കട്ടിയുള്ള കയര്‍ മാറ്റുകളിലും പരമ്പരാഗത കാര്‍പ്പറ്റുകളിലും മാത്രം ഒതുങ്ങിനിന്ന കയര്‍ വ്യവസായം വഴിമാറുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വന്‍ പ്രിയമുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലേക്ക് (By-products) വിപണി ശ്രദ്ധ കേന്ദ്രീകരിച്ചതോടെ പുതിയൊരു ബിസിനസ് വിപ്ലവത്തിനാണ് മേഖല സാക്ഷ്യം വഹിക്കുന്നത്. തമിഴ്‌നാടും കേരളവും പ്രധാന പങ്കുവഹിക്കുന്ന 2,500 കോടി രൂപയുടെ കയറ്റുമതി വിപണിയിലേക്ക് പുതിയ സംരംഭകര്‍ക്ക് സുഗമമായി കടന്നുവരാന്‍ വലിയ സാധ്യതകളാണ് ഇതിലൂടെ തെളിയുന്നതെന്ന് കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രദീഷ് ജി പണിക്കര്‍ പറയുന്നു.
നിലവില്‍ പരമ്പരാഗത രംഗത്തുള്ള ലെഗസി പ്ലെയേഴ്സ് മാത്രമാണ് മേഖലയിലുള്ളത്; പുതിയ ആളുകള്‍ കടന്നുവരുന്നില്ല എന്നതുതന്നെയാണ് വലിയ അവസരമായി മാറുന്നത്. കേരളത്തില്‍ ലഭ്യമാകുന്ന കയറിന്റെ 50 ശതമാനം പോലും ഇവിടെ നിലവില്‍ പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ കയര്‍ സ്പിന്നിംഗിനും കയര്‍ പിത്തിനുമാണ് നിലവില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. കയര്‍ മേഖലയില്‍ നിക്ഷേപത്തിന് അവസരമുള്ള ചില മേഖലകള്‍ നോക്കാം.
കയര്‍ പ്രോസസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ചകിരിച്ചോറ് (Pith) ഇന്ന് കയറ്റുമതി വിപണിയിലെ പ്രധാന താരമാണ്. ആഗോള കയര്‍ കയറ്റുമതിയുടെ 40 മുതല്‍ 50 ശതമാനം വരെ വിഹിതവും പിത്തിനാണ്. ഇലക്ട്രിസിറ്റി കണ്ടക്ടിവിറ്റി (EC) പ്രക്രിയയിലൂടെ കഴുകി ശുദ്ധീകരിച്ച് 5 കിലോയുടെ ബ്ലോക്കുകളാക്കിയാണ് ഇവ തയ്യാറാക്കുന്നത്. വെള്ളമൊഴിച്ചാല്‍ 15 മുതല്‍ 20 ദിവസം വരെ ഈര്‍പ്പം നിലനിര്‍ത്താനുള്ള (Water Retention) ശേഷിയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലുമാണ് ഇതിന് വന്‍ വിപണിയുള്ളത്. വീടുകളിലെ പ്ലാന്റേഷനുകള്‍, വന്‍കിട കാര്‍ഷിക ആവശ്യങ്ങള്‍, ലാന്‍ഡ് ഫില്ലിംഗ് എന്നിവയ്‌ക്കെല്ലാം നാച്ചുറല്‍ ഗ്രോയിംഗ് മീഡിയമായി കോക്കോ പിത്ത് ഉപയോഗിക്കുന്നു.
കേരളത്തില്‍ കയര്‍ പിരിക്കാന്‍ ആവശ്യമായ ചകിരിയുടെ കുറവുണ്ടെങ്കില്‍ പോലും തമിഴ്‌നാട്ടില്‍ നിന്ന് ചകിരി വാങ്ങി ഇവിടെ പിരിച്ചെടുത്താല്‍ വന്‍ ലാഭം കൊയ്യാന്‍ സാധിക്കും. ഒരു ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന് 5 ലക്ഷം രൂപയോളമാണ് വില. അത്തരം 5 മെഷീനുകള്‍ അടങ്ങിയ ഒരു ചെറിയ യൂണിറ്റ് തുടങ്ങാന്‍ 40 ലക്ഷം രൂപയില്‍ താഴെ മാത്രം മതിയാകും. സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട സബ്‌സിഡി കൂടി ലഭിക്കുന്നതോടെ അറ്റ നിക്ഷേപം (Own Investment) 25 ലക്ഷം രൂപയായി കുറയും. ഒരു മെഷീനില്‍ നിന്ന് പ്രതിദിനം 80 കിലോഗ്രാം കയര്‍ ലഭിക്കും. 5 മെഷീനുകള്‍ ഉള്ള യൂണിറ്റില്‍ നിന്ന് 400 കിലോ കയര്‍ പിരിച്ചെടുക്കാം. വേസ്റ്റേജ് കഴിഞ്ഞാല്‍ ചകിരിയുടെ വില 35 രൂപയാണ്. കണ്‍വേര്‍ഷന്‍ ചാര്‍ജ് (പിരിച്ചെടുക്കല്‍ ചെലവ്) 10 രൂപയും കറന്റ് ചാര്‍ജ് രൂപയും കൂട്ടിയാലും ആകെ ചെലവ് 46 രൂപയാണ്. 5 മെഷീനുള്ള ഒരു യൂണിറ്റിന് 10-ല്‍ താഴെ ജീവനക്കാര്‍ (2 മെഷീന് ഒരാള്‍ വീതം) മതിയാകും. ജീവനക്കാരുടെ കൂലി ഉള്‍പ്പെടെ കണക്കാക്കിയാലും കൃത്യമായി മാനേജ് ചെയ്താല്‍ 10% മുതല്‍ 15% വരെ അറ്റലാഭം ഇതില്‍ നിന്ന് നേടാനാകും.
കുറച്ചുകൂടി കൂടുതല്‍ സ്ഥലസൗകര്യമുള്ള സംരംഭകര്‍ക്ക് ഡീഫൈബറിംഗ് (Defibering) യൂണിറ്റ് ആരംഭിക്കാവുന്നതാണ്. തൊണ്ട് തല്ലി ചകിരി വേര്‍തിരിച്ചെടുക്കുമ്പോള്‍ തന്നെ ബിസിനസ് ലാഭകരമാകും.10,000 കിലോ തൊണ്ട് പ്രോസസ്സ് ചെയ്യുമ്പോള്‍ 700 കിലോ ചകിരി ലഭിക്കും. തൊണ്ട് തല്ലുമ്പോള്‍ ചകിരിയേക്കാള്‍ കൂടുതല്‍ വോളിയത്തില്‍ കിട്ടുന്നത് ചകിരിച്ചോറ് അഥവാ പിത്ത് ആണ്. ചകിരി വില്‍ക്കുമ്പോള്‍ തന്നെ യൂണിറ്റിന്റെ ചെലവും ലാഭവും കിട്ടും. തുടര്‍ന്ന് ലഭിക്കുന്ന പിത്ത് തികച്ചും 'എക്സ്ട്രാ ലാഭമാണ്'.
ദിവസവും കൃത്യമായി തൊണ്ട് ലഭിക്കുകയും ഡീഫൈബറിംഗ് വര്‍ക്ക് ചെയ്യുകയും പിത്ത് ശരിയായി മാര്‍ക്കറ്റ് ചെയ്യുകയും ചെയ്താല്‍ പ്രതിമാസം 5 ലക്ഷം രൂപയോളം ലാഭം കണ്ടെത്താനാകും.
പ്ലാസ്റ്റിക്, മണ്‍പാത്രങ്ങള്‍ എന്നിവയ്ക്ക് പകരമായി പരിസ്ഥിതി സൗഹൃദമായ 'കോക്കോ പോട്ടുകള്‍ക്ക്' (Coco Pots) ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മണ്ണൊലിപ്പ് തടയുന്നതിനും റോഡ് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ജിയോ ടെക്സ്റ്റൈല്‍സിനും (Geo-textiles) വന്‍ വിപണി സാധ്യതയാണുള്ളത്.
കൂടാതെ, ദിവസവും ഏതാനും മിനിറ്റുകള്‍ മാറ്റിവെച്ചാല്‍ നിര്‍മ്മിക്കാവുന്ന 'റോപ്പ് മാറ്റ്സ്' (Rope Mats) പോലുള്ളവയിലൂടെ വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാം.
Coconut coir industry pivots to high-value exports like coco pith and pots, paving the way for a new generation of entrepreneurs in Kerala and Tamil Nadu.
Read DhanamOnline in English
Subscribe to Dhanam Magazine