സാബു എം. ജോക്കബ്, മാനേജിംഗ് ഡയറക്ടര്‍, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്‌  
Business Kerala

3,500 കോടി രൂപയുടെ തെലങ്കാന പദ്ധതിക്ക് പിന്നാലെ കിറ്റക്‌സിനെ തേടി ആന്ധ്രപ്രദേശും, ചന്ദ്രബാബു നായിഡുവിന്റെ വാഗ്ദാനങ്ങള്‍ അതുക്കും മേലെയോ?

ആന്ധ്രപ്രദേശ് ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി എസ് സവിത ഇന്ന് കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനത്ത് എത്തും

Dhanam News Desk

കേരളം ആസ്ഥാനമായ പ്രമുഖ കുഞ്ഞുടുപ്പ് നിര്‍മാണ കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെ തേടി തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശ് സര്‍ക്കാരും. ആന്ധ്രപ്രദേശ് ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി എസ് സവിത ഇന്ന് കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനത്ത് എത്തുമെന്ന് കമ്പനി അറിയിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം. കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബിനെ ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടികാഴ്ച്ചക്കു ക്ഷണിക്കലാണ് ഉദ്ദേശമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കേരളത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാതെ വന്നതോടെയാണ് ഇവിടെ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപം കിറ്റെക്‌സ് തെലങ്കാനയിലേക്കു മാറ്റിയത്. കൊവിഡ് കാലമായതിനാല്‍ സ്വകാര്യ ജെറ്റ് വിമാനം അയച്ചാണ് അന്ന് തെലങ്കാന സര്‍ക്കാര്‍ സാബുവിനെയും സംഘത്തിനെയും തെലുങ്കാനയിലേക്കു കൊണ്ടുപോയത്. മികച്ച സ്വീകരണവും വന്‍ ഓഫറുകളുമാണ് തെലങ്കാനയില്‍ കിറ്റെക്‌സിന് ലഭിച്ചത്. 3500 കോടി രൂപ മുതല്‍ മുടക്കി 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടു ഫാക്ടറികളാണ് കിറ്റെക്‌സ് തെലങ്കാനയില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഫാക്ടറി വാറങ്കലില്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കാത്തതുമൂലം കേരളത്തിലെ നിക്ഷേപ പദ്ധതി പിന്‍വലിക്കുകയാണെന്ന് 2021ല്‍ കിറ്റെക്‌സ് പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മറ്റൊരു സംസ്ഥാനം കൂടി കിറ്റെക്‌സിനെ ലക്ഷ്യമിട്ട് എത്തിയിരിക്കുകയാണ്.

ടെക്‌സ്‌റ്റൈല്‍ കരുത്ത്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,001 കോടി രൂപയുടെ വരുമാനമാണ് കിറ്റെക്‌സ് രേഖപ്പെടുത്തിയത്. നാലാം പാദത്തില്‍ മാത്രം വരുമാനം 300 കോടി രൂപയാണ്. ഇക്കാലയളവില്‍ കമ്പനിയുടെ ലാഭം 61 ശതമാനം വര്‍ധിച്ച് 31.8 കോടിയുമായി. തെലങ്കാനയില്‍ കമ്പനിയുടെ പുതിയ പ്ലാന്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ 5,000 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. ഇത് കിറ്റെക്‌സ് അടക്കമുള്ള കമ്പനികള്‍ക്കും കരുത്തുപകരും. കൂടാതെ ചൈനയുടെ നയങ്ങളും ബംഗ്ലാദേശിലെ രാഷ്ട്രിയ അസ്വസ്ഥതകളുമൊക്കെ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് മുന്‍തൂക്കം നല്‍കുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT