ഥ്യമായി,'' ധനസമാഹരണത്തെ കുറിച്ച് ഷംസുദ്ദീന്‍ പറയുന്നു.
വടക്കന്‍ കേരളം അതുവരെ കാണാത്ത വിധമുള്ള സജ്ജീകരണങ്ങളാണ് ഷംസുദ്ദീന്‍ കണ്ണാശുപത്രിയില്‍ ഒരുക്കിയത്. നേത്ര ചികിത്‌സാ രംഗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്ത ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചിരുന്ന വിദഗ്ധരായ ഡോക്ടര്‍മാരെ ക്ഷണിച്ചുകൊണ്ട് ചികിത്സാവിഭാഗം ഏറ്റവും മികച്ചതാക്കി. അതിനനുസൃതമായി ഒപ്‌റ്റോമെട്രി, പാരാമെഡിക്കല്‍ വിഭാഗത്തെയും സജ്ജീകരിച്ചു. അഡ്മിനിസ്ട്രേഷന്‍ രംഗത്തും പ്രൊഫഷണല്‍ മികവുണ്ടാക്കി. ''ഓരോ മൂന്ന് മാസത്തിലും ഡയറക്റ്റര്‍ ബോര്‍ഡ് യോഗങ്ങള്‍ ചേര്‍ന്ന് എല്ലാം സൂക്ഷ്മ വിശകലനം നടത്തി. ഇന്റേണല്‍ ഓഡിറ്റിംഗിന് പുറമേ പുറത്തുനിന്നുള്ള സംഘത്തിന്റെ ഓഡിറ്റിംഗും സ്ഥാപനത്തിലുണ്ടായി.'' കരുത്തുറ്റ ഈ അടിത്തറയും ശക്തമായ നേതൃത്വവും കണ്ണാശുപത്രിയെ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ടിരുന്നു.
ഇതിനിടെയാണ് ഗള്‍ഫ് നാടുകളില്‍ സാമ്പത്തിക പ്രതിസന്ധി തലപൊക്കി തുടങ്ങിയത്. നിക്ഷേപകരില്‍ പലര്‍ക്കും അവിടെയുണ്ടായിരുന്ന ബിസിനസുകള്‍ നഷ്ടം കാരണം അടച്ചുപൂട്ടേണ്ടി വന്നു. ചിലര്‍ പ്രായം കാരണം ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചു. അവരുടെ കൂടെ നിക്ഷേപത്താല്‍ കെട്ടിപ്പടുത്തിരിക്കുന്ന കണ്ണാശുപത്രിയില്‍ ജോലിയും മറ്റും അവരും ആഗ്രഹിക്കാന്‍ തുടങ്ങി. ''അത് സ്വാഭാവികമാണല്ലോ? നാട്ടില്‍ വന്ന് അവര്‍ വെറുതെ എത്രകാലം ഇരിക്കും. പക്ഷേ 60 വയസും അതിനുമുകളിലുമൊക്കെ പ്രായമുള്ളവരെയും ഹെല്‍ത്ത്‌കെയര്‍ രംഗത്ത് ഗള്‍ഫില്‍ സംരംഭങ്ങള്‍ നടത്തി പരാജയപ്പെട്ടവരെയുമൊക്കെ ഉള്‍ക്കൊള്ളാന്‍ ആശുപത്രിക്ക് സാധിക്കുമായിരുന്നില്ല,'' ഷംസുദ്ദീന്‍ പറയുന്നു.
നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാകാനും വടക്കന്‍ കേരളത്തിന്റെ സംരംഭകത്വ മികവ് ദേശീയതലത്തില്‍ ശ്രദ്ധേയമാക്കാനും ഷംസുദ്ദീന്‍ ആ കമ്പനിയെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ''സംരംഭകത്വ മികവ് ഏറെയുള്ളവരാണ് വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍. പക്ഷേ ബിഎസ്ഇയില്‍ അവിടെ നിന്നൊരു കമ്പനിയില്ലായിരുന്നു. ഇതിനെക്കുറിച്ച് വേണ്ടത്ര അറിവുകള്‍ ഇല്ലാത്തതാണ് ഒരു ലിസ്റ്റഡ് കമ്പനി എന്നതിലേക്ക് സംരംഭകര്‍ക്ക് എത്താന്‍ കഴിയാത്തത് എന്നാണ് ഞാന്‍ കരുതുന്നത്. കമ്പനി ലിസ്റ്റ് ചെയ്താല്‍ പലതുണ്ട് ഗുണം.
സെബിയുടെയും ബിഎസ്ഇയുടെയും ചട്ടങ്ങള്‍ക്ക് വിധേയമാകുന്നതോടെ സുതാര്യത, പ്രൊഫഷണലിസം,കെട്ടുറപ്പ് എല്ലാം സ്വാഭാവികമായും വരും. മാത്രമല്ല നിക്ഷേപകര്‍ക്ക് പലമടങ്ങ് നേട്ടം ലഭിക്കാനുള്ള അവസരവും ഒരുങ്ങും. പക്ഷേ അതിനിടയിലാണ് പല ദുരനുഭവങ്ങളും നേരിടേണ്ടി വന്നത്,'' ഷംസുദ്ദീന്‍ വിവരിക്കുന്നു.
കണ്ണാശുപത്രിയില്‍ ജോലി ലഭിക്കാത്തതും, ലിസ്റ്റഡ് കമ്പനിയുടെ അധികാരം ലഭിക്കാത്തതും, അങ്ങനെ പലതും ഒരു വിഭാഗം ഡയറക്റ്റര്‍മാരുടെ അനിഷ്ടത്തിന് കാരണമായി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പലതും വന്നു. ''ആരോപണത്തിന് മൂര്‍ച്ചയേറിയതോടെ കമ്പനി നിയമങ്ങളില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്ത ഷെയര്‍ ഹോള്‍ഡര്‍മാരും തെറ്റിദ്ധരിക്കപ്പെട്ടു. ഒടുവില്‍ തെറ്റിദ്ധാരണയുടെ പേരില്‍ ജനറല്‍ ബോഡിയില്‍ വെച്ച് ഞാന്‍ പുറത്താക്കപ്പെട്ടു,'' രണ്ട് പതിറ്റാണ്ടോളം അത്യധ്വാനം ചെയ്ത് കെട്ടിപ്പടുത്ത പ്രസ്ഥാനത്തില്‍ നിന്നുള്ള പടിയിറക്കത്തെ കുറിച്ച് ഷംസുദ്ദീന്‍ വിവരിക്കുന്നു.
ജനങ്ങള്‍ കണ്ടുപരിചയിച്ച ആശുപത്രി സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഷംസുദ്ദീന്‍ എല്ലാ കണ്ണാശുപത്രികളിലും സൃഷ്ടിച്ചത്. ഡോക്ടര്‍മാരും ജീവനക്കാരും ഒരു കുടുംബം പോലെ അവിടെ ഒരുമിച്ചു നിന്നു. ഷംസുദ്ദീന്റെ പടിയിറക്കം ഡോക്ടര്‍മാരെയും ഒപ്‌റ്റോമെട്രി, പാരാമെഡിക്കല്‍, അനുബന്ധ ജീവനക്കാരെയും വേദനിപ്പിച്ചു. ''സത്യത്തില്‍ തുടര്‍ന്ന് കേരളത്തില്‍ നില്‍ക്കാന്‍ എനിക്ക് മോഹമില്ലായിരുന്നു. ഗള്‍ഫില്‍ തിരിച്ചുപോയി അവിടെ ശിഷ്ടകാലം ബിസിനസ് തുടരാനായിരുന്നു ആദ്യ തീരുമാനം. പക്ഷേ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. കൂടാതെ സാമൂഹ്യ, രാഷ്ട്രീയ, മതനേതൃത്വത്തിലുള്ള പലരും എന്നില്‍ വിശ്വാസം അര്‍പ്പിച്ച് ഇവിടെ തന്നെ തുടരണമെന്ന് സ്നേഹപൂര്‍വം നിര്‍ബന്ധിച്ചു.'' ഷംസുദ്ദീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഴുവന്‍ ഡോക്ടര്‍മാരും 90 ശതമാനം മറ്റ് ജീവനക്കാരും കണ്ണാശുപത്രിയില്‍ നിന്ന് രാജിവെച്ചു. സമാനമായ മറ്റൊരു കണ്ണാശുപത്രി പെരിന്തല്‍മണ്ണയില്‍ തന്നെ കെട്ടിപ്പടുക്കാന്‍ ഇവര്‍ ഷംസുദ്ദീനോട് അഭ്യര്‍ത്ഥിച്ചു. ''രാജി സമര്‍പ്പിച്ചവരുടെ നോട്ടീസ് പിരീഡ് കഴിഞ്ഞ ഉടന്‍, ഒരു മാസംകൊണ്ട് അബേറ്റ് ഐ ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യം ഒപി വിഭാഗവും അധികം വൈകാതെ മറ്റ് വിഭാഗങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനസജ്ജമായി,'' ഷംസുദ്ദീന്‍ പറയുന്നു.
എവിടെയാണോ നിര്‍ത്തിയത് അവിടെ നിന്ന് തന്നെ ഷംസുദ്ദീന്‍ വീണ്ടും തുടങ്ങി. അബേറ്റിനെ അങ്ങേയറ്റം പ്രൊഫഷണലായ സ്ഥാപനമായി ആദ്യ ദിനം മുതല്‍ കെട്ടിപ്പടുത്തു. സിഒഒ, സിടിഒ, സിഎഫ്ഒ തുടങ്ങിയ എല്ലാ റോളുകളിലേക്കും വിദഗ്ധരെ നിയമിച്ചു. മെഡിക്കല്‍ ഡയറക്റ്റര്‍ ഡോ. മുഹമ്മദ് സ്വാദിഖിന്റെ നേതൃത്വത്തില്‍ ഡോ. എം.എ സഫറുള്ള, ഡോ. രാജേഷ് പി തുടങ്ങി പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘം അബേറ്റില്‍ സജ്ജമായി.
യുഎസ്, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ഷംസുദ്ദീന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ നേത്രചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലെ സൗകര്യങ്ങളും ടെക്‌നോളജിയും നേരിട്ട് കണ്ടറിഞ്ഞു. ''അത്തരം സന്ദര്‍ശന വേളയില്‍ ലഭിക്കുന്ന പുതിയ അറിവുകള്‍ അപ്പപ്പോള്‍ ടീമിനോട് ചര്‍ച്ച ചെയ്തു. ഇന്ന് പെരിന്തല്‍മണ്ണ അബേറ്റ് ഐ ഹോസ്പിറ്റലില്‍ അത്യാധുനിക സജ്ജീകരണങ്ങളുടെ നീണ്ടനിര തന്നെയുണ്ട്,'' ഷംസുദ്ദീന്‍ പറയുന്നു. ഇതോടെ മിഡില്‍ ഈസ്റ്റില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും, എന്തിന് യൂറോപ്പില്‍ നിന്ന് വരെ നേത്ര രോഗ ചികിത്സയ്ക്കായി ആളുകള്‍ പെരിന്തല്‍മണ്ണ അബേറ്റിലേക്ക് വരാന്‍ തുടങ്ങി.
''ബിഎസ്ഇയുടെ 150 വര്‍ഷത്തെ ചരിത്രത്തില്‍ വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഒരു കമ്പനിപോലും അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല. അബേറ്റിലൂടെ ചരിത്രം കുറിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിച്ചത്. അബേറ്റിന്റെ നട്ടെല്ലായ ഡോക്ടര്‍മാരെയെല്ലാം ചേര്‍ത്താണ് കമ്പനി രൂപീകരിച്ചത്. റിവേഴ്‌സ് മെര്‍ജര്‍ രീതിയായിരുന്നു ലിസ്റ്റിംഗിനായി അവലംബിച്ചത്. ഇതിന് സഹായിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സജീത്ത്, ഗുജറാത്തില്‍ നിന്നുള്ള രൂപാല്‍ പട്ടേല്‍ എന്ന സുഹൃത്തുക്കളും അവര്‍ അടങ്ങുന്ന പബ്ലിക് എഡ്ജ് എന്ന കമ്പനിയെയും ഞാന്‍ ഒരിക്കലും മറക്കില്ല. അവരോട് എനിക്ക് പറഞ്ഞാല്‍ തീരാത്തത്ര കടപ്പാടുണ്ട്,'' ഷംസുദ്ദീന്‍ പറയുന്നു. അബേറ്റ് എഎസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനി വടക്കന്‍ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിക്കൊണ്ട് അങ്ങനെ ബിഎസ്ഇയില്‍ ഇടംനേടി.
സ്വന്തം നാട്ടില്‍ നിന്ന് നേത്ര ചികിത്സയ്ക്ക് ആളുകള്‍ കോയമ്പത്തൂരിലേക്ക് പോകുന്നത് കണ്ടാണ് ഷംസുദ്ദീന്‍ കണ്ണാശുപത്രി സ്ഥാപിച്ചതെങ്കില്‍ ഇന്ന് ചെന്നൈ അടക്കമുള്ള മെട്രോ നഗരത്തിലേക്ക് സ്വന്തം ബ്രാന്‍ഡുമായി അദ്ദേഹം കടന്നെത്തിയിരിക്കുന്നു. കേരളത്തില്‍ പെരിന്തല്‍മണ്ണയ്ക്ക് പുറമേ കണ്ണൂരും കോഴിക്കോടും അബേറ്റിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിനകത്തും ഇന്ത്യയിലെ മറ്റിടങ്ങളിലും വിദേശത്തും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീവ്രശ്രമത്തിലാണ്.
ഷംസുദ്ദീന്‍ ഊന്നല്‍ നല്‍കുന്ന മറ്റൊരു മേഖല വിദ്യാഭ്യാസ രംഗമാണ്. കൃത്യമായ കാഴ്ചപ്പാടും അദ്ദേഹത്തിന് ഈ രംഗത്തുണ്ട്. ''രാജ്യത്ത് ഐഐഎമ്മുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മാനേജ്മെന്റ് വിദ്യാര്‍ത്ഥികളുടെ അതേ മികവ് മറ്റ് എംബിഎ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളില്‍ കാണണമെന്നില്ല. കാരണമെന്താണ്? അവലംബിക്കുന്ന രീതിയിലെ വ്യത്യാസമാണത്. ലോകപ്രശസ്ത വിദ്യാഭ്യാസവിചക്ഷണന്‍ ബഞ്ചമിന്‍ ബ്ലൂം വികസിപ്പിച്ചെടുത്ത ബ്ലുംസ് ടാക്സോണമി എഡ്യുക്കേഷണല്‍ ലേണിംഗ് രംഗത്തെ പ്രശസ്തമായ ഒരു ഫ്രെയിംവര്‍ക്കാണ്. ആറ് തലത്തിലുള്ള ഈ ഫ്രെയിംവര്‍ക്ക് കുട്ടികളെ വെറും പഠിച്ചത് ഓര്‍ത്തെടുത്ത് എഴുതുന്നവരാക്കി ഒതുക്കാതെ പഠിച്ചും പരിചയിച്ചും അറിഞ്ഞ കാര്യങ്ങളില്‍ നിന്ന് പുതുതായി ഒന്ന് സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാക്കി മാറ്റുകയാണ് ചെയ്യുന്നത്. അബേറ്റ് ഗ്രൂപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നത് അത്തരമൊരു ഫ്രെയിംവര്‍ക്കാണ്,'' ഷംസുദ്ദീന്‍ പറയുന്നു.
ഒപ്റ്റോമെട്രിയില്‍ ബിരുദ കോഴ്സുകള്‍ സ്വകാര്യ മേഖലയില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായി തുടങ്ങിയത് ഷംസുദ്ദീന്‍ മുന്‍കയ്യെടുത്താണ്. ഇന്ന് അബേറ്റ് ഗ്രൂപ്പിന് കീഴില്‍ 400 ബിഎസ്‌സി ഒപ്‌റ്റോമെട്രി സീറ്റുകളും 100 ഓളം ഇന്റീരിയര്‍ ഡിസൈനിംഗ് സീറ്റുകളും കൂടാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ആര്‍ക്കിടെക്ചര്‍ കോളെജുമുണ്ട്. കണ്ണാശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറമേ ഒപ്റ്റിക്കല്‍ റീറ്റെയ്ല്‍ രംഗത്തും ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ബഹ്റൈനില്‍ സ്‌കൈ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന് കീഴില്‍ മൊബൈല്‍, മൊബൈല്‍ ആക്സസറീസ് ഹോള്‍സെയ്ല്‍, റീറ്റെയ്ല്‍ രംഗത്തും പ്രവര്‍ത്തിക്കുന്നു.
ബിഎസ്ഇയില്‍ ലിസ്റ്റിംഗിന് ഒരുങ്ങുമ്പോള്‍ ഷംസുദ്ദീന് മുന്നില്‍ അധികം മാതൃകകള്‍ ഉണ്ടായിരുന്നില്ല. നടപടി ക്രമങ്ങള്‍ സ്വയം കുറേ പഠിച്ചു. ഏറ്റവും വിദഗ്ധരായ പ്രൊഫഷണലുകളുടെ സേവനം തേടി. ''ഇന്നിപ്പോള്‍ റൂട്ട് ക്ലിയറാണ്. കൂടുതല്‍ കമ്പനികള്‍ ഓഹരി വിപണിയിലേക്ക് കേരളത്തില്‍ നിന്നും, വിശേഷിച്ച് വടക്കന്‍ കേരളത്തില്‍ നിന്നും എത്തണം എന്നാണ് വ്യക്തിപരമായ ആഗ്രഹം. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും,'' ഷംസുദ്ദീന്‍ പറയുന്നു.
സംരംഭക ജീവിതത്തിലെ ദുരനുഭവങ്ങളെ വളരെ പോസിറ്റീവായി തന്നെയാണ് ഷംസുദ്ദീന്‍ കാണുന്നത്.''കര്‍മം ചെയ്യുക. ഫലം തരുന്നത് പടച്ചവനാണ്. എത്തിക്കലായി ബിസിനസ് ചെയ്യുന്നുണ്ടെങ്കില്‍ തിരിച്ചടികളെ ഭയക്കേണ്ടതില്ല. അത് താല്‍ക്കാലികം മാത്രമാവും. അന്തിമമായിനിങ്ങളുടെ ലക്ഷ്യം നിങ്ങള്‍ നേടുക തന്നെ ചെയ്യും,'' ഷംസുദ്ദീന്‍ ജീവിതം കൊണ്ട് അടിവരയിട്ട് പറയുന്നു.
മഞ്ചേരിയില്‍ വ്യത്യസ്തമായൊരു ബിസിനസ് മോഡലുമായി പുതിയൊരു കണ്ണാശുപത്രി കെട്ടിപ്പടുക്കാന്‍ തയാറെടുക്കുകയാണ് അബേറ്റ്. കേരളത്തിലെ ആരോഗ്യപരിരക്ഷാ രംഗത്തിനും നിക്ഷേപകര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. 25 കോടി നിക്ഷേപമുള്ള ഈ പദ്ധതി അനുമതിക്കായി സിംഗിള്‍ വിന്‍ഡോ സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. മഞ്ചേരി എല്‍എല്‍പി എന്ന കമ്പനി സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ച് അബേറ്റ് എഎസിന് കണ്ണാശുപത്രി നടത്താന്‍ വാടകയ്ക്ക് നല്‍കും. കെട്ടിട നിര്‍മാണവും മറ്റും അബേറ്റിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം തന്നെയാകും. മഞ്ചേരി എല്‍എല്‍പി ഇതുമൂലം സ്ഥിരമായ വാടക വരുമാനം ലഭിക്കും. നിക്ഷേപകര്‍ക്ക് പ്രതിമാസ നേട്ടവും, നിക്ഷേപത്തിന് അനുസൃതമായി ഇതിലൂടെ ലഭിക്കും. മാത്രമല്ല, സ്ഥലത്തിനും കെട്ടിടത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഭിക്കുന്ന മൂല്യവര്‍ധനയുടെ നേട്ടവും നിക്ഷേപകര്‍ക്ക് ഗുണമാകും.
''ശരിയ ഇന്‍വെസ്റ്റ്മെന്റ് മോഡലാണിത്. ഹലാലായ, എന്നാല്‍ റിസ്‌ക് കുറവുള്ള നിക്ഷേപ അവസരമാണ് ഇതിലൂടെ തുറന്നിടുന്നത്. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക പത്ത് ലക്ഷമാണ്. പത്ത് ലക്ഷത്തിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം,'' ഡോ. അഡ്വ. എ ഷംസുദ്ദീന്‍ പറയുന്നു.
''ബിഎസ്ഇയില്‍ രാജ്യത്തെ 500വമ്പന്‍ കോര്‍പ്പറേറ്റുകളുടെ പട്ടികയിലെത്തുകയാണ് ലക്ഷ്യം''
നിയമബിരുദധാരിയാണ് ഡോ. അഡ്വ.എ. ഷംസുദ്ദീന്‍. ഡോക്ടറേറ്റ് എടുത്തിരിക്കുന്നത് ഡോക്ടേഴ്‌സിന്റെ പെര്‍ഫോമന്‍സ് മാനേജ്‌മെന്റിലും. അബേറ്റ് എഎസ് ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളെയും അതിലേക്കെത്താനുള്ള മാര്‍ഗങ്ങളെയും സംസ്ഥാനത്തെ സംരംഭക സാഹചര്യങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
താങ്കള്‍ക്ക് ബഹ്റൈനിലും കേരളത്തിലും ബിസിനസ് ചെയ്തുള്ള പരിചയമുണ്ട്. ഇവിടെയും അവിടെയും തമ്മിലുള്ള വ്യത്യാസമെന്താണ്?
മറുപടിയായി എന്റെ രണ്ട് അനുഭവങ്ങള്‍ പറയാം. ബഹ്റൈനില്‍ പുതിയ ആശുപത്രിയും മറ്റും സ്ഥാപിച്ച് ബിസിനസ് വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഒരിക്കല്‍ ഞാന്‍ അവിടത്തെ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ പോയി.
ആ മന്ത്രാലയത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കാര്‍ പോര്‍ച്ചില്‍ ഇറങ്ങിവന്ന് നിന്നാണ് എന്നെ അകത്തേക്ക് കൊണ്ടുപോയത്. ശേഷം നിക്ഷേപത്തെയും പദ്ധതിയെയുംകുറിച്ച് വിശദമായി സംസാരിച്ചു. അദ്ദേഹത്തിനൊപ്പം ഒരു ടീമും ഉണ്ടായിരുന്നു. തുടര്‍ കാര്യങ്ങള്‍ അവരെ ചുമതലപ്പെടുത്തി. അവര്‍ വഴി കാര്യങ്ങള്‍ നടക്കാതെ വരികയോ കാലതാമസമുണ്ടാവുകയോ ചെയ്താല്‍ നേരിട്ട് അദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പര്‍ കൂടി തന്നു. തിരികെ എന്നെ അദ്ദേഹവും ടീമും കാറിനരികിലേക്ക് ആനയിച്ചു. ശരിക്കും ചുവപ്പുപരവതാനി വിരിച്ച് സ്വീകരിച്ച പോലെയുള്ള അനുഭവം.
ഇനി കേരളത്തിലെ അനുഭവം പറയാം. കാലിക്കറ്റ് യൂണിവേസിറ്റിയുടെ കീഴിലുള്ള ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് നിശ്ചിത ശതമാനം സര്‍ക്കാര്‍ സീറ്റുകളാണ് ഉള്ളത്. അത് സംബന്ധിച്ചൊരു കാര്യത്തിനായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ഉന്നത ഉദ്യോഗസ്ഥനെ സന്ദര്‍ശിക്കാന്‍ പോകേണ്ടി വന്നു. അദ്ദേഹത്തിന്റെ ക്യാബിന് മുന്നില്‍ മറ്റ് ഉന്നതര്‍ ഊഴം കാത്തിരിപ്പുണ്ട്. നിന്ന് കാല്‍ കുഴഞ്ഞപ്പോള്‍ അവിടെ കണ്ട കസേരയില്‍ ഞാന്‍ ഒന്നിരുന്നു. ഇരുന്നത് ചുറ്റിലുമുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് അത്ര ഇഷ്ടമായില്ലെന്ന് അവരുടെ മുഖഭാവത്തില്‍ നിന്ന് മനസിലായി. എന്നാലും എഴുന്നേറ്റില്ല. അതിന് ശേഷം ഒരു ഫോണ്‍ വന്നപ്പോള്‍ സംസാരിക്കാന്‍ കുറച്ച് മാറിനിന്നു. തിരികെ വന്നപ്പോള്‍ ഞാന്‍ ഇരുന്ന കസേരയില്‍ ഒരു ഫയല്‍ കൂമ്പാരം. ഒരു നിക്ഷേപകന് നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന പരിഗണന കാണിക്കാന്‍ വേണ്ടി മാത്രം പറയുന്നതാണ്.
ഭരിക്കുന്ന കക്ഷി ഏതുമാകട്ടെ, കേരളത്തിലെ സംരംഭക അന്തരീക്ഷം മെച്ചപ്പെടാന്‍ മാറേണ്ടത് ഒന്നുണ്ട്; ഉദ്യോഗസ്ഥരുടെ മനോഭാവം. അത് മാറാതെ ബിസിനസ് വളര്‍ച്ച സാധ്യമാവില്ല. ഇത്തരം മനോഭാവം മാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ട്രെയിനിംഗ് കൊടുക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കണം എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
താങ്കളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരുടെതൊഴില്‍ സാധ്യതയെന്താണ്?
ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഞങ്ങളുടെ സ്ഥാപനത്തില്‍ ഒപ്റ്റോമെട്രി പഠിച്ച് അവിടങ്ങളില്‍ ജോലിയോ മറ്റ് കരിയറോ കെട്ടിപ്പടുത്തവരെ കാണാം. ഏറെ സന്തോഷം നല്‍കുന്ന കാര്യമതാണ്. ഈ വര്‍ഷവും ബിഎസ്‌സി ഒപ്റ്റോമെട്രി പാസായ 20 ഓളം വിദ്യാര്‍ത്ഥിള്‍ക്ക് ജര്‍മനിയില്‍ പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ആയ സാലസില്‍ നിന്ന് ഒപ്‌റ്റോമെട്രി കോഴ്‌സ് പഠിക്കുന്നവര്‍ അബേറ്റില്‍ എക്‌സ്റ്റേണ്‍ ഷിപ്പിന് ഇപ്പോഴും വരുന്നുണ്ട്. കൂടാതെ ആര്‍ക്കിടെക്ചര്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് തുടര്‍ച്ചയായി യൂണിവേഴ്‌സിറ്റി റാങ്ക് ലഭിക്കുന്നത് ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കാണ്. ഇതെല്ലാം ഞങ്ങള്‍ അവലംബിക്കുന്ന പഠന രീതി കൊണ്ടും അതുവഴി കുട്ടികള്‍ക്ക് കിട്ടുന്ന എക്‌സ്‌പോഷര്‍ കൊണ്ടും മാത്രമാണ് സാധ്യമാവുന്നത്.
എന്താണ് അബേറ്റ് എഎസ് ഗ്രൂപ്പിന്റെ ലക്ഷ്യം?
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വമ്പന്‍ 500 കോര്‍പ്പറേറ്റ് കമ്പനികളിലൊന്നാവുക.
വലിയൊരു ലക്ഷ്യമല്ലേ ഇത്? എങ്ങനെയാണിത് നേടാന്‍ ഉദ്ദേശിക്കുന്നത്?
ശരിയാണ് ലക്ഷ്യം വലുതാണ്. പക്ഷേ അതൊരു സ്വപ്നം മാത്രമല്ല. ലക്ഷ്യത്തിലെത്താനുള്ള സ്ട്രാറ്റജികളും തയാറാക്കിയിട്ടുണ്ട്. മഞ്ചേരിയില്‍ ആസൂത്രണം ചെയ്തിരിക്കുന്ന പുതിയ കണ്ണാശുപത്രി അത്തരത്തിലുള്ള പദ്ധതികളില്‍ ഒന്നാണ്. ഇന്ത്യയിലും വിദേശത്തും ആശുപത്രി ശൃംഖലയും റീറ്റെയ്ല്‍ വിഭാഗവും വ്യാപിപ്പിക്കും. എത്തിക്കലായ ബിസിനസ് മോഡലാണ് ഞങ്ങളുടേത്. അങ്ങേയറ്റം സുതാര്യത എല്ലാ രംഗത്തുമുണ്ട്. നിക്ഷേപകര്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ ഗുണകരമാകുന്ന വിധമാണ് ഞങ്ങള്‍ ബിസിനസ് മോഡല്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
അഡ്മിനിസ്ട്രേഷന്‍ രംഗത്തും ഏറ്റവും പുതിയ സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്. ആശുപത്രിയിലുമുള്ളത് നൂതന സാങ്കേതിക വിദ്യകളാണ്. എഐ അധിഷ്ഠിത മെഷീനുകളാണ് തിമിര ശസ്ത്രക്രിയകളിലും മറ്റ് ചികിത്സാരംഗത്തും ഉപയോഗിക്കുന്നത്. നേത്രചികിത്സാ രംഗത്ത് പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുന്നതിനൊപ്പം നിക്ഷേപകര്‍ക്ക് നേട്ടവും നല്‍കണം. അതാണ് ഞങ്ങളുടെ ലക്ഷ്യം.
*അബേറ്റിനെ ബിഎസ്ഇ ലിസ്റ്റിംഗിന് എങ്ങനെയാണ് സജ്ജമാക്കിയത്?
ഞങ്ങളുടെ ബിസിനസ് മോഡല്‍ മികവുറ്റതായിരുന്നു. സാമ്പത്തിക കാര്യങ്ങളിലടക്കം സുതാര്യതയുണ്ട്. 2010ല്‍ SAP പോലുള്ള സംവിധാനം ഞങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ ചികിത്സാരംഗത്തുണ്ട്. എല്ലാ വിഭാഗത്തിന്റെ നേതൃത്വത്തിലും പ്രൊഫഷണലുകളാണുള്ളത്. എല്ലാത്തിനുമുപരി ബിഎസ്ഇയില്‍ എത്തുകയെന്നത് ഞങ്ങളുടെ ലക്ഷ്യവുമായിരുന്നു. ആ ഇച്ഛാശക്തിക്ക് മുന്നില്‍ വെല്ലുവിളികള്‍ ദുര്‍ബലമായി എന്നുവേണം പറയാന്‍.
Abate’s journey from Malappuram to BSE listing showcases North Kerala’s entrepreneurial potential and visionary leadership.
(This article was originally published in Dhanam Business Magazine October 1st issue)
Read DhanamOnline in English
Subscribe to Dhanam Magazine