ടാറ്റ, നിസാന്‍, കിയ, ഹ്യുണ്ടായ്, മഹീന്ദ്ര, സ്‌റ്റെലാന്റിസ്ണ്ട, ഫോക്‌സ്‌വാഗണ്‍... കാര്‍ ഏത് കമ്പനിയുടേതുമാകട്ടെ, നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അതില്‍ സുസജ്ജമായിരിക്കുന്ന എയര്‍ബാഗിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന അതിനിര്‍ണായകമായ കോംപണന്റ് കേരളത്തിലെ ഒരു കമ്പനി നിര്‍മിച്ചതായിരിക്കും- ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
നിങ്ങള്‍ നിരത്തില്‍ കാണുന്ന മൂന്നിലൊന്ന് കാറിലും സുരക്ഷ ഒരുക്കാനുള്ള കോംപണന്റ് നല്‍കുന്നത് ഈ കമ്പനിയാണ്. എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറക്കടുത്ത് ആരക്കുന്നത്തുള്ള ആയിരം കോടിയിലേറെ വിറ്റുവരവുള്ള ബഹുരാഷ്ട്ര കമ്പനി. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അയര്‍ലണ്ട് ആസ്ഥാനമായുള്ള ആപ്റ്റീവ് പിഎല്‍സിയുടെ ഉപകമ്പനിയായ ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്ന സേഫ്റ്റി റീസ്ട്രെയ്ന്റ് സിസ്റ്റം (എസ്ആര്‍എസ്) ഉല്‍പന്നങ്ങളുടെ മേഖലയിലെ രാജ്യാന്തര വമ്പനാണ്. ആഗോള എസ്ആര്‍എസ് വിപണിയില്‍ 35 ശതമാനം വിപണി വിഹിതമാണ് ഈ കമ്പനി കയ്യാളുന്നത്.
ഓട്ടോമോട്ടീവ് മേഖലയില്‍ കേരളത്തിന് എന്ത് പ്രാധാന്യം ഉണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ്. കണക്ടേഴ്‌സ്, ഹൈസ്പീഡ് കേബിള്‍ അസംബ്ലീസ് (HSCA), എസ്ആര്‍എസ് ഉല്‍പന്നങ്ങള്‍, മീഡിയ മൊഡ്യൂള്‍സ്, വയര്‍ലസ് ചാര്‍ജര്‍ മൊഡ്യൂള്‍സ്, ജങ്ഷന്‍ ബോക്സ്/ഇലക്ട്രിക്കല്‍ സെന്ററുകള്‍, ഹൈ വോള്‍ട്ടേജ് ഇന്റര്‍കണക്റ്റ്സ്, ചാര്‍ജിങ് ഇന്‍ലെറ്റ്സ്, പവര്‍ ഡിസ്ട്രിബ്യൂഷന്‍ യൂണിറ്റ്, ബാറ്ററി ഡിസ്‌കണക്റ്റ് യൂണിറ്റ്, മോള്‍ഡുകള്‍, ടൂളുകള്‍ എന്നിവയെല്ലാം ഇവിടെ നിര്‍മിക്കുന്നു. മാത്രമല്ല ഓട്ടോമോട്ടീവ് മേഖലക്ക് വേണ്ട റിസര്‍ച്ച് & ഡെവലപ്മെന്റും കമ്പനിക്ക് കീഴിലുണ്ട്.
2007 മുതല്‍ കേരളത്തിലുണ്ട് ആപ്റ്റീവ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഞ്ച് മടങ്ങ് വളര്‍ച്ച കൈവരിച്ച് മുന്നേറുന്ന കമ്പനിയെ നയിക്കുന്നതും ഒരു മലയാളിയാണ്- രമേഷ് നായര്‍. പ്രാരംഭകാലം മുതല്‍ ആപ്റ്റീവിനൊപ്പമുണ്ട് ഇദ്ദേഹം. 139 വര്‍ഷത്തെ പാരമ്പര്യമുള്ള 49 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലേറെ ജീവനക്കാരുള്ള 140 മാനുഫാക്ചറിങ് കേന്ദ്രങ്ങളുള്ള ആപ്റ്റീവ് പിഎല്‍സിയുടെ രാജ്യാന്തര ടൂളിങ് സെന്ററും ആരക്കുന്നത്തെ ഫാക്ടറി സമുച്ചയത്തിലുണ്ട്. കമ്പനിയുടെ ടെക്‌നിക്കല്‍ സെന്റര്‍ ചെന്നൈയിലാണ്. ഡല്‍ഹി, പൂനെ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ റീജ്യണല്‍ സെയ്ല്‍സ് ഓഫീസുകളുമുണ്ട്. രാജ്യത്തെമ്പാടുമായി 1100ലേറെ ജീവനക്കാര്‍ ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസിന്റെ ഭാഗമായുണ്ട്. പരോക്ഷമായുള്ള തൊഴിലുകള്‍ കൂടിയാവുമ്പോള്‍ ആപ്റ്റീവ് സൃഷ്ടിക്കുന്ന തൊഴിലുകളുടെ എണ്ണം രണ്ടായിരം കവിയും.
ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം പരിശോധിക്കാന്‍ അവിടത്തെ ഓട്ടോമോട്ടീവ് രംഗത്തിന്റെ സൂചികകള്‍ നോക്കിയാല്‍ മതി. സമ്പദ്ഘടനയില്‍ അത്രക്കുണ്ട് ഓട്ടോമോട്ടീവ് മേഖലക്കുള്ള പ്രാധാന്യം. ദക്ഷിണേന്ത്യയില്‍ തമിഴ്നാട് ഓട്ടോമോട്ടീവ് കമ്പനികളെ ആകര്‍ഷിച്ച്, വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറുമ്പോള്‍ കേരളത്തില്‍ നിശബ്ദമായി വിപ്ലവം സൃഷ്ടിക്കുകയാണ് ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ്. ഇലക്ട്രിക് കാര്‍ രംഗത്തേക്ക് ടാറ്റ ചുവടുവെച്ചപ്പോള്‍ ഹൈ വോള്‍ട്ടേജ് കോംപണന്റ്‌സ് & സൊല്യൂഷന്‍സിനായി അവര്‍ സമീപിച്ചത് ആപ്റ്റീവിനെയാണ്. അത്രക്ക് തലപ്പൊക്കമുള്ള കമ്പനിയാണ് ആരക്കുന്നത്ത് അധികമാരുമറിയാതെയുള്ളത്.
മൊബിലിറ്റി ഭാവിയെ തന്നെ പുനര്‍നിര്‍വചിക്കുന്ന സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ സൊല്യൂഷനുകളാണ് ആപ്റ്റീവ് വികസിപ്പിച്ചെടുക്കുന്നത്. ''Safe, Green, Connected ഇതാണ് ഞങ്ങളുടെ മൂലമന്ത്രം. കൂടുതല്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും ഫ്യൂച്ചറിസ്റ്റിക്കുമായ മൊബിലിറ്റി സൊല്യൂഷനുകളാണ് ആപ്റ്റീവ് നല്‍കുന്നത്. ആപ്റ്റീവ് ആഗോളതലത്തില്‍ ഏയ്റോസ്പേസ്, മിലിറ്ററി, ഡിഫന്‍സ്, ടെലികോം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.
കേരളത്തിലെ ഉപകമ്പനി നിലവില്‍ ഓട്ടോമോട്ടീവ് രംഗത്താണ്. അനുബന്ധ മേഖലകളിലേക്ക് ഭാവിയില്‍ കടക്കും,'' മാനേജിങ് ഡയറക്റ്റര്‍ രമേഷ് നായര്‍ വിശദീകരിക്കുന്നു.
രാജ്യത്തെ മാനുഫാക്ചറിങ് രംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) സ്‌കീം നേടിയെടുത്തിട്ടുള്ള ഓട്ടോമോട്ടീവ് സെക്റ്ററിലെ കമ്പനിയാണ് ആപ്റ്റീവ്.
കേരളത്തില്‍ ആപ്റ്റീവിന് എതിരാളികള്‍ ആരുമില്ല. ആഗോള വിപണിയില്‍ ബഹുരാഷ്ട്ര വമ്പന്മാരോട് എതിരിടുകയും വേണം. ''ചൈന, ദക്ഷിണ കൊറിയ എന്നിവരുടെ കാര്യക്ഷമതയുമായി മത്സരിക്കാന്‍ നമുക്ക് സാധിക്കില്ല. അവരെ മറികടക്കാന്‍ നമുക്ക് വേണ്ടത് സ്മാര്‍ട്ട്‌നസാണ്,'' രമേഷ് നായര്‍ തുറന്നുപറയുന്നു.
എങ്ങനെ ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് ആ 'സ്മാര്‍ട്ട്നസ്' ആര്‍ജിച്ചു? അതിന് പിന്നിലൊരു ചരിത്രമുണ്ട്. യുഎസില്‍ നിന്നുള്ള ആഗോള വമ്പന്‍ ജനറല്‍ മോട്ടോഴ്സില്‍ നിന്ന് തുടങ്ങുന്ന ചരിത്രം. (വായിക്കുക: കേരളത്തില്‍ എത്തിയത് എങ്ങനെ?).
''വൈദഗ്ധ്യവും ആത്മാര്‍പ്പണവും ഉടമസ്ഥതാബോധവുമാണ് കേരളത്തിലെ വര്‍ക്ക്‌ഫോഴ്‌സിന്റെ മുഖമുദ്ര. മാത്രമല്ല ടൂള്‍ നിര്‍മാണത്തില്‍ പരമ്പരാഗതമായി വൈദഗ്ധ്യം മലയാളികള്‍ക്കുണ്ട്. തലശ്ശേരിയിലെ എന്‍ടിടിഎഫ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്.'' രമേഷ് നായര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നും ആപ്റ്റീവ് എന്ന ഗ്ലോബല്‍ വമ്പന്റെ ഏറ്റവും മികച്ച ടൂള്‍ റൂമാണ് ആരക്കുന്നത്തേത്. മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൂള്‍ റൂമുകളിലൊന്നാണിത്.
1.6 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫാക്ടറി സമുച്ചയമാണ് ആരക്കുന്നത്ത് ആപ്റ്റീവിനുള്ളത്. സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കുന്ന നിര്‍മിതി. ഒപ്പം കാര്യക്ഷമത ഉറപ്പാക്കാനും നൂതന ആശയങ്ങള്‍ സൃഷ്ടിക്കപ്പെടാനുമുള്ള സാഹചര്യവും. മലയാളികളും കേരളത്തിന് പുറത്തുനിന്നുള്ളവരും ഇവിടെയുണ്ട്. പുതുമകള്‍ക്ക് പുറകെ നിരന്തരം നടത്തുന്ന പ്രയാണമാണ് ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസിനെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാക്കുന്നത്. ''വമ്പന്‍ കാര്‍ കമ്പനികളില്‍ നിന്നുള്ള ബിസിനസുകളെടുക്കുമ്പോള്‍ അതെങ്ങനെ ലാഭകരമാക്കാം എന്നതിനെ കുറിച്ച് പൂര്‍ണമായ വ്യക്തത പ്രാഥമിക ഘട്ടത്തില്‍ ഉണ്ടാവണമെന്നില്ല. കമ്പനിക്കുള്ളില്‍ നടത്തുന്ന ഏറ്റവും ചെലവ് കുറഞ്ഞ ഇന്നൊവേഷനുകള്‍ കൊണ്ടാണ് അത്യാധുനികമായ ടെക്നോളജി ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കപ്പെടുക. വാല്യു ചെയിനിന്റെ എല്ലാതലങ്ങളും ആപ്റ്റീവ് നിരന്തരം റിവ്യു ചെയ്തുകൊണ്ടിരിക്കും. മത്സരാധിഷ്ഠിത നിലനിര്‍ത്താന്‍ വാല്യു അനാലിസിസ്/വാല്യു എന്‍ജിനീയറിങ് (VA/VE) പ്രോസസും നടപ്പാക്കുന്നു. ഉല്‍പന്നം നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുവിന് ബദല്‍ മാര്‍ഗങ്ങള്‍ തേടും. ഇവിടേക്ക് വേണ്ട അസംസ്‌കൃത വസ്തുകള്‍ പുറത്തുനിന്ന് കൊണ്ടുവരണം. അതിന്റെ ലോജിസ്റ്റിക്സില്‍ പോലും അങ്ങേയറ്റം ശ്രദ്ധ ചെലുത്തും. ഒരു പ്രധാന ചെലവ് ലോജിസ്റ്റിക്സ് നിരക്കാണ്. അത് സാധ്യമായത്ര ചുരുക്കാനുള്ള കാര്യങ്ങളും ചെയ്യും. കസ്റ്റമറുടെ ആവശ്യം അങ്ങേയറ്റം മത്സരാധിഷ്ഠിതമായ നിരക്കില്‍ നിറവേറ്റിയാല്‍ മാത്രമെ ഈ വാല്യു ചെയിനില്‍ ആപ്റ്റീവിന് പ്രസക്തിയോടെ നിലനില്‍ക്കാനാകൂ. അതുകൊണ്ടണ്ടുതന്നെയാണ് ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ബഹുരാഷ്ട്ര വാഹനനിര്‍മാതാക്കളുടെ വിശ്വസ്ത പങ്കാളികളായി ഞങ്ങള്‍ക്ക് തുടരാനാകുന്നത്,'' രമേഷ് നായര്‍ വിശദീകരിക്കുന്നു. ക്വാളിറ്റി, ഡെലിവറി, പെര്‍ഫോമന്‍സ് എന്നിവ പരിഗണിച്ച് നിരവധി ഉപഭോക്തൃ അവാര്‍ഡുകളും അംഗീകാരങ്ങളും ഇതിനകം ആപ്റ്റീവിനെ തേടിയെത്തിയിട്ടുണ്ടണ്ട്. വന്‍കിട ഫാക്ടറി വിഭാഗത്തില്‍ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ സുരക്ഷ പുരസ്‌കാരം (ശ്രേഷ്ഠ സുരക്ഷ പുരസ്‌കാര്‍) 2026ല്‍ ആപ്റ്റീവിന് ലഭിച്ചു. കേരള സര്‍ക്കാരിന്റെ ഫാക്ടറീസ് & ബോയ്ലേഴ്‌സ് വകുപ്പില്‍ നിന്നും സുരക്ഷ അവാര്‍ഡുകളും കമ്പനിയെ തേടിയെത്തിയിട്ടുണ്ട്.
കേരളത്തില്‍ ഒരു മാനുഫാക്ചറിങ് പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ വെല്ലുവിളികള്‍ പലതാണ്; അതും ഓട്ടോമോട്ടീവ് മേഖലയില്‍. അസംസ്‌കൃത വസ്തുക്കളില്‍ ഒട്ടുമിക്കതും പുറത്തുനിന്ന് കൊണ്ടുവരണം. ഉല്‍പന്നത്തിന്റെ വിപണിയും കേരളത്തിന് പുറത്ത്. ഇതിനെയെല്ലാം മറികടന്ന് മത്സരാധിഷ്ഠിത വിലയില്‍ എങ്ങനെ അത്യാധുനിക ടെക്നോളജി ഉല്‍പന്നം നിര്‍മിച്ച് വിപണിയിലെത്തിക്കുന്നു? അവിടെയാണ് ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് വേറിട്ട് നില്‍ക്കുന്നതും. ''ചന്ദ്രയാന്‍ മിഷന്റെ ചെലവും ഹോളിവുഡ് സിനിമ നിര്‍മാണ ചെലവും തമ്മിലുള്ള വിഖ്യാത താരതമ്യമില്ലേ? ഇന്ത്യ അങ്ങേയറ്റം ചെലവുകുറഞ്ഞ ഇന്നൊവേഷനുകളുടെ നാടാണ്. അതുതന്നെയാണ് ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസിലും നടക്കുന്നത്. ഒരിക്കല്‍ മാത്രമല്ല; നിരന്തരം. അതുകൊണ്ടാണ് ഒട്ടേറെ വെല്ലുവിളികളുണ്ടെങ്കിലും മത്സരാധിഷ്ഠിതമായി നിലനില്‍ക്കാന്‍ സാധിക്കുന്നത്,'' രമേഷ് നായര്‍ പറയുന്നു.
100 വര്‍ഷം പ്രായമുള്ള, ഒരു സ്റ്റാര്‍ട്ടപ്പ് പോലെയാണ് ആപ്റ്റീവിന്റെ പ്രവര്‍ത്തനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കാരണം വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും ആഴത്തില്‍ അറിവുമുള്ള, നൂതനആശയങ്ങള്‍ക്ക് പിന്നാലെ നിരന്തരം യാത്ര ചെയ്യുന്ന ടീമാണ് ആപ്റ്റീവിലേത്. ഏതാണ്ട് 100 ഓളം പേറ്റന്റുകളാണ് ആപ്റ്റീവ് ഇന്ത്യന്‍ ടീമിന്റെ പേരിലുള്ളത്. കമ്പനിയുടെ ഇന്നൊവേഷന്‍ സംസ്‌കാരവും മാനേജിങ് ഡയറക്റ്റര്‍ രമേഷ് നായരുടെ മാനേജ്മെന്റ് ശൈലിയും ഇക്കാര്യത്തില്‍ നിര്‍ണായകപങ്ക് വഹിക്കുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ക്കുന്നു എച്ച്ആര്‍ വിഭാഗം മേധാവി എംആര്‍ ശ്രീലാല്‍. ''ലീന്‍ മാനേജ്മെന്റ്, ജസ്റ്റ് ഇന്‍ ടൈം പോളിസി എന്നിവക്കെല്ലാം പുറമെ ഒരു ടീമംഗം കൊണ്ടുവരുന്ന നൂതനമായ ആശയം ആപ്റ്റീവിന്റെ ആഗോളവേദിയില്‍ തന്നെ അംഗീകരിക്കപ്പെടാനുള്ള സാഹചര്യം ഇവിടെയുണ്ട്. ഓസ്‌കാറിന് തുല്യമായ വേദിയാണ് ആപ്റ്റീവ് ഇന്നൊവേഷന്‍ അവാര്‍ഡ് വേദി. ടീമംഗങ്ങളുടെ ഇന്നൊവേറ്റീവ് ആശയങ്ങളാണ് അവിടെ വച്ച് ആദരിക്കപ്പെടുന്നത്. അതുപോലെ തന്നെ ടീമംഗങ്ങള്‍ക്ക് അന്യോന്യം നൂതന ആശയങ്ങള്‍ അവതരിപ്പിച്ചവരെ നിര്‍ദേശിക്കാനും സാധിക്കും. ഇതിനായി മാത്രം ഒരു പോര്‍ട്ടലുണ്ട്. അംഗീകാരവും പ്രോത്സാഹനവുമാണ് ടീമിനെ പ്രചോദിപ്പിക്കുന്നത്. രമേഷ് നായരുടെ പ്രവര്‍ത്തന ശൈലി സുതാര്യമാണ്. സ്വയം പരിധി നിശ്ചയിക്കാതെ പൂര്‍ണ കഴിവ് പുറത്തെടുത്ത് മുന്നോട്ടുപോകാനുള്ള ഊര്‍ജം അദ്ദേഹം പകരുന്നു,'' ശ്രീലാല്‍ വ്യക്തമാക്കുന്നു.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ള എന്‍ജിനീയറിങ് കോളെജുകളില്‍ നിന്ന് മിടുക്കരെ കണ്ടെത്തി, അവര്‍ക്ക് മതിയായ പരിശീലനം നല്‍കി വിവിധ റോളുകളില്‍ ആപ്റ്റീവ് നിയമിക്കുന്നു. അപ്രന്റീസ്ഷിപ്പിനായി ഏറ്റവും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്ന കമ്പനി കൂടിയാണ് ആപ്റ്റീവ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിദേശത്തേക്ക് 70 ശതമാനം കയറ്റുമതി, 30 ശതമാനം ആഭ്യന്തര വിപണി എന്നതായിരുന്നു ആപ്റ്റീവിന്റെ സമവാക്യമെങ്കില്‍ ഇന്നത് നേരെ തിരിച്ചായി. ''ആഭ്യന്തര വിപണിയില്‍ ആപ്റ്റീവ് ഇത്ര ശക്തമായതില്‍ രമേഷ് നായര്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്,'' കമ്പനി സെക്രട്ടറി മഞ്ജുഷ മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു. പിഴവ് അല്‍പം പോലും അനുവദിക്കാത്ത ലോകോത്തര കാര്‍ വമ്പന്മാര്‍ക്ക് വേണ്ടിയാണ് ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. അതും കേരളത്തില്‍ വേരുറപ്പിച്ച് നിന്നുകൊണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടി വളര്‍ച്ച ലക്ഷ്യമിട്ട് മുന്നേറുന്ന ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഒരുകാര്യം കൂടി പറയാതെ പറഞ്ഞുവെക്കുന്നുണ്ട്- കേരളത്തില്‍ എന്തും സാധ്യം.
എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയില്‍ നിന്ന് 12 കിലോമീറ്റര്‍ മാറിയുള്ള ആരക്കുന്നം എന്ന ഗ്രാമത്തിലുള്ള ആപ്റ്റീവിന്റെ ചരിത്രം ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ കമ്പനികളിലൊന്നായ ജനറല്‍ മോട്ടോഴ്സില്‍ നിന്ന് തുടങ്ങുന്നു. എല്ലാമെല്ലാം ജനറല്‍ മോട്ടോഴ്സ് സ്വന്തം കുടക്കീഴില്‍ നിര്‍മിക്കുന്ന കാലത്ത് നിന്ന് മാറി ഓരോ സുപ്രധാന മേഖലകള്‍ വ്യത്യസ്ത കമ്പനികളാക്കി മാറ്റിയപ്പോള്‍, 1995ല്‍ ഡെല്‍ഫി ഓട്ടോമോട്ടീവ് എന്ന കമ്പനി രൂപമെടുത്തു. ഡെല്‍ഫിക്ക് ഇന്ത്യയിലെമ്പാടും സാന്നിധ്യവുമുണ്ടായിരുന്നു.
1999ല്‍ ജിഎമ്മില്‍ നിന്ന വേര്‍പിരിഞ്ഞ ഡെല്‍ഫി പുനഃസംഘടനക്ക് ശേഷം 2011ല്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിങ് നടത്തി. ഇന്ത്യയില്‍ പലയിടത്തും ഡെല്‍ഫിക്ക് സാന്നിധ്യമുണ്ടായിരുന്നെങ്കിലും കേരളത്തില്‍ ഇല്ലായിരുന്നു. ആഗോളതലത്തില്‍ ഒട്ടേറെ ഏറ്റെടുക്കലുകള്‍ നടത്തിയായിരുന്നു ഡെല്‍ഫിയുടെ മുന്നേറ്റം. ഫ്രഞ്ച് കമ്പനിയായ എഫ്സിഐയുടെ ഓട്ടോമോട്ടീവ് ഡിവിഷന്‍ ആഗോളതലത്തില്‍ ഡെല്‍ഫി ഏറ്റെടുത്തപ്പോള്‍, കൊച്ചി നഗരത്തിന് സമീപം തിരുവാണിയൂരുള്ള എംവിഎല്‍ ഡിവിഷന്‍ പ്ലാന്റും ഡെല്‍ഫിയുടെ ഭാഗമായി. ഫ്യൂച്ചര്‍ ടെക്കിന്റെ ഭാഗമാകാന്‍ വേണ്ടിപരമ്പരാഗത ബിസിനസ് വെര്‍ട്ടിക്കലുകള്‍ വെട്ടിമാറ്റുന്നതിന്റെ ഭാഗമായി ഡെല്‍ഫി അവരുടെ തെര്‍മല്‍, പവര്‍ട്രെയ്ന്‍ തുടങ്ങി നിരവധി ഡിവിഷനുകള്‍ വിറ്റൊഴിഞ്ഞു. ആഗോള മൊബിലിറ്റി സൊല്യൂഷന്‍ പ്രൊവൈഡറാകുന്നതിന്റെ ഭാഗമായി കൂടി 2017ല്‍ കമ്പനി ആപ്റ്റീവ് എന്ന് പുനര്‍നാമകരണം നടത്തി. ആരക്കുന്നത്തെ അത്യാധുനിക സമുച്ചയത്തിലാണ് ആപ്റ്റീവ് ഇന്ന് പ്രവര്‍ത്തിക്കുന്നത്.
ആഗോള വമ്പന്മാര്‍ അവരുടെ നൂതന ടെക്നോളജി ഉല്‍പന്നങ്ങള്‍ ഓരോ വര്‍ഷവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനെത്തുന്ന വേദിയാണ് യുഎസിലെ ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ (സിഇഎസ്). പരമ്പരാഗത ആശയങ്ങളെ കീഴ്മേല്‍ മറിക്കുന്ന നൂതന കണ്ടുപിടിത്തങ്ങള്‍ അണിനിരക്കുന്ന സിഇഎസിന്റെ 2026 എഡിഷനില്‍ ആപ്റ്റീവ് ഡെവലപ് ചെയ്തെടുത്ത കോക്പിറ്റ് കമ്പ്യൂട്ട് സിസ്റ്റവുമായി ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ കാര്‍, മഹീന്ദ്രയുടെ XEV 9E ഇവിടെ ഡിസ്പ്ലെ ചെയ്യപ്പെട്ടു. സിഇഎസിന്റെ മുന്‍കാല എഡിഷനുകളില്‍ ആപ്റ്റീവ് ഗ്ലോബല്‍ ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ വേദിയില്‍ എത്തിയിരുന്നത്. ഇതാദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ ബ്രാന്‍ഡുമായുള്ള പങ്കാളിത്തം. മഹീന്ദ്രക്കൊപ്പം അതില്‍ പങ്കാളിയാകാന്‍ സാധിച്ചത് അങ്ങേയറ്റം അഭിമാനം പകരുന്ന കാര്യമാണ്,'' ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസിലെ കമ്പനി സെക്രട്ടറിയും ആഗോളവേദികളില്‍ കമ്പനിയുടെ ബ്രാന്‍ഡ് പ്രതിനിധിയുമായ മഞ്ജുഷ മേനോന്‍ പറയുന്നു.
ആപ്റ്റീവിന്റെ കേരളത്തിലെ പ്രവര്‍ത്തനത്തിന്റെ പ്രാരംഭ കാലം മുതല്‍ കൂടെയുണ്ട് രമേഷ് നായര്‍. 2011ല്‍ പര്‍ച്ചേസിങ് ആന്‍ഡ് സപ്ലൈ ചെയിന്‍ വിഭാഗം മേധാവിയായി എഫ്സിഐയില്‍ കരിയര്‍ ആരംഭിച്ച ഇദ്ദേഹം, കമ്പനി ഡെല്‍ഫിയില്‍ ലയിച്ചപ്പോള്‍ അതിന്റെ ഭാഗമായി. 2015ല്‍ മാനേജിങ് ഡയറക്റ്ററായി. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് രമേഷ് നായര്‍. കോതമംഗലം എംഎ കോളെജില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും എടുത്ത രമേഷ് നായര്‍ ആപ്റ്റീവിന്റെ ഏഷ്യ പസഫിക് ലീഡര്‍ഷിപ്പ് ടീം അംഗവുമാണ്. ആപ്റ്റീവിന്റെ ഭാവി പദ്ധതികള്‍, കേരളത്തിന്റെ സാധ്യതകള്‍ എന്നിവയെല്ലാം അദ്ദേഹം വിശദീകരിക്കുന്നു.
ആപ്റ്റീവിന്റെ വളര്‍ച്ചായാത്രയില്‍ പങ്കാളിയാകാന്‍ സാധിച്ചുവെന്നതാണ് ഏറെ സന്തോഷകരം. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്കൊപ്പം ഞാന്‍ ചേരുമ്പോള്‍ 100 കോടിയില്‍ താഴെയായിരുന്നു വിറ്റുവരവ്. ഇലക്ട്രിക് വാഹനരംഗത്തുണ്ടായ കുതിച്ചുചാട്ടം കമ്പനിയുടെ വളര്‍ച്ചയിലും ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. നിലവില്‍ 1,000 കോടിക്ക് മുകളിലാണ് വിറ്റുവരവ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഓരോ വര്‍ഷവും പുതിയ ബിസിനസുകള്‍ക്കും ഓട്ടോമേഷനുമായി 40-50 കോടി രൂപ ഇവിടെ നിക്ഷേപിക്കുന്നു.
ചൈനയില്‍ ഓരോ ആറ് മാസത്തിലും കാര്‍ കമ്പനികള്‍ പുതിയ കാര്‍ പുറത്തിറക്കുന്നു. ആഗോളതലത്തിലെ കാര്‍ കമ്പനികളെല്ലാം തന്നെ അതിവേഗത്തില്‍ പുതിയ മോഡലുകള്‍ നിരത്തിലിറക്കാനുള്ള മത്സരത്തിലാണ്. ഗ്ലോബല്‍ ഇവന്റുകളില്‍ കണ്‍സെപ്റ്റ് മോഡല്‍ ഇറക്കി, രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ അത് സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ഞങ്ങളെ പോലുള്ള കമ്പനികള്‍ അതിനൊപ്പം അതിവേഗം സഞ്ചരിച്ചില്ലെങ്കില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വിശ്വസ്ത പങ്കാളികളായി തുടരാനാകില്ല. അത്യാധുനിക ടെക്നോളജി ഏറ്റവും ന്യായമായ ചെലവില്‍ അതിവേഗം നല്‍കാന്‍ സാധിക്കണം. പ്രൈസ്, ടെക്നോളജി, സ്പീഡ് എന്നീ മൂന്ന് ഘടകങ്ങളാണ് അതിപ്രധാനം. ഇതുപോലൊരു സാഹചര്യത്തില്‍ പ്രസക്തിയോടെ നിലനില്‍ക്കാന്‍ ഇന്നൊവേഷന്‍ കൊണ്ട് മാത്രമെ സാധിക്കൂ. ഒപ്പം സാധ്യമായത്ര ഓട്ടോമേഷന്‍ നടത്തുകയും വേണം. പ്രോഡക്റ്റ് ഓട്ടോമേഷനും പ്രോസസ് ഓട്ടോമേഷനും ഇവിടെ നിരന്തരം നടന്നുകൊണ്ടേയിരിക്കുന്നു. ആവര്‍ത്തന സ്വഭാവമുള്ള ജോലികള്‍ എഐ ടൂളുകളും ഓട്ടോമേഷനും നടപ്പാക്കി കൂടുതല്‍ കൃത്യതയോടെ അതിവേഗം തീര്‍ക്കുന്നു.
ഞങ്ങള്‍ മുറുകെപ്പിടിക്കുന്ന മൂല്യങ്ങള്‍ തികച്ചും വിഭിന്നമായൊരു സംസ്‌കാരം ആപ്റ്റീവില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇന്നൊവേഷന് കരുത്തേകുന്ന മറ്റൊരു ഘടകവും അതുതന്നെയാണ്.
Play to Win, Act with Urgency, One Team, Passion for Results, Think and Act Like Owners, Operate with Respect, Doing the right thing, The right way ഇവയാണ് ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍. ശരിയായ മാര്‍ഗത്തില്‍ എല്ലായ്പ്പോഴും ശരിയായത് തന്നെ ചെയ്യാനുള്ള ഞങ്ങളുടെ നിരന്തര പരിശ്രമം കൂടിയാണ് ഇന്നൊവേഷനെ ഒരു സംസ്‌കാരമായി കമ്പനിയില്‍ വളര്‍ത്തിയതും.
ആത്മാര്‍പ്പണവും വൈദഗ്ധ്യവുമുള്ള വര്‍ക്ക്‌ഫോഴ്‌സാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. കുറഞ്ഞ മലിനീകരണത്തോതും സമാധാനപരമായ അന്തരീക്ഷവും പോസിറ്റീവായ ഘടകങ്ങളാണ്. ഞങ്ങളുടെ കമ്പനിയില്‍ പുറത്തുനിന്ന് വരുന്നവര്‍ പകുതി കാര്യമായും പകുതി തമാശയായും ഇവിടെ ജോലി തരുമോ എന്ന് ചോദിക്കാറുണ്ട്. ഏറെ മികച്ച ജീവിതനിലവാരമുണ്ട് ഇവിടെയെന്ന് അവര്‍ പറയും. അതിനാണവര്‍ മൂല്യം കല്‍പിക്കുന്നതും. രാജ്യത്തെ രണ്ടാംനിര, മൂന്നാംനിര
പട്ടണങ്ങള്‍ എല്ലാ മേഖലയിലും മുന്നോട്ട് വരികയാണ്. സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു തെങ്കാശിയില്‍ ചെയ്തത് പോലൊരു അത്ഭുതം കേരളത്തിലെ ചെറുപട്ടണങ്ങളില്‍ ആവര്‍ത്തിക്കപ്പെടാം.
I will not accept status quo (എക്കാലവും തല്‍സ്ഥിതി തുടരുന്നത് എനിക്ക് സ്വീകാര്യമല്ല). എപ്പോഴും ഒരുകാര്യം ഒരുപോലെ തന്നെ ചെയ്യണമെന്നില്ല. തല്‍സ്ഥിതിയെ നമുക്ക് വെല്ലുവിളിക്കാം. എന്നും എപ്പോഴും ഒരുപോലെ കാര്യങ്ങള്‍ ചെയ്ത ശേഷം വ്യത്യസ്തമായൊരു ഫലം പ്രതീക്ഷിക്കാനാവില്ല. അത് തോല്‍ക്കാന്‍ വേണ്ടിയുള്ള ആസൂത്രണമാണ്. വ്യക്തിയുടെയും സിസ്റ്റത്തിന്റെയും റിസള്‍ട്ട് മെച്ചപ്പെടുത്താന്‍ വിഘാതമായി നില്‍ക്കുന്ന ഘടകമെന്താണോ, അത് കണ്ടെത്തി മാറ്റണം. എല്ലാവര്‍ക്കും അവരവരുടെ കഴിവുകളെ കുറിച്ച് സ്വയം ബോധ്യമുണ്ടാവണമെന്നില്ല. കഴിവും താല്‍പര്യവുമുള്ള മേഖലകളില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍ വ്യക്തിയും കൂടെ പ്രസ്ഥാനവും വളരും.
മികച്ച കരിയര്‍ ലക്ഷ്യമിടുന്ന യുവസമൂഹം അവരുടെ വൈദഗ്ധ്യം അനുദിനം മെച്ചപ്പെടുത്തുക. കോളെജ് വിദ്യാഭ്യാസം കൊണ്ട് മാത്രം പുതിയകാലത്തെ ജോലികള്‍ ചെയ്യാനുള്ള നൈപുണ്യം നേടാനാവില്ല. അതുകൊണ്ട് നൈപുണ്യ വികസനത്തിനുള്ള മാര്‍ഗങ്ങള്‍ തേടുക. വൈദഗ്ധ്യം വളര്‍ത്തുക.
എന്നും, എപ്പോഴും പുതിയ ആശയങ്ങളിലേക്ക് മനസിനെ തുറന്നുവെക്കുക. നിങ്ങള്‍ ഒരു സ്പോഞ്ച് പോലെയാകണം. ചുറ്റിലും കാണുന്ന എന്തില്‍ നിന്നും, ആരില്‍ നിന്നും നല്ലത് ഒപ്പിയെടുക്കണം. വിജ്ഞാനദാഹം ഒരുകാലത്തും അടങ്ങരുത്. ഒരിക്കല്‍ ഞാന്‍ കരിയറില്‍ മാറ്റം വരുത്തേണ്ടി വന്നപ്പോള്‍, പുതിയ ചില കാര്യങ്ങള്‍ എനിക്കറിയില്ലായിരുന്നു. ഒരു ദിവസം ഒരു പുതിയ കാര്യം പഠിക്കുകയെന്ന ശീലം അന്ന് ഞാന്‍ സ്വീകരിച്ചു. ഇന്നും അത് തുടരുന്നു. അറിയാത്തവ അറിയുന്നവരോട് ചോദിച്ച് പഠിക്കും.
ഞാന്‍ കേരളത്തില്‍ പഠിച്ച വ്യക്തിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഭിന്ന രാജ്യക്കാര്‍ക്കൊപ്പം എനിക്ക് ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മനസിലായ കാര്യമുണ്ട്; നാം ആരെക്കാളും പിന്നിലല്ല. അങ്ങനെയൊരു അപകര്‍ഷതാബോധം നമ്മുടെ യുവസമൂഹത്തിന് വേണ്ട. നമ്മള്‍ നിരന്തരം വിജ്ഞാനം ആര്‍ജിച്ചാല്‍, വൈദഗ്ധ്യം വളര്‍ത്തിയാല്‍, പുതിയ ആശയങ്ങളോട് തുറന്ന മനസ്ഥിതി തുടര്‍ന്നാല്‍ നമുക്കും പരിധിയില്ലാതെ വളരാം.
(Originally published in Dhanam Magazine March 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine