കൊച്ചി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്സിന്റെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ എയര്‍ ഇന്ത്യ സാറ്റ്സ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് കല്‍പേഷ് സിങും കൊച്ചി സ്റ്റേഷന്‍ ഹെഡ് സെന്തില്‍ കുമാറും.  
Business Kerala

കൊച്ചി വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനി എയര്‍സാറ്റ്‌സിന്റെ നിയന്ത്രണത്തില്‍, 800 പേര്‍ക്ക് തൊഴിലവസരം, ട്രെയിനിംഗ് അക്കാദമി തുറക്കും

എഐസാറ്റ്സിന്റെ സേവനം ലഭ്യമായ കേരളത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ എട്ടാമത്തെയും വിമാനത്താവളമാണ് കൊച്ചി

Dhanam News Desk

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാല്‍) പൂര്‍ണ്ണമായ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനി എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐസാറ്റ്സ്) നടത്തും. എഐസാറ്റ്സിന്റെ സേവനം ലഭ്യമായ കേരളത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ എട്ടാമത്തെയും വിമാനത്താവളമാണ് കൊച്ചി.

പ്രാരംഭ ഘട്ടത്തില്‍ എഐസാറ്റ്സ് പരിശീലനം സിദ്ധിച്ച 150 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 800ഓളം ജീവനക്കാരെ നിയമിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിനായി കൊച്ചിയില്‍ ട്രെയിനിംഗ് അക്കാദമി സ്ഥാപിക്കാനും പദ്ധതിയുണ്ട്.

ബാത്തിക് എയര്‍, തായ് ലയണ്‍ എയര്‍ എന്നിവയില്‍ തുടങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്കും സേവനം നല്‍കുന്നതിനായുള്ള പ്രവര്‍ത്തനത്തിനാണ് എയര്‍ ഇന്ത്യ സാറ്റ്സ് തുടക്കമിടുന്നത്.

എഐ സാറ്റ്സിന്റെ വരവോടെ പുതു തലമുറ സേവന പ്ലാറ്റ്ഫോമുകള്‍, ഓട്ടോമാറ്റിക് വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് ടൂളുകള്‍, എന്‍ഡ് ടു എന്‍ഡ് ബാഗേജ് ട്രാക്കിംഗ് സാങ്കേതിക വിദ്യകള്‍ എന്നിവ യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്ന് എഐസാറ്റ്സ് സിഇഒ രാമനാഥന്‍ രാജാമണി പറഞ്ഞു.

നിലവില്‍ ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, മംഗളൂരു, തിരുവനന്തപുരം, റാഞ്ചി, റയ്പൂര്‍, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിലാണ് എഐസാറ്റ്സ് പ്രവര്‍ത്തിക്കുന്നത്. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗിന് പുറമെ ബെംഗളൂരുവിലെ എഐസാറ്റ്സ് ലോജിസ്റ്റിക്സ് പാര്‍ക്ക്, നോയിഡ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ 87 ഏക്കര്‍ വിസ്തൃതിയില്‍ ഒരുങ്ങുന്ന മള്‍ട്ടി-മോഡല്‍ കാര്‍ഗോ ഹബ് എന്നിവയുള്‍പ്പടെയുള്ള കാര്‍ഗോ ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കാനും കമ്പനി നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയര്‍ ഇന്ത്യ ലിമിറ്റഡിന്റെയും സാറ്റ്‌സ് ലിമിറ്റഡിന്റെയും 50:50 അനുപാതത്തിലുള്ള സംയുക്ത സംരംഭമാണ് എയര്‍സാറ്റ്‌സ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT