Image by Canva 
Business Kerala

ആര്‍.ബി.ഐ ഇളവ് തുണച്ചു; ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത് 700 കോടി ഡോളറിന്റെ എഫ്.സി.എന്‍.ആർ നിക്ഷേപങ്ങൾ

വിദേശ കറന്‍സി നിക്ഷേപങ്ങള്‍ സമാഹരിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ പ്രത്യേക വിന്‍ഡോയ്ക്ക് മികച്ച പ്രതികരണം; ലിവറേജ് നിയമങ്ങളിലെ വ്യക്തത ബാങ്കുകള്‍ക്ക് കരുത്തായി.

Dhanam News Desk

വിദേശ കറന്‍സി നിക്ഷേപം (FCNR-B) വര്‍ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് (RBI) പ്രഖ്യാപിച്ച പ്രത്യേക ഇളവുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലേക്ക് വന്‍തോതില്‍ ഡോളര്‍ നിക്ഷേപം ഒഴുകിയെത്തുന്നു. ആര്‍.ബി.ഐ പ്രഖ്യാപിച്ച ഉദാരമായ നിബന്ധനകളും ലിവറേജ് നിയമങ്ങളിലെ (Leverage Rules) വ്യക്തതയും പ്രയോജനപ്പെടുത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ബാങ്കുകള്‍ 700 കോടി ഡോളറിന്റെ (ഏകദേശം 66,000 കോടിയിലധികം രൂപ) എഫ്.സി.എന്‍.ആര്‍ (ബി) നിക്ഷേപങ്ങള്‍ ബുക്ക് ചെയ്തതായി ബാങ്കിംഗ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഡോളര്‍ ലഭ്യത ഉറപ്പാക്കാനും രൂപയുടെ മൂല്യം നിലനിര്‍ത്താനുമായി 3 മുതല്‍ 5 വര്‍ഷം വരെയുള്ള പുതിയ എഫ്.സി.എന്‍.ആര്‍ നിക്ഷേപങ്ങളുടെ ഹെഡ്ജിംഗ് ചെലവ് പൂര്‍ണമായും കേന്ദ്ര ബാങ്ക് വഹിക്കുമെന്ന് ജൂണ്‍ ആദ്യവാരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കുകളുടെ ഈ വലിയ നേട്ടം.

വ്യക്തത നല്‍കി ആര്‍.ബി.ഐ; ബാങ്കുകള്‍ക്ക് ആശ്വാസം

എഫ്.സി.എന്‍.ആര്‍ നിക്ഷേപങ്ങള്‍ക്ക് മേല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗ്യാരന്റികളോ ലിവറേജോ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് ചില ആശങ്കകള്‍ ഉണ്ടായിരുന്നു. ഇത് നിക്ഷേപ സമാഹരണത്തെ ബാധിക്കുമോ എന്ന സംശയത്തിനാണ് ഇപ്പോള്‍ ആര്‍.ബി.ഐ വ്യക്തത വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ബാങ്കുകള്‍ക്ക് ഇത്തരം നിക്ഷേപങ്ങള്‍ക്ക് മേല്‍ വായ്പ നല്‍കാനും വിദേശ കടം കൊടുക്കുന്നവര്‍ക്ക് സ്റ്റാന്‍ഡ്ബൈ ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് (SBLC) ഇഷ്യൂ ചെയ്യാനും സാധിക്കും.

നിക്ഷേപങ്ങളുടെ നിയമപരമായ പരിധികള്‍ ലംഘിക്കാതെ തന്നെ ബാങ്കുകള്‍ക്ക് കൂടുതല്‍ തുക സമാഹരിക്കാന്‍ ഈ വ്യക്തത സഹായകരമായി. ലിവറേജ് ചട്ടങ്ങളില്‍ ഇളവ് ലഭിച്ചതോടെയാണ് വന്‍കിട ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെ വേഗത്തില്‍ 7 ബില്യണ്‍ ഡോളറോളം അക്കൗണ്ടുകളിലേക്ക് എത്തിച്ചത്.

പലിശ നിരക്കുകളില്‍ വലിയ വര്‍ധന

ആര്‍.ബി.ഐ ഹെഡ്ജിംഗ് ചെലവ് (ഏകദേശം 2.5 മുതല്‍ 3 ശതമാനം വരെ) പൂര്‍ണമായി ഏറ്റെടുത്തതോടെ ബാങ്കുകള്‍ക്ക് പ്രവാസി നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാന്‍ വഴിതുറന്നു. ഇതോടെ യു.എസ് ഡോളര്‍ എഫ്.സി.എന്‍.ആര്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്കുകള്‍ കുത്തനെ കൂട്ടിയിട്ടുണ്ട്. മുന്‍പ് 3-4 ശതമാനം മാത്രം പലിശ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6 മുതല്‍ 7.10 ശതമാനം വരെ പലിശയാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്.

ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ 3 മുതല്‍ 5 വര്‍ഷം വരെയുള്ള ഡോളര്‍ നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. സി.എസ്.ബി ബാങ്ക് (CSB Bank) 5 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.05 ശതമാനം വരെ പലിശ നല്‍കുന്നു. യുകോ ബാങ്ക്, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 7.10 ശതമാനവും അതിനുമുകളിലും പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) കാലാവധി അനുസരിച്ച് പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിന്നും 5.75 ശതമാനത്തിലേക്കും ഉയര്‍ത്തിയിട്ടുണ്ട്.

കേരളത്തിനും നേട്ടം

എന്‍.ആര്‍.ഐ നിക്ഷേപങ്ങളില്‍ വലിയ പങ്കുള്ള കേരളത്തിലെ ബാങ്കുകള്‍ക്കും പ്രവാസികള്‍ക്കും ഈ ഇളവുകള്‍ വലിയ അവസരമാണ് തുറന്നുനല്‍കുന്നത്. വിദേശ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് (CDs) നിലവില്‍ പരമാവധി 4-5 ശതമാനം മാത്രം പലിശ ലഭിക്കുമ്പോള്‍, ഇന്ത്യയിലെ ബാങ്കുകളില്‍ ഡോളര്‍ രൂപത്തിലോ മറ്റ് വിദേശ കറന്‍സി രൂപത്തിലോ തന്നെ നിക്ഷേപിച്ച് 7 ശതമാനം വരെ നികുതിരഹിത പലിശ നേടാന്‍ പ്രവാസി മലയാളികള്‍ക്ക് സാധിക്കും. ഇത് കേരളത്തിലെ ബാങ്കുകളിലേക്കുള്ള പ്രവാസി നിക്ഷേപ വളര്‍ച്ചയും വേഗത്തിലാക്കും. കേരളം ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഫെഡറല്‍ ബാങ്ക് 3 മുതല്‍ 5 വര്‍ഷം വരെയുള്ള ഡോളര്‍ നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശയും നല്‍കുന്നു.

2026 സാമ്പത്തിക വര്‍ഷത്തില്‍ എന്‍.ആര്‍.ഐ ഡോളര്‍ നിക്ഷേപങ്ങളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷത്തെ 7 ബില്യണ്‍ ഡോളറില്‍ നിന്ന് ഇന്‍ഫ്‌ലോ 1 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്ന സാഹചര്യത്തിലാണ് ആര്‍.ബി.ഐ ഈ സവിശേഷ വിന്‍ഡോ തുറന്നത്. സെപ്റ്റംബര്‍ 30 വരെയാണ് ഈ പ്രത്യേക സ്‌കീമിലൂടെ ബാങ്കുകള്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതിയുള്ളത്. ഈ കാലയളവിനുള്ളില്‍ 30 മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെ രാജ്യത്തേക്ക് ഒഴുകിയെത്തുമെന്നാണ് പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT