ധനം 'എസ്.എം.ഇ ഓഫ് ദി ഇയർ' അവാർഡ് മന്ത്രി റോജി എം. ജോണിൽ നിന്നും ഏറ്റുവാങ്ങുന്ന അജ്മി ഫുഡ്സ് ഡയറക്ടർ (ഫിനാൻസ്) റാഷിദ് കെ.എ. ധനം ബിസിനസ് മീഡിയ എക്സിക്യൂട്ടീവ് എഡിറ്റർ കെ.പി.എം ബഷീർ, കേന്ദ്ര ന​ഗര വികസന വകുപ്പ് മുൻ സെക്രട്ടറി ഡോ. എം. രാമചന്ദ്രൻ, ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്റർ കുര്യൻ എബ്രഹാം, അജ്മി ഫുഡ്സിന്റെ മറ്റ് രണ്ട് ഡയറക്ടർമാരായ ഫൈസൽ കെ.എ, മുഹമ്മദ് അഫ്സൽ കെ.എ, ധനം ബിസിനസ് മീഡിയ ഡയറക്ടർ വിജയ് എബ്രഹാം എന്നിവർ സമീപം (ഇടത്ത് നിന്നുള്ള ക്രമത്തിൽ). 
Business Kerala

ആഗോള വിപണിയിലെ കേരളപ്പെരുമ; ധനം ‘എസ്.എം.ഇ ഓഫ് ദി ഇയര്‍’ പുരസ്കാരം അജ്മി ഫുഡ്സിന്

ധനം എസ്.എം.ഇ അവാർഡ് ലഭിച്ചതിലും 30-ലധികം രാജ്യങ്ങളിലേക്ക് വളരാൻ പിന്തുണ നൽകിയതിലും സന്തോഷമുണ്ടെന്ന് റാഷിദ് കെ.എ

Dhanam News Desk

ധനം എസ്.എം.ഇ ഓഫ് ദി ഇയര്‍-2026 അവാർഡ് ഏറ്റുവാങ്ങി അജ്മി ഫുഡ്സ് സാരഥികൾ. കൊച്ചിയിൽ വ്യാഴാഴ്ച നടന്ന പതിനെട്ടാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിൽ നിന്നും അജ്മി ഫുഡ്സിന്റെ ഡയറക്ടർ (ഫിനാൻസ്) റാഷിദ് കെ.എ. പുരസ്കാരം ഏറ്റുവാങ്ങി. ധനം എസ്.എം.ഇ അവാർഡ് ലഭിച്ചതിലും 30-ലധികം രാജ്യങ്ങളിലേക്ക് വളരാൻ പിന്തുണ നൽകിയതിലും സന്തോഷമുണ്ടെന്ന് റാഷിദ് കെ.എ പറഞ്ഞു.

അജ്മി ഫുഡ്സിന്റെ മറ്റ് രണ്ട് ഡയറക്ടർമാരായ ഫൈസൽ കെ.എ, മുഹമ്മദ് അഫ്സൽ കെ.എ എന്നിവരും പുരസ്കാരം നൽകുന്ന ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു. ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്റർ കുര്യൻ എബ്രഹാം, കേന്ദ്ര ന​ഗര വികസന വകുപ്പിൽ സെക്രട്ടറിയും മുൻ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. എം. രാമചന്ദ്രൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

കേരളത്തില്‍ നിന്ന് 30-ലധികം രാജ്യങ്ങളിലേക്ക്

1994-ല്‍ കോട്ടയം ജില്ലയില്‍ അരിപ്പൊടി നിര്‍മാണയൂണിറ്റായി തുടങ്ങിയ ഒരു പ്രസ്ഥാനം ഇന്ന് എത്തിനില്‍ക്കുന്നത്, ലോകത്തെ 30-ലധികം രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുകൊണ്ട്. അജ്മി വേറിട്ട് നില്‍ക്കുന്നത് ഈ ബിസിനസ് വിപുലീകരണം കൊണ്ടാണ്. ബ്രേക്ക്ഫാസ്റ്റ് ഫുഡ്‌സ്, സ്‌പൈസസ്, റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ്, ഫ്രോസണ്‍ ഫുഡ്‌സ് തുടങ്ങിയ ശ്രേണികളിലായി 150-ലേറെ ഉല്‍പ്പന്നങ്ങള്‍ അജ്മി ഇന്ന് വിപണിയിലെത്തിക്കുന്നു. 11,500 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. അതില്‍ തന്നെ 75 ശതമാനവും സ്ത്രീകളാണെന്നതും ശ്രദ്ധേയം.

ഹാജി അബ്ദുള്‍ ഖാദറാണ് അജ്മിയുടെ ചെയര്‍മാന്‍. മക്കളായ ഫൈസല്‍ കെ.എ, റാഷിദ് കെ.എ, അഫ്‌സല്‍ കെ.എ എന്നിവര്‍ കമ്പനി ഡയറക്റ്റര്‍മാരും. ഗുണമേന്മയ്ക്ക് നല്‍കുന്ന മുന്‍തൂക്കമാണ് വിപണിയില്‍ അജ്മിക്ക് കരുത്തായത്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, മാനവവിഭവശേഷി വികസനം എന്നിവയ്ക്ക് സവിശേഷ പ്രാധാന്യം നല്‍കുന്ന അജ്മി ഭക്ഷ്യോല്‍പ്പന്ന രംഗത്തായതുകൊണ്ട് തന്നെ സര്‍ട്ടിഫിക്കേഷനുകള്‍ക്ക് അതീവ ശ്രദ്ധ കൊടുക്കുന്നുമുണ്ട്.

സമൂഹ നന്മ കൂടി ഉറപ്പാക്കിയാല്‍ മാത്രമേ വളര്‍ച്ച അര്‍ത്ഥവത്താകൂ എന്ന മൂല്യത്തെ മുറുകെ പിടിക്കുന്ന അജ്മി സാമൂഹിക ക്ഷേമം, ഹെല്‍ത്ത്‌കെയര്‍, എഡ്യുക്കേഷന്‍, ദുരന്തങ്ങള്‍ അഭിമുഖീകരിച്ച മേഖലയിലെ പുനരുജ്ജീവനം തുടങ്ങിയവയ്‌ക്കെല്ലാം പിന്തുണ നല്‍കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT