Vizhinjam International Seaport
Business Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരികള്‍ വിറ്റഴിക്കാന്‍ അദാനി ഗ്രൂപ്പ്; പങ്കാളിയാകാന്‍ ആഗോള ഷിപ്പിംഗ് ഭീമന്‍ എം.എസ്.സി

18 മാസത്തില്‍ 20 ലക്ഷം ടി.ഇ.യു ചരക്കു കൈകാര്യം ചെയ്ത് റെക്കോഡിട്ടിരിക്കുകയാണ് വിഴിഞ്ഞം പോര്‍ട്ട്

Dhanam News Desk

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയ വിഴിഞ്ഞം അന്താരാഷ്ട്ര മദര്‍ പോര്‍ട്ടില്‍ (Vizhinjam International Transshipment Port) വന്‍ നിക്ഷേപത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (MSC). വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ എം.എസ്.സിക്ക് വിറ്റഴിക്കുന്നതിനായി അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (APSEZ) ചര്‍ച്ചകള്‍ ആരംഭിച്ചതായി ഇ.ടി ഇന്‍ഫ്രാ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുറമുഖത്തിന്റെ നിലവിലെ ഏറ്റവും വലിയ ഉപഭോക്താവിനെത്തന്നെ ബിസിനസ് പങ്കാളിയാക്കുക എന്ന തന്ത്രപരമായ നീക്കമാണ് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് നടത്തുന്നത്.

ലക്ഷ്യം വന്‍ വളര്‍ച്ച

വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളില്‍ 20 ലക്ഷം ടി.ഇ.യു (TEU - Twenty-foot Equivalent Units) കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം റെക്കോര്‍ഡ് വേഗത്തിലാണ് കുതിക്കുന്നത്. ഇതില്‍ ഭൂരിഭാഗം കണ്ടെയ്‌നറുകളും എത്തിച്ചത് എം.എസ്.സി (MSC) ഗ്രൂപ്പാണ്.

ആഗോള ഷിപ്പിംഗ് കമ്പനികളുമായി കൈകോര്‍ത്ത് തുറമുഖങ്ങളിലേക്ക് കൂടുതല്‍ ബിസിനസ് ആകര്‍ഷിക്കുന്ന ശൈലി അദാനി ഗ്രൂപ്പ് മുന്‍പും വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുള്ള രണ്ട് കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍ എം.എസ്.സിയുടെ ഉപകമ്പനിയായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, ഫ്രഞ്ച് കമ്പനിയായ സി.എം.എ സി.ജി.എം (CMA CGM) എന്നിവയുമായി ചേര്‍ന്നാണ് അദാനി നടത്തുന്നത്.

അതേപോലെ, തമിഴ്നാട്ടിലെ കാമരാജര്‍ പോര്‍ട്ടിലെ ടെര്‍മിനലിലും ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റിന് 49% ഓഹരി പങ്കാളിത്തമുണ്ട്.

കേരള സര്‍ക്കാരുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം, വാണിജ്യ പ്രവര്‍ത്തനം തുടങ്ങി ആദ്യ വര്‍ഷത്തിന് ശേഷം അദാനി ഗ്രൂപ്പിന് ഓഹരി പങ്കാളിത്തം 26 ശതമാനം വരെയോ അതില്‍ താഴെയോ ആയി കുറയ്ക്കാന്‍ നിയമപരമായ അനുമതിയുണ്ട്. അതിനാല്‍ ഈ ഓഹരി കൈമാറ്റത്തിന് നിയമപരമായ തടസങ്ങളില്ല.

വിഴിഞ്ഞത്ത് ₹16,059 കോടിയുടെ വന്‍ വികസനം

തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം 41 ലക്ഷം ടി.ഇ.യു ആയി ഉയര്‍ത്തുന്നതിനായി 16,059 കോടി രൂപയുടെ (1.75 ബില്യണ്‍ ഡോളര്‍) രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് തുടക്കമിട്ടിട്ടുണ്ട്. 2028-ഓടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ വിഴിഞ്ഞം ആഗോള തലത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹബ്ബുകളിലൊന്നായി മാറും.

നിലവില്‍ കൈകാര്യം ചെയ്യാവുന്ന ശേഷി 10 ലക്ഷം TEU ആണ്. ഇത് രണ്ടാം ഘട്ട വികസനത്തിനു ശേഷം 51 ലക്ഷം TEU (മാക്‌സിമം 57 ലക്ഷം) ആയി ഉയരും. കപ്പല്‍ ചാലുകളുടെ നീളം നിലവിലെ 800 മീറ്ററില്‍ നിന്ന് 2,000 മീറ്റര്‍ (ഒരേസമയം 5 വന്‍കപ്പലുകള്‍ക്ക് അടുക്കാം) ആകും.

ആദ്യ ഘട്ടത്തില്‍ 24,000 ടി.ഇ.യു ശേഷിയുള്ള കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിഞ്ഞിരുന്ന വിഴിഞ്ഞത്ത്, വികസനം പൂര്‍ത്തിയാകുന്നതോടെ 28,000 ടി.ഇ.യു ശേഷിയുള്ള ലോകത്തിലെ ഏറ്റവും പുതിയ വമ്പന്‍ മദര്‍ ഷിപ്പുകള്‍ക്കും എളുപ്പത്തില്‍ ചരക്കിറക്കാന്‍ സാധിക്കും.

പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 950-ത്തിലധികം കപ്പലുകളെയാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്. ഇതില്‍ 400 മീറ്റര്‍ നീളമുള്ള 67 അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകളും ഉള്‍പ്പെടുന്നു. ഇതും ഇന്ത്യയിലെ റെക്കോര്‍ഡ് ആണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായി അറിയപ്പെടുന്ന എം എസ് സി ഐറിന ഇന്ത്യയിലെത്തിയ ഏറ്റവും കൂടുതല്‍ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എംഎസ് സി വേറോണ എന്നിവയും വിഴിഞ്ഞത്ത് നങ്കൂരമിട്ടു.

വിദേശ തുറമുഖങ്ങള്‍ക്ക് കനത്ത തിരിച്ചടി

അന്താരാഷ്ട്ര ഷിപ്പിംഗ് പാതയില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലുള്ള സ്ഥാനം, ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങള്‍ക്കിടയിലെ ആഗോള വ്യാപാര ഗതാഗതത്തിന് വിഴിഞ്ഞത്തിന് വലിയ ഭൂമിശാസ്ത്രപരമായ മുന്‍തൂക്കം നല്‍കുന്നു. ഏകദേശം 20 മീറ്റര്‍ പ്രകൃതിദത്ത ആഴമുള്ളതിനാല്‍ വലിയ കപ്പലുകള്‍ക്ക് ഡ്രഡ്ജിംഗ് ആവശ്യമില്ലാതെ തന്നെ തുറമുഖത്ത് എത്താന്‍ കഴിയും. ഇത് പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുകയും ടേണ്‍അറൗണ്ട് സമയം കുറയ്ക്കുകയും ചെയ്യുന്നു.

ദക്ഷിണേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന സ്ഥിരമായ ഷിപ്പിംഗ് സര്‍വീസുകളും വിഴിഞ്ഞത്തില്‍ നിന്ന് ലഭ്യമാണ്. ഇത് കണ്ടെയ്‌നര്‍ ഗതാഗതം വേഗത്തിലാക്കുകയും ആഗോള സമുദ്ര വ്യാപാര ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പ്രധാന ആഗോള ഷിപ്പിംഗ് പാതകളോട് അടുത്തുള്ളതിനാല്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് യാത്രാസമയവും ഇന്ധനച്ചെലവും ലാഭിക്കാനാകുന്നു.

ചരക്ക് കൈകാര്യം ചെയ്യുന്നതിലെ ഈ അതിവേഗ വളര്‍ച്ച, ട്രാന്‍സ്ഷിപ്പ്മെന്റ് ചരക്കുകള്‍ക്കായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയുടെ അവസ്ഥ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതുവരെ ഇന്ത്യയിലേക്കുള്ള ഭൂരിഭാഗം ട്രാന്‍സ്ഷിപ്പ്‌മെന്റ് ചരക്കുകളും കൊളംബോ, സിംഗപ്പൂര്‍, ദുബായിലെ ജബല്‍ അലി തുറമുഖങ്ങള്‍ വഴിയാണ് എത്തിച്ചിരുന്നത്. വിഴിഞ്ഞം പൂര്‍ണ സജ്ജമാകുന്നതോടെ ഇന്ത്യന്‍ ചരക്കുകള്‍ വിദേശ തുറമുഖങ്ങളിലേക്ക് പോകുന്നത് വലിയ തോതില്‍ കുറയ്ക്കാനും ഇന്ത്യക്ക് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം ലാഭിക്കാനും സാധിക്കും.

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍സ് അടുത്തിടെ ഒരു വര്‍ഷത്തിനുള്ളില്‍ 500 മില്യണ്‍ മെട്രിക് ടണ്‍ (MMT) ചരക്ക് കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ സംയോജിത ഗതാഗത ഓപ്പറേറ്ററായി മാറിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT