Business Kerala

പതുക്കെ, കാലിടറാതെ...അറ്റ്ലസ് രാമചന്ദ്രൻ തിരിച്ചുവരവിനൊരുങ്ങുന്നു!

Dhanam News Desk

ബാങ്കുകളെയും സർക്കാരിനെയും പറ്റിച്ച് മുങ്ങിയ നീരവ് മോദിമാർക്ക് വേണ്ടി പോലീസും എൻഫോഴ്‌സ്‌മെന്റും നാടാകെ വലവിരിച്ചിരിക്കുമ്പോൾ, അറ്റ്ലസ് രാമചന്ദ്രൻ എന്ന വ്യവസായിയുടെ ജയിൽ മോചനം ആഘോഷമാക്കുകയാണ് നിക്ഷേപകർ.

വായ്പ തിരിച്ചടക്കാതിരുന്നതിനാണ് മലയാളിയും അറ്റ്ലസ് ജുവല്ലറി ഉടമയുമായ എം എം രാമചന്ദ്രൻ ദുബായിയിൽ മൂന്ന് വര്ഷത്തേയ്ക് ജയിലിലടക്കപ്പെട്ടത്. ഇപ്പോൾ രണ്ട് വർഷത്തിന് ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

റിപ്പോർട്ടുകളനുസരിച്ച് 2015 ൽ 550 ദശലക്ഷം ദിർഹം കടം ഉണ്ടായിരുന്ന രാമചന്ദ്രൻ ജയിൽ മോചിതനായ ശേഷം ഓരോന്നായി കടങ്ങൾ വീട്ടിക്കൊണ്ടിരിക്കുന്ന തിരക്കിലാണ്. ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരിച്ച് നല്കാനുണ്ടായിരുന്ന കടം ഒമാനിലെ ചില ആസ്തികൾ വിറ്റാണ് വീട്ടിയതെന്നാണ് ലഭ്യമായ വിവരങ്ങൾ. കടങ്ങളെല്ലാം തീർന്ന് കമ്പനി ഉയർത്തെഴുന്നേൽക്കും എന്ന വിശ്വാസമാണ് നിക്ഷേപകർക്ക്.

കടക്കെണിയിലായപ്പോൾ ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള അൻപതോളം ഷോറൂമുകൾ അദ്ദേഹത്തിന് പൂട്ടേണ്ടി വന്നു. ഇപ്പോൾ യു.എ.ഇ യിലെ ഒരു സ്റ്റോർ ഉടനെ തുറക്കാനാകുമെന്നാണ് രാമചന്ദ്രൻ പ്രതീക്ഷിക്കുന്നത്.

ദുബായിയിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2020 ഓടെ കുറഞ്ഞത് 10 ഷോറൂമുകളെങ്കിലും തുറക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT