Image : asterhospitals.ae /canva 
Business Kerala

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ലാഭത്തില്‍ ഇടിവ്, വരുമാനം കൂടി, ഓഹരിക്കും വീഴ്ച

ഓഹരിയൊന്നിന് നാല് രൂപ വീതം ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചു

Resya Raveendran

മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത്‌കെയര്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ 64.39 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 65.37 കോടി രൂപയില്‍ നിന്ന് 1.50 ശതമാനത്തിന്റെ ഇടിവുണ്ട്. സെപ്റ്റംബര്‍ പാദത്തിലെ 105.76 കോടി രൂപയുമായി നോക്കുമ്പോള്‍ 39.12 ശതമാനമാണ് ഇടിവ്.

ഇക്കാലയളവില്‍ ആസ്റ്ററിന്റെ വരുമാനം 1,082.80 കോടി രൂപയായി. തൊട്ടു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 963.87 രൂപയില്‍ നിന്ന് 12.34 ശതമാനം വര്‍ധിച്ചു. അതേസമയം, സെപ്റ്റംബര്‍ പാദത്തിലെ വരുമാനത്തേക്കാള്‍ 3.47 ശതമാത്തിന്റെ ഇടിവുണ്ട്.

കമ്പനിയുടെ ലയനവുമായി ബന്ധപ്പെട്ട് 23.72 കോടി രൂപയുടെ ആവര്‍ത്തനേതര ചെലവ് വന്നതാണ് ലാഭത്തെ ബാധിച്ചതെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരിയൊന്നിന് നാല് രൂപ വീതം ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ലയനത്തിന് അനുമതിയായി

ക്വാളിറ്റി കെയറുമായുള്ള ലയനത്തിന് ഓഹരിയുടമകളുടെ അനുമതി ലഭിച്ചതായും ആസ്റ്റര്‍ അറിയിച്ചു. സി.സി.ഐ, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, എന്‍.സി.എല്‍.ടി എന്നിവയില്‍ നിന്ന് അനുമതി ലഭിച്ചശേഷം ഇടപാട് പൂര്‍ത്തിയാകും.

മൂന്നാം പാദത്തിലെ വളര്‍ച്ചയില്‍ സംതൃപ്തിയുണ്ടെന്നും പ്രവര്‍ത്തനമികവും ശേഷി വിപുലീകരണവും പ്രതിഫലിക്കുന്നുണ്ടെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും സ്ഥാപകനുമായ ആസാദ് മൂപ്പന്‍ പറഞ്ഞു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ഒമ്പത് മാസക്കാലയളവില്‍ ഇന്ത്യ ബിസിനസ് 15 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,138 കോടി രൂപയിലെത്തി. ഒമ്പത് മാസക്കാലയളവില്‍ പ്രവര്‍ത്തന ലാഭം 35 ശതമാനം വളര്‍ച്ചയോടെ 613 കോടി രൂപയും ഇന്ത്യ ബിസിനസ് വിഭജനത്തിന്റെ ചെലവുകള്‍ കഴിച്ചുള്ള ലാഭം 65 ശതമാനം ഉയര്‍ന്ന് 251 കോടി രൂപയുമായതായി ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി.

2027 സാമ്പത്തിക വര്‍ഷത്തോടെ 1,700 കിടക്കകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് 6,800 കിടക്കകളിലത്തിക്കാനാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ലക്ഷ്യം വയ്ക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT