Image : asterhospitals.ae /canva 
Business Kerala

ഗള്‍ഫില്‍ ഇനി ആസ്റ്റര്‍ ജി.സി.സി; ഇന്ത്യയില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറും, നിക്ഷേപകരെ കാത്ത് മികച്ച ലാഭവിഹിതം

ഇന്നലെ റെക്കോഡ് ഉയരംതൊട്ട ആസ്റ്റര്‍ ഓഹരികള്‍ ഇന്നും നേട്ടത്തില്‍

Dhanam News Desk

മലയാളിയായ ഡോ.ആസാദ് മൂപ്പന്‍ നയിക്കുന്ന ഹോസ്പിറ്റലല്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ ഇന്നലെ എട്ട് ശതമാനത്തിലധികം കുതിച്ച് എക്കാലത്തെയും ഉയരമായ 478.30 രൂപയിലെത്തി. ബി.എസ്.ഇയിലും എന്‍.എസ്.ഇയിലുമായി 22 ലക്ഷം ഓഹരികളാണ് ഇന്നലെ കൈമാറ്റം ചെയ്യപ്പെട്ടത്. ഇന്നും രാവിലത്തെ സെഷനില്‍ രണ്ട് ശതമാനത്തോളം ഉയര്‍ന്ന ആസ്റ്റര്‍ ഓഹരികള്‍ നിലവില്‍ 474.65 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഒരു വര്‍ഷക്കാലയളവില്‍ 113 ശതമാനത്തിലധികം നേട്ടമാണ് ഓഹരി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 40 ശതമാനവും വളര്‍ച്ച നേടി.

ഇനി രണ്ട് സ്വതന്ത്ര സ്ഥാപനങ്ങള്‍

ഗള്‍ഫിലെയും ഇന്ത്യയിലെയും ബിസിനസുകള്‍ വിഭജിച്ച ആസ്റ്റര്‍ ഇനി രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായിരിക്കുമെന്ന്  കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച ഇന്‍വെസ്റ്റര്‍ പ്രസന്റേഷനില്‍ അറിയിച്ചതാണ് ഓഹരികളില്‍ റാലിക്കിടയാക്കിയത്.

വേര്‍പിരിയലിനു ശേഷം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ ബിസിനസില്‍ മാത്രം ശ്രദ്ധയൂന്നുന്ന ലിസ്റ്റഡ് സ്ഥാപനമായി തുടരും. ഗള്‍ഫ് ബിസിനസ് ആസ്റ്റര്‍ ജി.സി.സി എന്ന പേരിലാകും അറിയപ്പെടുക. ദുബൈയിലെ ആല്‍ഫ ജി.സി.സി ഹോള്‍ഡിംഗ്‌സ് ലിമിറ്റഡാണ് ഏകദേശം 13,540 കോടി രൂപയ്ക്ക് ഗള്‍ഫ് ബിസിനസ് ഏറ്റെടുത്തത്. ആസ്റ്റര്‍ ഗ്രൂപ്പും ഫജ്ര്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ആല്‍ഫ.

ആല്‍ഫയില്‍ 35 ശതമാനം ഓഹരികള്‍ ഡോ.ആസാദ് മൂപ്പന്‍ നയിക്കുന്ന അഫിനിറ്റി ഹോള്‍ഡിംഗ്‌സിനുണ്ടാകും. ബാക്കി 65 ശതമാനം ഫജ്ര്‍ ക്യാപിറ്റലിനായിരിക്കും. കൂടുതല്‍ ഓഹരി കൈവശം വയ്ക്കുന്ന ഫജ്ര്‍ ക്യാപിറ്റലായിരിക്കും ഗള്‍ഫ് ബിസിനസ് നിയന്ത്രിക്കുക. യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്‌റിന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലാണ് ഗള്‍ഫ് ബിസിനസ് ശ്രദ്ധികേന്ദ്രീകരിക്കുന്നത്. 

നിക്ഷേപകർക്ക് ലാഭവീതം 

ഇരു ബിസിനസുകള്‍ക്കും മികച്ച വളര്‍ച്ച ഉറപ്പാക്കുക, ഓഹരി ഉടമകള്‍ക്ക് മെച്ചപ്പെട്ട മൂല്യം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിഭജനം. ഗള്‍ഫ് ബിസിനസ് വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തില്‍ വലിയൊരു പങ്ക് ഡിവിഡന്‍ഡ് നല്‍കാനായി വിനിയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഓഹരിക്ക് 110-120 രൂപ ഡിവിഡന്‍ഡ് നല്‍കാനാണ് തീരുമാനം. ബാക്കി തുക കമ്പനിയുടെ ഭാവി വളര്‍ച്ച ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.

ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരണം

ഇന്ത്യ ബിസിനസില്‍ 41.88 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ക്കും ബാക്കി 58.12 ശതമാനം പൊതു ഓഹരിയുടമകളുടെ കൈയിലുമാണ്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ഒന്നാമത്തെയും വലിയ ആശുപത്രി ശൃംഖലയാണ് ആസ്റ്റര്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടിയിട്ടുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി ഒമ്പത് ആശുപത്രികളാണ് ആസ്റ്ററിനുള്ളത്. ഇതു കൂടാതെ മഹാരാഷ്ട്രയിലും തെലങ്കാനയിലും ആസ്റ്ററിന് സാന്നിധ്യമുണ്ട്. ഇന്ത്യയില്‍ നിലവില്‍ 4,857 കിടക്കകളാണ് ആസ്റ്ററിനുള്ളത്. 2026-27 സാമ്പത്തിക വര്‍ഷത്തോടെ ഇത് 6,616 കിടക്കകളാക്കി ഉയര്‍ത്താനാണ് പദ്ധതി.

ലാഭം കൂടി 

 2023 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ആസ്റ്ററിന്റെ സംയോജിത ലാഭം തൊട്ടു മുന്‍സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 28.6 ശതമാനം വര്‍ധിച്ച് 179.21 കോടി രൂപയായി. വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനയോടെ 3,710.61 കോടി രൂപയുമായി. ഇന്ത്യ ബിസിനസിലെ വരുമാനം ഇക്കാലയളവില്‍ 23 ശതമാനം വര്‍ധിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT