രാഷ്ട്രീയക്കാരുടെ സൗജന്യങ്ങള്‍ (Freebees) വോട്ടറെ സ്വാധീനിക്കുമെന്നാണ് ചൊല്ല്. പെന്‍ഷന്‍, ഓണക്കിറ്റ്, ബസ് യാത്ര എന്നിങ്ങനെ നീളുന്ന പലവിധ സൗജന്യ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമാകുന്നത് അതുകൊണ്ടാണ്. സൗജന്യം ജനത്തെ പ്രലോഭിപ്പിച്ചേക്കാം. പക്ഷേ, സൗജന്യങ്ങള്‍ വാങ്ങുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പ്രലോഭിതരാവില്ലേ?
സ്വകാര്യ വ്യക്തികള്‍ ഒരുക്കുന്ന വിമാനത്തിലോ, വാഹനത്തിലോ മന്ത്രിമാര്‍ യാത്ര ചെയ്യുന്നതിലും വിദേശ യാത്രകള്‍ക്ക് സ്വകാര്യ വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ സഹായം സ്വീകരിക്കുന്നതിലും തെറ്റില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ നിലപാട്. സര്‍ക്കാര്‍ ഖജനാവിന് ചെലവില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു.
പക്ഷേ, യഥാര്‍ത്ഥ ചോദ്യം ചെലവ് ആര് വഹിക്കുന്നു എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. ആരാണ് നല്‍കുന്നത്? എന്തിനാണ് നല്‍കുന്നത്? അതിന് പകരം എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? പിന്നീട് സര്‍ക്കാര്‍ തീരുമാനങ്ങളില്‍ അതിന് സ്വാധീനമുണ്ടാകുമോ?
വ്യാപാര ലോകത്ത് ഇതിനെ conflict of interest എന്ന് വിളിക്കും. സര്‍ക്കാറില്‍ അതിന് വ്യത്യസ്തമായ മാനദണ്ഡമാകാനാവില്ല. ഇവിടെ വിഷയം ഒരു വിമാനമോ, ഒരു യാത്രയോ മാത്രമല്ല. ഭരണഘടന പദവിയിലുള്ളവര്‍ പുലര്‍ത്തേണ്ട സുതാര്യതയുടെയും പെരുമാറ്റച്ചട്ടത്തിന്റെയും പ്രശ്‌നമാണ്. ദുരന്ത മുഖത്തേക്ക് വേഗത്തിലെത്താന്‍ സ്വകാര്യ വിമാനം ഉപയോഗിച്ചതാണെങ്കില്‍ അതിന്റെ ആവശ്യകത മനസിലാക്കാം. പക്ഷേ, ഇത്തരം യാത്രകളുടെ ചെലവ്, യാത്ര ഒരുക്കിയവര്‍, അവരുടെ സര്‍ക്കാറുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങള്‍ സുതാര്യമായി പുറത്തുവന്നാല്‍ വിവാദത്തിന്റെ വലിയൊരു ഭാഗം അവിടെത്തന്നെ അവസാനിക്കും.
സ്വകാര്യ മേഖലയെയും സര്‍ക്കാറിനെയും അകറ്റിനിര്‍ത്തുക എന്നതല്ല പരിഹാരം. മറിച്ച്, അവരുടെ ബന്ധം വ്യക്തിപരമായ സൗജന്യങ്ങളില്‍ നിന്ന് സ്ഥാപനപരമായ പങ്കാളിത്തത്തിലേക്ക് മാറണം. ഒരു ബിസിനസുകാരന്‍ മുഖ്യമന്ത്രിക്ക് വിമാനം നല്‍കുന്നതിനേക്കാള്‍ കേരളത്തില്‍ ഒരു പുതിയ വ്യവസായം സ്ഥാപിക്കുന്നതാണ് നാടിന് ഗുണം. ഒരു പ്രവാസി മന്ത്രിയുടെ വിദേശ യാത്രക്ക് ടിക്കറ്റ് നല്‍കുന്നതിനേക്കാള്‍ അയാളുടെ മൂലധനവും വൈദഗ്ധ്യവും കേരളത്തിലെ ഒരു പദ്ധതിയിലേക്ക് കൊണ്ടുവരുന്നതാണ് പ്രധാനം. അവിടെയാണ് സര്‍ക്കാറിന്റെ യഥാര്‍ത്ഥ മിടുക്ക് അളക്കേണ്ടത്.
ദുരന്തമുഖത്തേക്ക് വേഗത്തിലെത്താന്‍ സ്വകാര്യ വിമാനം ഉപയോഗിച്ചതാണെങ്കില്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ മനസിലാക്കും. എന്നാല്‍ ഭരണത്തിന്റെ കാര്യക്ഷമത അളക്കേണ്ടത് മുഖ്യമന്ത്രിക്ക് എത്ര വേഗത്തില്‍ അവിടെ എത്താനായി എന്നതില്‍ മാത്രമല്ല. ദുരന്തമുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്ര വേഗത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു എന്നതിലാണ്.
ഇതാണ് രാഷ്ട്രീയ പ്രതിഛായയും ഭരണനേതൃത്വവും തമ്മിലുള്ള വ്യത്യാസം. സ്വകാര്യ വിമാനവും വാഹനവും വിദേശ യാത്രകളും ചര്‍ച്ചയാകുമ്പോള്‍ കേരളത്തിന്റെ മുന്നിലുള്ള വലിയ ചോദ്യങ്ങള്‍ വേറെയാണ്.
- നിക്ഷേപം എങ്ങനെ വര്‍ധിപ്പിക്കും?
- പുതിയ വ്യവസായങ്ങള്‍ എങ്ങനെ കൊണ്ടുവരും?
- തൊഴിലവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കും?
- വൈദ്യുതി പ്രതിസന്ധി എങ്ങനെ പരിഹരിക്കും?
- പ്രവാസി മൂലധനവും വൈദഗ്ധ്യവും എങ്ങനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കും?
ഇവക്കുള്ള ഉത്തരങ്ങളാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനക്ഷമതയെ നിര്‍ണയിക്കുക.
വൈദ്യുതി പ്രതിസന്ധി വ്യവസായത്തെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്ന വിഷയമായി മാറുകയാണ്. ലഭ്യമായ വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ പൊതുജന സഹകരണവും വേണം. ഇത്തരമൊരു വിഷയത്തില്‍ മുഖ്യമന്ത്രിക്ക് വലിയ ചെലവൊന്നുമില്ലാതെ തന്നെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിയും. അത്തരം ഇടപെടലുകളാണ് പ്രതിഛായ നിര്‍മാണത്തേക്കാള്‍ ജനവിശ്വാസം വര്‍ധിപ്പിക്കുക.
പുതിയ നിക്ഷേപങ്ങള്‍, പുതിയ സംരംഭങ്ങള്‍, പുതിയ തൊഴിലവസരങ്ങള്‍, മികച്ച അടിസ്ഥാനസൗകര്യങ്ങള്‍, കൂടുതല്‍ വൈദ്യുതി, കൂടുതല്‍ ഉല്‍പാദനം, കൂടുതല്‍ കയറ്റുമതി എന്നിവയൊക്കെയാണ് കേരളത്തിന് വേണ്ടത്. ബിസിനസുകാരുടെ സൗജന്യങ്ങള്‍ സ്വീകരിക്കുന്ന സര്‍ക്കാറിനേക്കാള്‍ ബിസിനസുകാര്‍ക്ക് തുറന്ന വാതിലുകള്‍ നല്‍കുന്ന സര്‍ക്കാറിനെയാണ് കേരളത്തിന് ആവശ്യം. സ്വകാര്യ മേഖലയുമായുള്ള ബന്ധം എത്ര അടുത്തതാണ് എന്നതല്ല ഒരു സര്‍ക്കാറിന്റെ വിജയത്തിന്റെ അളവുകോല്‍. ആ ബന്ധം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് എത്ര മൂല്യം സൃഷ്ടിച്ചു എന്നതാണ്.
A critical look into government optics, conflict of interest, and the need for institutional partnership over private favours in driving Kerala's economic growth.
(ധനം മാഗസിന്‍ 2026 സെപ്റ്റംബര്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
Read DhanamOnline in English
Subscribe to Dhanam Magazine