Image created with Chatgpt
Business Kerala

പ്രതിസന്ധിയിലായി ഹൗസ്ബോട്ട് വ്യവസായം; വെക്കേഷന്‍ സീസണിലും സഞ്ചാരികളില്ലാതെ കായല്‍ പരപ്പുകള്‍, ചൂടും ഗ്യാസും വില്ലന്‍

സീസണിലും സഞ്ചാരികളില്ലാതെ വരുമാനം കുത്തനെ ഇടിഞ്ഞു

Resya Raveendran

കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ വിസ്മയമായ ആലപ്പുഴയിലെ ഹൗസ്ബോട്ട് മേഖല മുന്‍പെന്നുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മെയ് മാസത്തിലെ സ്‌കൂള്‍ അവധിക്കാലം സാധാരണയായി ഈ മേഖലയുടെ സുവര്‍ണകാലമാണെങ്കിലും, ഇത്തവണ കായല്‍പരപ്പുകളില്‍ ഹൗസ്ബോട്ടുകള്‍ സഞ്ചാരികളില്ലാതെ കെട്ടിയിട്ടിരിക്കുന്ന കാഴ്ചയാണ് എങ്ങും. കടുത്ത വേനല്‍, ഇലക്ഷന്‍ ഡ്യൂട്ടികള്‍, ഗ്യാസ് ലഭ്യതക്കുറവ്, സര്‍ക്കാരിന്റെ നയങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ഒത്തുചേര്‍ന്നതാണ് ഈ മാന്ദ്യത്തിന് കാരണം.

സീസണില്‍ ഓട്ടം വെറും 5%

സാധാരണ നിലയില്‍ മെയ് മാസം എന്നത് ഹൗസ്ബോട്ട് മേഖലയിലെ ഏറ്റവും വലിയ 'സീസണ്‍' ആണ്. കുടുംബങ്ങളുമായി യാത്ര ചെയ്യുന്ന ആഭ്യന്തര സഞ്ചാരികളാല്‍ ആലപ്പുഴ സജീവമാകേണ്ട സമയമാണിത്. എന്നാല്‍ ഇത്തവണ 5 ശതമാനത്തില്‍ താഴെ മാത്രമാണ് ബോട്ടുകളുടെ ഓപ്പറേഷന്‍ നടക്കുന്നതെന്ന് ഓള്‍ കേരള ഹൗസ്‌ബോട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോസ്‌കുട്ടി ജോസഫ് പറഞ്ഞു.

''3800 കോടി രൂപയുടെ വലിയ നിക്ഷേപമാണ് ഈ രംഗത്ത് നടന്നിട്ടുള്ളത്. സീസണ്‍ സമയത്ത് എല്ലാ ബോട്ടുകളും ഓടിയാല്‍ ഒരു ദിവസം 4.5 മുതല്‍ 5 കോടി രൂപ വരെ ഈ മേഖലയിലേക്ക് ഒഴുകുമായിരുന്നു. ഇപ്പോള്‍ പ്രതിദിന ട്രാന്‍സാക്ഷനുകള്‍ വെറും 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപയിലേക്ക് ചുരുങ്ങി. കഴിഞ്ഞ സീസണുകളില്‍ മെയ് മാസത്തില്‍ മാത്രം പ്രതിദിനം 3 കോടി രൂപയുടെ ടേണ്‍ ഓവര്‍ നടന്നിരുന്ന സ്ഥാനത്താണിത്''- ജോസ്‌കുട്ടി ജോസഫ് പറയുന്നു.

നിലവില്‍ റേറ്റ് 40 ശതമാനത്തോളം കുറച്ചിട്ടും (സിംഗിള്‍ ബെഡ്റൂം 7500-8000 രൂപ) ആവശ്യത്തിന് സഞ്ചാരികള്‍ എത്തുന്നില്ല. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതോടെ പ്രതിസന്ധി ഇനിയും രൂക്ഷമാകാന്‍ സാധ്യതയുണ്ട്. പലര്‍ക്കും വരുമാനമില്ലാതാകുന്നതോടെ സ്ഥിതി വഷളാകും. മണ്‍സൂണ്‍ സൂസണില്‍ പൊതുവെ 50 ശതമാനം വരെ നിരക്ക് കുറച്ചാണ് ഹൗസ്‌ബോട്ടുകള്‍ ഓടിക്കുന്നത്. ഇത്തവണ നിരക്കു കുറച്ചാലും സഞ്ചാരികളെ ആകര്‍ഷിക്കാനായേക്കില്ലെന്ന ആശങ്ക ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.

തടസമായി ഇലക്ഷനും ഗ്യാസ് ലഭ്യതക്കുറവും കൊടും ചൂടും

ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഹൗസ്ബോട്ട് മേഖലയെ സാരമായി ബാധിച്ചു. കുടുംബസമേതം യാത്ര ചെയ്യേണ്ടിയിരുന്ന വലിയൊരു വിഭാഗം അധ്യാപകരും ഉദ്യോഗസ്ഥരും ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ വെക്കേഷന്‍ ടൂറിസം ഗണ്യമായി കുറഞ്ഞു.

മറ്റൊരു പ്രധാന തിരിച്ചടി ഗ്യാസ് ലഭ്യതക്കുറവാണ്. ഹൗസ്ബോട്ടുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റും ഗ്യാസ് അനിവാര്യമാണ്. പാചകവാതകത്തിന്റെ ലഭ്യതക്കുറവ് മൂലം പല ബോട്ടുകളും ബുക്കിംഗ് എടുക്കാത്ത സാഹചര്യവുമുണ്ട്. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലവര്‍ധനയും ഇതിനകം തന്നെ ഈ മേഖലയെ തകര്‍ക്കുന്ന ഒന്നാണെന്ന് കേരള ഹൗസ്ബോട്ട് ഓണേഴ്‌സ് സമിതി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 25 ദിവസമായി തുടരുന്ന കടുത്ത വേനല്‍ ആലപ്പുഴയിലെ വിനോദസഞ്ചാരത്തെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. 40-42 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സഞ്ചാരികള്‍ യാത്ര ചെയ്യാന്‍ മടിക്കുന്നു. ഹൗസ്ബോട്ടിലെ എസി മുറികളില്‍ ഇരുന്നാല്‍ പോലും കടുത്ത ചൂട് കാരണം ആശ്വാസം ലഭിക്കാത്ത അവസ്ഥയാണെന്ന് ഉടമകള്‍ പറയുന്നു.

ഭീഷണിയായി ജലഗതാഗത വകുപ്പിന്റെ നയങ്ങളും

സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളും തദ്ദേശീയമായ ഹൗസ്ബോട്ട് വ്യവസായത്തിന് ഭീഷണിയാകുന്നുണ്ട്. വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന 'വേഗ' പോലുള്ള ആഡംബര ബോട്ടുകള്‍ കുറഞ്ഞ നിരക്കില്‍ (400 രൂപ) ടൂറിസ്റ്റുകളെ കൊണ്ടുപോകുന്നത് ഹൗസ്ബോട്ടുകളുടെ വിപണിയെ ബാധിക്കുന്നു. ഹൗസ്ബോട്ടുകളില്‍ ഒരു ഡേ-ക്രൂയിസിന് ഭക്ഷണമുള്‍പ്പെടെ 7000-8000 രൂപയോളം വരുമ്പോള്‍, സര്‍ക്കാര്‍ സാധാരണ ബോട്ടുകളില്‍ വളരെ കുറഞ്ഞ നിരക്കില്‍ ഈ സേവനം നല്‍കുന്നത് ഹൗസ്ബോട്ട് ഉടമകളെ സാമ്പത്തികമായി തളര്‍ത്തുന്നു.

ദുരിതത്തിലായി 30,000-ത്തോളം കുടുംബങ്ങള്‍

ഹൗസ്ബോട്ട് മേഖലയെ മാത്രം ആശ്രയിച്ച് പ്രത്യക്ഷമായും പരോക്ഷമായും ജീവിക്കുന്ന 30,000-ത്തോളം കുടുംബങ്ങളെയാണ് ഈ മാന്ദ്യം ബാധിക്കുന്നത്. ബോട്ടുകളില്‍ നേരിട്ട് ജോലി ചെയ്യുന്ന 6,000-ത്തോളം പേരും മാര്‍ക്കറ്റിംഗ്, ഓഫീസ് ജോലികള്‍ ചെയ്യുന്ന 3,000-ത്തോളം പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതുകൂടാതെ അനുബന്ധ മേഖലകളിലും നിരവധി ആള്‍ക്കാരെ ഇത് ബാധിക്കുന്നു. പച്ചക്കറി, മീന്‍, കോഴി കച്ചവടക്കാര്‍, ഐസ് വില്‍ക്കുന്നവര്‍ തുടങ്ങി റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന്റെ ഭാഗമായ സാധാരണക്കാരായ കച്ചവടക്കാര്‍ക്കും ഈ സീസണില്‍ പണിയില്ലാത്ത അവസ്ഥയാണ്.

ലക്ഷക്കണക്കിന് രൂപ ബാങ്ക് ലോണ്‍ എടുത്തു ബോട്ട് വാങ്ങിയ ഉടമകള്‍ക്ക് പ്രതിമാസ തിരിച്ചടവുകള്‍ (EMI) നടത്താന്‍ കഴിയാത്ത സാഹചര്യം വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.

ബ്രോക്കര്‍മാരുടെ ചൂഷണവും സര്‍ക്കാര്‍ ഫീസും

വിനോദസഞ്ചാരികളെ കൊള്ളയടിക്കുന്ന ബ്രോക്കര്‍മാരുടെ ശല്യം മറ്റൊരു വലിയ വെല്ലുവിളിയാണെന്ന് ഹൗസ്‌ബോട്ട് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു്. ബ്രോക്കര്‍മാര്‍ ഗസ്റ്റുകളില്‍ നിന്നും ഉയര്‍ന്ന തുക ഈടാക്കുകയും എന്നാല്‍ ഉടമയ്ക്ക് കുറഞ്ഞ തുക നല്‍കുകയും ചെയ്യുന്നു. ഇത് നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ആലപ്പുഴ ടൂറിസത്തിന് ചീത്തപ്പേരുണ്ടാക്കുകയും ചെയ്യുന്നു.

സര്‍ക്കാരിലേക്ക് നല്‍കേണ്ട ഫീസുകളുടെ കാര്യത്തിലും ഉടമകള്‍ക്ക് വലിയ പരാതിയാണുള്ളത്. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വേ ഫീസ് എന്നിങ്ങനെ വിവിധ ഇനങ്ങളിലായി ഒരു വര്‍ഷം ഒരു ലക്ഷത്തി പതിമൂവായിരത്തോളം രൂപ സര്‍ക്കാരിലേക്ക് നല്‍കേണ്ടി വരുന്നുണ്ട്. എന്നാല്‍ ടൂറിസം പ്രൊമോഷന് വേണ്ടി സര്‍ക്കാര്‍ വേണ്ടത്ര സഹായം നല്‍കുന്നില്ലെന്നും ഉടമകള്‍ ആരോപിക്കുന്നു.

പുതിയ സര്‍ക്കാരില്‍ നിന്നും ഗുണപരമായ മാറ്റങ്ങളും ഏകീകൃത റേറ്റ് സംവിധാനവും ടൂറിസം മേഖലയ്ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴയിലെ ഹൗസ്ബോട്ട് ഉടമകളും തൊഴിലാളികളും.

Alappuzha houseboat industry faces severe slowdown due to heat, elections, gas shortage, and declining tourist inflow.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT