ജിഗ് വോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഓ യെസ് എഐ വേര്‍ഷന്‍ ലോഗോ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പുറത്തിറക്കുന്നു. മിലന്‍ മാത്യു, ടിഞ്ജു പത്മനാഭന്‍, അഡ്വ. ഷൈജു എന്നിവര്‍ സമീപം  
Business Kerala

വീട്ടുപകരണങ്ങള്‍ പണിമുടക്കിയാല്‍ ഇനി നിങ്ങള്‍ക്ക് സ്വയം പരിഹരിക്കാനാകും, ഇല്ലെങ്കില്‍ ടെക്‌നീഷ്യന്‍ പറന്നെത്തും, 'ഓ യെസ് എ.ഐ ആപ്' പുറത്തിറക്കി

ഇലക്ട്രിക്കല്‍, പ്ലംബിംഗ്, ക്ലീനിംഗ്, അപ്ലയന്‍സസ് വര്‍ക്ക് തുടങ്ങിയ ഗാര്‍ഹിക സേവനങ്ങള്‍ ഈ എ.ഐ ആപ്പിലൂടെ ലഭ്യം

Dhanam News Desk

പലപ്പോഴും രാവിലെ എഴുന്നേറ്റ് വാഷിംഗ് മെഷീന്‍ ഓണ്‍ ചെയ്യുമ്പോഴാകും അത് പണി മുടക്കുക. എന്തും ചെയ്യും എന്നറിയാതെ ഇനി വിഷമിക്കണ്ട, ഒന്നെങ്കില്‍ പരിഹാരം പറഞ്ഞു തരും. അല്ലെങ്കില്‍ ടെക്‌നീഷ്യനെ വീട്ടിലെത്തിക്കും. അതാണ് ഓ യെസ് എ.ഐ ആപ്. വെറുതെ ഗുഗ്‌ളില്‍ ഓ യെസ് എ.ഐ ആപ്പ് എടുത്ത് നിങ്ങളുടെ പ്രശ്‌നം പറഞ്ഞാല്‍ മതി. ഉദാഹരണത്തിന് വാഷിംഗ് മെഷീന്റെ ഉള്ളിലേക്ക് വെള്ളം വീഴുന്നില്ല എന്നതാണ് പ്രശ്‌നമെങ്കില്‍ അതൊരു അതൊരു വോയ്‌സ് മെസേജാക്കി നല്‍കിയാല്‍ മതി. അപ്പോള്‍ അതിനു ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍ ഈ ആപ് പറഞ്ഞു തരും. നിങ്ങള്‍ ടാപ്പ് തുറന്നു കാണില്ല, അല്ലെങ്കില്‍ ഫില്‍റ്റര്‍ അടഞ്ഞു പോയതാകും അതൊന്നു ക്ലീന്‍ ചെയ്തു വയ്ക്കൂ എന്നൊക്കെ. ഇതിലും തീര്‍ന്നില്ലെങ്കില്‍ ബന്ധപ്പെട്ട സര്‍വീസ് പ്രൊവൈഡറെ വീട്ടിലെത്തിക്കും.

കൊച്ചി ആസ്ഥാമായ ജിഗ് വോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് 2021 ല്‍ അവതരിപ്പിച്ച ഓ യെസ് ആപ്പിന്റെ എ ഐ വേര്‍ഷനാണ് ഓ യെസ് എ ഐ. ലോകത്തിലെ ആദ്യത്തെ നിര്‍മിത ബുദ്ധി കേന്ദ്രീകൃത ഗാര്‍ഹിക സേവന പ്ലാറ്റ്‌ഫോമാണ്‌ ഓ യെസ് എ ഐ. നിലവില്‍ രണ്ടായിരത്തോളം സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഈ പ്ലാറ്റ്‌ഫോമുമായി കൈകോര്‍ത്തിട്ടുണ്ട്.

ഇലക്ട്രിക്കല്‍, പ്ലംബിംഗ്, അപ്ലയന്‍സസ് വര്‍ക്ക്, ക്ലീനിംഗ്, ഡീപ് ക്ലീനിംഗ്, പെയിന്റിംഗ്, ടൈല്‍ വര്‍ക്ക് തുടങ്ങി വീടുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന സേവനങ്ങളെല്ലാം ആപ്പ് വഴി ലഭിക്കും.

നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് ലഭ്യമെങ്കിലും അധികം വൈകാതെ പ്രാദേശിക ഭാഷകളിലും ആശയ വിനിമയം സാധ്യമാക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ ബ്രൗസര്‍ വഴി നേരിട്ട് കാര്യങ്ങള്‍ പറയാം എന്നതാണ് ഇതിന്റെ ഗുണം. നിരവധി ആപ്പുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്നത് പലപ്പോഴും ഉപയോക്താക്കള്‍ക്ക് അസൗകര്യം സൃഷ്ടിക്കാറുണ്ട്. ഇത് മനസിലാക്കിയാണ് എ.ഐ പതിപ്പ് അവതരിപ്പിക്കുന്നതെന്ന് ഓ യെസ് സി.ഇ.ഒ ടിഞ്ജു പത്മനാഭന്‍ പറഞ്ഞു.

ടെക്‌നീഷ്യന്മാര്‍ക്ക് പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് അപ്‌ഡേറ്റ് ആകാനും പ്രയോജനപ്രദമാകുന്ന വിധത്തിലുള്ളതാണ് എ.ഐ ആപ്പ്.

കൊച്ചി, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിലാണ് നിലവില്‍ ഓ യെസ് ആപ്പ് സേവനം ലഭ്യമാക്കിയിട്ടുള്ളത്. യു.എസിലെ ഷിക്കാഗോയിലും സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിലന്‍ മാത്യുവാണ് കമ്പനിയുടെ മറ്റൊരു പങ്കാളി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT