Dr Mohammed Manzoor,Founder, Chairman & CEO 
Business Kerala

പൂജ്യം പണിക്കൂലി, 40 ഷോറൂം, വമ്പൻ പരസ്യങ്ങൾ; പൊടുന്നനെ വളർന്ന അല്‍മുക്താദിര്‍ കളം വിടുന്നതായി ആരോപണം; നിഷേധിച്ച് ഗ്രൂപ്പ് ചെയർമാൻ

ആരോപണങ്ങളില്‍ ഉറച്ച് എ.കെ.ജി.എസ്.എം.എ

Dhanam News Desk

പൂജ്യം പണിക്കൂലി ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി ജുവലറി വ്യാപാര രംഗത്ത് അതിവേഗം ശ്രദ്ധ പിടിച്ചു പറ്റിയ അല്‍മുക്താദിര്‍ ഗ്രൂപ്പിനെ കുറിച്ച് ഉയർന്ന ആരോപണങ്ങളുടെ മുനയൊടിച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം.

ഒരു പ്രത്യേക സമുദായത്തിലെ പുരോഹിതരെ കൂട്ടുപിടിച്ച് രംഗത്തെത്തിയ ഗ്രൂപ്പ് 2,000 കോടിയിലധികം രൂപ തട്ടിയെടുത്ത് മുങ്ങിഎന്നായിരുന്നു പ്രധാന ആരോപണം. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും (AKGMA) ഗ്രൂപ്പിന്റെ തട്ടിപ്പിനെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസ്താവന ഇറക്കിയിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു.

 വിവാഹ ആവശ്യത്തിന് സ്വര്‍ണം ലഭ്യമാക്കുന്നതിന് വന്‍ തുക ഡിപ്പോസിറ്റായി സ്വീകരിച്ചുവെന്നും എന്നാല്‍ പറഞ്ഞുറപ്പിച്ച തീയതില്‍ സ്വര്‍ണം നൽകാത്തത് വ്യാപക പ്രതിഷേധത്തിനു  ഇടയാക്കുന്നുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. തിരുവനന്തപുരം, കായംകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഉപഭോക്താക്കളുടെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഷോറൂമുകള്‍ അടച്ചിട്ടതായും ആരോപണം ഉയർന്നിരുന്നു. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച 2,000 കോടി രൂപയുമായി രാജ്യം വിട്ടുവെന്ന തരത്തിലും പ്രചാരണങ്ങളുണ്ടായിരുന്നു.

എന്നാൽ തനിക്കും  അല്‍മുക്താദിര്‍ ഗ്രൂപ്പിനും എതിരെയുള്ള ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും പണിക്കൂലി ഒഴിവാക്കി പുതിയ ബിസിനസ് മോഡൽ അവതരിപ്പിച്ചതിലെ  അമർഷമാണ് ഇതിനു പിന്നിലെന്നും മുഹമ്മദ് മന്‍സൂര്‍ പറയുന്നു.  ''നാടുവിട്ടുവെന്ന പ്രചാരണങ്ങള്‍ നടക്കുമ്പോഴും താന്‍ കേരളത്തില്‍ തന്നെയുണ്ടെന്നത് ഇതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നു. അല്‍മുക്താദിര്‍ പ്രവർത്തനം തുടങ്ങിയ ശേഷം പണിക്കൂലി ഇനത്തിൽ കോടിക്കണക്കിനു രൂപയാണ് ലാഭമായി ലഭിച്ചത്.''

ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചുവെന്ന ആരോപണവും അദ്ദേഹം തള്ളി. മൂന്ന് മാസം, ആറ് മാസം, 11 മാസം എന്നിങ്ങനെയുള്ള കാലയളവുകളിലേക്ക് അഡ്വാന്‍സ് ഓര്‍ഡര്‍ മാത്രമാണ് സ്വീകരിച്ചതെന്നും ഇത്തരം ഓര്‍ഡറുകള്‍ക്കാണ് പൂജ്യം പണിക്കൂലി വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ നടപ്പാക്കുന്നത്  10,000 കോടിയുടെ പദ്ധതികൾ 

ആരോപണങ്ങള്‍ കേട്ട് പിന്നോട്ടുപോകാനില്ലെന്നും കേരളത്തില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കി മുന്നോട്ട് പോകാനാണ് ഇദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി 25 ഇരട്ടി ബിസിനസ് വളര്‍ച്ചയാണ് ഗ്രൂപ്പിനുണ്ടായത്. 2025ല്‍ അല്‍ മുക്താദിര്‍ മാളുകളിലേക്ക് പ്രവേശിക്കുകയാണ്. ഒരു ലക്ഷത്തിലധികം സ്‌ക്വയര്‍ഫീറ്റില്‍ അല്‍ മുക്താദിര്‍ ഗോള്‍ഡ് മാള്‍ കോഴിക്കോടും കാസര്‍കോഡും തുറക്കും. 3,000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഇത് വഴി ലക്ഷ്യമിടുന്നത്. എറണാകുളം, മിഡില്‍ ഈസ്റ്റ്, സൗദി അറേബ്യ, ഖത്തര്‍ ഇവിടെയെല്ലാം പുതിയ സ്ഥാപനങ്ങള്‍ തുറക്കും. കേരളത്തില്‍ മാത്രം അടുത്ത വര്‍ഷങ്ങളില്‍ 10,000 കോടി രൂപയുടെ പദ്ധതികളാണ് ഗ്രൂപ്പ് നടപ്പാക്കുനുദ്ദേശിക്കുന്നതെന്നും ഗ്രൂപ്പ് വ്യക്തമാക്കി.

ആരോപണങ്ങളിൽ ഉറച്ച് എ.കെ.ജി.എസ്.എം.എ

അതേസമയം അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് എ.കെ.ജി.എസ്.എം.എ. പൂജ്യം ശതമാനം  പണിക്കൂലിയില്‍ സ്വര്‍ണ്ണം വില്‍ക്കുമെന്ന് പറഞ്ഞ്‌ അല്‍മുക്താദിര്‍ പരസ്യം ചെയ്യുന്നതിനെ എതിര്‍ക്കുകയും നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

എന്നാല്‍ അസോസിയേഷന്‍ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുക്കാതെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയാവുകയാണ് ചെയ്തത്. പരസ്യങ്ങള്‍ വഴി നിരവധി ആള്‍ക്കാരാണ് തട്ടിപ്പില്‍ കുടുങ്ങി കോടികള്‍ നിക്ഷേപമായി നല്‍കിയിട്ടുള്ളത്. പലതും കണക്കില്ലാത്ത പണം ആയതിനാല്‍ എങ്ങനെയെങ്കിലും പണം തിരിച്ചു വാങ്ങിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ പല ജില്ലകളിലും ഷോറൂമുകള്‍ തുടങ്ങി നിരവധി ആള്‍ക്കാരെയാണ് ഗ്രൂപ്പ് തട്ടിപ്പിനിരയാക്കിയതെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.

ഓരോ സ്ഥലങ്ങളിലും ഒരു ബില്‍ഡിംഗ് എടുത്ത് ഷോറൂം ആരംഭിക്കുകയും അതേ ഷോറൂമിന് മൂന്നും നാലും പേരുകള്‍ നല്‍കുകയും ചെയ്താണ് ഗ്രൂപ്പ് തട്ടിപ്പ് വിപുലീകരിച്ചതെന്നും സംഘടന ആരോപിക്കുന്നു. മൂന്നും, ആറും മാസവും ഒരു വര്‍ഷവും കഴിഞ്ഞു സ്വര്‍ണം നല്‍കാമെന്ന ഉറപ്പിൽ  ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്ന ഗ്രൂപ്പ് പണം നിക്ഷേപിച്ചവര്‍ സ്വര്‍ണം എടുക്കാന്‍ വരുമ്പോള്‍ സ്വര്‍ണ്ണം നല്‍കുന്നില്ല എന്നും അസോസിയേഷൻ ആരോപിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT