കഴിഞ്ഞയാഴ്ച നടന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ കേരളത്തിലെ 30,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ എടുത്തു കാട്ടിയ അദാനി ഗ്രൂപ്പ് തിങ്കളാഴ്ച മധ്യപ്രദേശ് നിക്ഷേപക സംഗമത്തില്‍ പ്രഖ്യാപിച്ചത് 1.10 ലക്ഷം കോടിയുടെ നിക്ഷേപം. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് മധ്യപ്രദേശില്‍ 1.20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗ്രൂപ്പ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മധ്യപ്രദേശ് നിക്ഷേപക സംഗമ വേദിയിലാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി സംസ്ഥാനത്തെ വ്യവസായ താല്‍പര്യങ്ങള്‍ പ്രകടമാക്കിയത്. കൊച്ചിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ മകന്‍ കരണ്‍ അദാനിയാണ് പങ്കെടുത്തത്. വിഴിഞ്ഞം അടക്കം കേരളത്തില്‍ അദാനി ഗ്രൂപ്പ് നടത്തി വരുന്ന 30,000 കോടിയുടെ നിക്ഷേപ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കരണ്‍ അദാനി വിശദീകരിച്ചത്. ഇതാകട്ടെ, ഇതിനകം അവതരിപ്പിച്ച് മുന്നോട്ടു നീക്കിയവയുമാണ്.
സിമന്റ്, ഖനനം, സ്മാര്‍ട്ട് മീറ്റര്‍, താപോര്‍ജം തുടങ്ങി വിവിധ രംഗങ്ങളിലാണ് മധ്യപ്രദേശില്‍ അദാനി ഗ്രൂപ്പ് നിക്ഷേപം ഇറക്കുക. ഇന്ത്യയില്‍ നിക്ഷേപ സജ്ജമായ ഒന്നാമത്തെ സംസ്ഥാനമായി മധ്യപ്രദേശിനെ മാറ്റാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി മോഹന്‍ യാദവ് എന്നിവയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്ന് ഭോപ്പാലില്‍ തുടങ്ങിയ നിക്ഷേപ സംഗമത്തില്‍ ഗൗതം അദാനി പറഞ്ഞു.
ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക ബിസിനസ്, ഉല്‍പാദന മേഖലകളിലായി 25,000ഓളം പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്ന വിധം മധ്യപ്രദേശില്‍ 50,000 കോടി രൂപയുടെ നിക്ഷേപം അദാനി ഗ്രൂപ്പ് ഇതിനകം നടത്തിയതായും ഗൗതം അദാനി വിശദീകരിച്ചു. ഒരു ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപത്തിനായി അദാനി ഗ്രൂപ്പ് മധ്യപ്രദേശ് സര്‍ക്കാറുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്മാര്‍ട്ട് സിറ്റി, വിമാനത്താവള, കല്‍ക്കരി പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി എന്നിവര്‍ക്കു പുറമെ നിരവധി വ്യവസായ പ്രമുഖരും ആഗോള നിക്ഷേകരും മധ്യപ്രദേശ് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റ് -2025ല്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ രണ്ടു ദിവസത്തെ നിക്ഷേപക സംഗമത്തില്‍ ആകെ 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപ താല്‍പര്യ പത്രങ്ങള്‍ സര്‍ക്കാറിന് ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് നേരത്തെ അറിയിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine