Image by Canva 
Business Kerala

17% ശമ്പള വര്‍ധന, ശനിയാഴ്ച അവധി; ഒടുവില്‍ കോളടിച്ച് ബാങ്ക് ജീവനക്കാര്‍, വനിതകള്‍ക്ക് കരുതല്‍

വേതന വര്‍ധനയ്ക്ക് 2022 നവംബര്‍ മുതല്‍ പ്രാബല്യം

Dhanam News Desk

ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ഉറപ്പു നല്‍കുന്ന ഉഭയകക്ഷിക്കരാറില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും ഒപ്പുവച്ചു.  രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും വേതനവര്‍ധന, പെന്‍ഷന്‍, സേവന വ്യവസ്ഥ പരിഷ്‌കരണം എന്നിവ ഉറപ്പാക്കുന്നതാണ് പന്ത്രണ്ടാം ഉഭയകക്ഷിക്കരാര്‍. 2022 നംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള  വര്‍ധന പരിഷ്‌കരിച്ചിരിക്കുന്നത്.

പന്ത്രണ്ട് പൊതുമേഖല ബാങ്കുകള്‍, പത്ത് സ്വകാര്യ ബാങ്കുകള്‍, മൂന്ന് വിദേശ ബാങ്കുകള്‍ എന്നിവയ്ക്കായി ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ഭാഗമായ അഞ്ച് വര്‍ക്ക്‌മെന്‍ യൂണിയനുകളും നാല് ഓഫീസര്‍ സംഘടനകളുമാണ് കരാര്‍ ഒപ്പുവച്ചത്.

എട്ട് ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും. കാലാവധി അഞ്ച് വര്‍ഷമാണ്. ശമ്പള പരിഷ്‌കരണം മൂലം 12,449 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

വനിതകൾക്ക് കരുതൽ 

ക്ലറിക്കല്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം തുടക്കത്തില്‍ 17,900 ആയിരുന്നത് 24,050 രൂപയാകും. സര്‍വീസിന്റെ അവസാനമുള്ള അടിസ്ഥാന ശമ്പളം 65,830 രൂപയില്‍ നിന്ന് 93,960 രൂപ വരെയാകും. പ്യൂണ്‍, ബില്‍ കളക്ടര്‍ തുടങ്ങിയ സബോര്‍ഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാന ശമ്പളം 14,500 രൂപയില്‍ നിന്ന് 19,500 രൂപയാക്കി. സര്‍വീസിന്റെ അവസാനമുള്ള അടിസ്ഥാന ശമ്പളം 37,145 രൂപയില്‍ നിന്ന് 52,160 രൂപയാകും.

വനിതാ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ തന്നെ മാസത്തില്‍ ഒരു ദിവസം മെഡിക്കല്‍ ലീവ് അനുവദിക്കും. ഒറ്റപ്രസവത്തില്‍ രണ്ടിലധികം കുട്ടികളുണ്ടെങ്കില്‍ വനിതാ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധിയും ലഭിക്കും.

അനുമതി കാത്ത് 'ശനിയാഴ്ച അവധി'

ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. നിലവില്‍ ഒന്നും മൂന്നും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമാണ്. ശനിയാഴ്ച അവധി നടപ്പാക്കുമ്പോള്‍ മറ്റ് ദിവസങ്ങളില്‍ പ്രവൃത്തി സമയം 45 മിനിറ്റ് കൂട്ടുന്നതാണ് പരിഗണനയിലുള്ളത്.

2022 ഒക്ടോബര്‍ 21ന് നല്‍കിയ അവകാശപത്രികയെ തുടര്‍ന്ന് 2023 ജൂലൈ 28നാണ് ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചത്. തുടര്‍ന്ന് ആറു വട്ടം ചര്‍ച്ചകള്‍ക്ക് ശേഷം ഡിസംബര്‍ ഏഴിന്‌ ധാരാണാപത്രം ഒപ്പുവയ്ക്കുകയും ജനുവരി 12, ഫെബ്രുവരി 13 തീയതികളില്‍ നടന്ന ചര്‍ച്ചകളില്‍ അന്തിമ കരാറിന് രൂപം നല്‍കുകയും ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT