ബി.എൽ.എം സ്ഥാപകൻ ആർ. പ്രേംകുമാർ Image Source: Dhanam Magazine/Canva
Business Kerala

BLM: ലക്ഷ്യം ഒരു കോടി കോടീശ്വരന്മാര്‍; സാധാരണക്കാരുടെ ജീവിതം മാറ്റിമറിക്കുന്ന സഹകരണ പ്രസ്ഥാനം

കേരളം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലായി 150ലധികം ശാഖകളും 15 ലക്ഷത്തിലേറെ അംഗങ്ങളുമുള്ള സൊസൈറ്റിക്ക് പിന്‍ബലം ഒരു മലയാളി

Dhanam News Desk

ചെന്നൈ ആസ്ഥാനമായ ബി.എല്‍.എം മള്‍ട്ടിസ്റ്റേറ്റ് ഹൗസിംഗ് സഹകരണ സംഘം സാധാരണക്കാരുടെ ജീവിതം മാറ്റിമറിക്കുന്ന സമഗ്ര പ്രസ്ഥാനമായി വളര്‍ന്നു. 2006ല്‍ ആരംഭിച്ച സംഘം ഇന്ന് കേരളം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലായി 150ലധികം ശാഖകളും 15ലക്ഷം അംഗങ്ങളുമുണ്ട്. താങ്ങാനാവുന്ന ഭവനപദ്ധതികള്‍, സ്വന്തം സിമന്റ് ഉല്‍പാദനം, സ്ഥിരമായ ലാഭവിഹിതം, ആരോഗ്യ-വിദ്യാഭ്യാസ നിക്ഷേപങ്ങള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

സഹകരണ പ്രസ്ഥാനങ്ങള്‍ സാധാരണക്കാരായ മനുഷ്യരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വലിയ ആശ്വാസമേകുന്ന ഒന്നാണ്. എന്നാല്‍ പരമ്പരാഗത ബാങ്കിങ് രീതികളില്‍ നിന്ന് വേറിട്ടുനിന്ന്, കേവലം വായ്പ നല്‍കലില്‍ ഒതുങ്ങാതെ അംഗങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ തന്നെ മാറ്റിമറിക്കുന്ന വൈവിധ്യമാര്‍ന്ന സംരംഭങ്ങളിലൂടെ ശ്രദ്ധേയമാകുകയാണ് ചെന്നൈ ആസ്ഥാനമായ ബിഎല്‍എം സൊസൈറ്റി (Bharath Lajhna Multistate Housing Co-operative Society Ltd).

2006-ല്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രസ്ഥാനം ഇന്ന് കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലായി 150-ലധികം ശാഖകളും 15 ലക്ഷത്തിലേറെ അംഗങ്ങളുമുള്ള വന്‍ പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞു. മലയാളിയായ ആര്‍. പ്രേംകുമാറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വമാണ് ബി.എല്‍.എം സൊസൈറ്റിയുടെ ഈ മതിപ്പുളവാക്കുന്ന വളര്‍ച്ചക്ക് പിന്നില്‍.

വിപ്ലവകരമായ മുന്നേറ്റം

2006ല്‍ ചെന്നൈയില്‍ വെച്ചാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് തടസമില്ലാതെ വായ്പ ലഭിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, ആര്‍. പ്രേംകുമാര്‍ ബിഎല്‍എം സൊസൈറ്റിക്ക് തുടക്കമിട്ടത്. ഒരു മള്‍ട്ടി - സ്റ്റേറ്റ് സൊസൈറ്റിയായി കേരളം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ബിഎല്‍എം, ആദ്യ 10 വര്‍ഷങ്ങളില്‍ (2016 വരെ) വളരെ സാവധാനത്തിലാണ് വളര്‍ന്നത്. അന്ന് കേവലം നാല് ശാഖകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ നേടിയെടുത്ത ശക്തമായ വിശ്വാസ്യതയും കൃത്യമായ പ്രവര്‍ത്തന രീതിയും കാരണം അടുത്ത 10 വര്‍ഷം കൊണ്ട് സൊസൈറ്റിയുടെ ശാഖകളുടെ എണ്ണം 150 കടന്നു. കേരളത്തില്‍ മാത്രം 100ലധികം ശാഖകളുണ്ട്. 2030 ഓടെ മൂന്ന് സംസ്ഥാനങ്ങളിലായി 500-ലധികം ശാഖകള്‍ തുറക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കാണ് സൊസൈറ്റി ഇപ്പോള്‍ അതിവേഗം ചുവടുവെക്കുന്നത്.

താങ്ങാനാവുന്ന ഭവന പദ്ധതികള്‍

താങ്ങാനാവുന്ന ഭവന പദ്ധതികളാണ് ബിഎല്‍എം അംഗങ്ങള്‍ക്കായി വിഭാവനം ചെയ്യുന്നത്. മികച്ച റെസിഡന്‍ഷ്യല്‍ ലൊക്കേഷനുകള്‍ കണ്ടെത്തി, ഓരോ അംഗത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ഇന്‍ഡിപെന്‍ഡന്റ് വീടുകള്‍ എന്നിവ നിര്‍മിച്ചുനല്‍കുകയാണ് ബിഎല്‍എം പ്രധാനമായും ചെയ്യുന്നത്. സ്വന്തമായി സിമന്റ് ഉല്‍പാദന യൂണിറ്റുകളും ബിഎല്‍എമ്മിനുണ്ട്.

യൂറോടെക് സിമന്റ്, വിഷ്ണുചക്ര സിമന്റ് എന്നീ ബ്രാന്‍ഡുകളിലാണ് സിമന്റ് വിപണിയിലെത്തിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഉതുക്കോട്ടയിലും കേരളത്തിലെ കഞ്ചിക്കോടുമാണ് സിമന്റ് ഫാക്ടറികളുള്ളത്. സ്വന്തമായി ഉല്‍പാദനം നടത്തുന്നതിലൂടെ പദ്ധതികളുടെ നിര്‍മാണച്ചെലവ് കുറക്കാനും വിപണിയില്‍ വിലസ്ഥിരത ഉറപ്പാക്കാനും സാധിക്കുന്നു. ഇത് സൊസൈറ്റിക്കും അതിലെ അംഗങ്ങള്‍ക്കും ഒരുപോലെ നേട്ടമായി മാറുന്നുണ്ടെന്ന് പ്രേംകുമാര്‍ പറയുന്നു.

ലാഭവിഹിതം ഉറപ്പാക്കിയുള്ള നിക്ഷേപങ്ങള്‍

പരമ്പരാഗതമായി ബാങ്കുകളും മറ്റ് ക്രെഡിറ്റ് സൊസൈറ്റികളും നല്‍കുന്നത് നിക്ഷേപങ്ങള്‍ക്കുള്ള പലിശയാണ്. എന്നാല്‍ ബിഎല്‍എം സൊസൈറ്റി അംഗങ്ങളുടെ നിക്ഷേപം നേരിട്ട് ലാഭകരമായ പ്രോജക്റ്റുകളില്‍ നിക്ഷേപിച്ച്, അതിലൂടെ ലഭിക്കുന്ന ലാഭവിഹിതം തിരികെ നല്‍കുന്ന രീതിയാണ് പിന്തുടരുന്നത്. 2011 മുതല്‍ തുടര്‍ച്ചയായി മുടക്കമില്ലാതെ എല്ലാ മാസവും മെച്യൂരിറ്റിയും ഡിവിഡന്റും നിക്ഷേപകര്‍ക്ക് നല്‍കാന്‍ ബിഎല്‍എമ്മിന് സാധിക്കുന്നുവെന്നതാണ് ശ്രദ്ധേയമെന്ന് ചെയര്‍മാന്‍ ആര്‍. പ്രേംകുമാര്‍ പറയുന്നു.

കൊറോണ പിടിപെട്ട കാലത്തും പ്രകൃതിദുരന്തങ്ങളുടെ ഘട്ടത്തിലും ബാങ്കുകള്‍ വരെ പലിശയിളവുകളും മൊറട്ടോറിയവും പ്രഖ്യാപിച്ചപ്പോള്‍ ബിഎല്‍എം സൊസൈറ്റിയുടെ ജീവനക്കാര്‍ നിക്ഷേപകരുടെ വീടുകളില്‍ നേരിട്ടെത്തി ഡിവിഡന്റുകള്‍ കൈമാറിയത് ജനങ്ങളില്‍ വലിയ വിശ്വാസ്യത ഉണ്ടാക്കി. ആ ദുരന്തകാലത്ത് പോലും ജീവനക്കാരുടെ ശമ്പളവും കൃത്യമായി നല്‍കിയിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന ആസ്തികളും ബിസിനസ് ശൃംഖലയും

നിക്ഷേപകരുടെ പണം സുരക്ഷിതമാക്കാന്‍ 23 ഓളം സഹോദര സ്ഥാപനങ്ങളും വൈവിധ്യമാര്‍ന്ന വ്യവസായ സംരംഭങ്ങളുമാണ് ബിഎല്‍എം പടുത്തുയര്‍ത്തിയിട്ടുള്ളത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ഏക്കര്‍ വസ്തുക്കളും 20-ലധികം വന്‍കിട പ്രോപ്പര്‍ട്ടികളും സൊസൈറ്റിക്കുണ്ട്. കാസര്‍കോടുള്ള കൃഷ്ണഗിരി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വലിയ നിക്ഷേപങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിലവിലുള്ള രണ്ട് വന്‍കിട ഐടി പ്രോജക്റ്റുകളിലാണ് ബിഎല്‍എം നിക്ഷേപം നടത്തിയിരിക്കുന്നത്. തൃശ്ശൂരിലെ പ്രശസ്തമായ രാഗം തിയേറ്റര്‍ പ്രോപ്പര്‍ട്ടിയും ബിഎല്‍എമ്മിന്റെ ഉടമസ്ഥതയിലാണ്. സൊസൈറ്റിയുടെ ഔട്ട്സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റിനേക്കാള്‍ രണ്ടുമടങ്ങ് പേപ്പര്‍ വാല്യൂ ഉള്ള ആസ്തികള്‍ ബിഎല്‍എം പടുത്തുയര്‍ത്തിയിട്ടുണ്ടെന്ന് പ്രേംകുമാര്‍ വ്യക്തമാക്കുന്നു.

ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും സാന്നിധ്യം

ആരോഗ്യ രംഗത്തും സൊസൈറ്റി നിക്ഷേപം നടത്തിയിട്ടുണ്ട്. എടപ്പാളിലെ ശ്രീവത്സം ഹോസ്പിറ്റല്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ബിഎല്‍എം. നഴ്സിങ് കോളെജ്, പാരാമെഡിക്കല്‍ കോളെജ് ഉള്‍പ്പെടെ ഇതിനെ ഒരു മെഡിക്കല്‍ കോളെജാക്കി ഉയര്‍ത്തുക എന്നതാണ് പ്രേംകുമാറിന്റെ സ്വപ്നം. ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി ഇവിടെ ഒരു ബ്ലോക്ക് പൂര്‍ണമായും മാറ്റിവെക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും സൊസൈറ്റിക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌കൂളുകളും ആശുപത്രികളും തുടങ്ങാനാണ് പദ്ധതി. ഇതിനായി പല സ്‌കൂളുകളുമായും ചര്‍ച്ച നടത്തിവരികയാണ്. സൊസൈറ്റി മെമ്പര്‍മാര്‍ക്ക് ഈ മേഖലകളില്‍ കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

കണ്ണൂര്‍ തിമിരിയിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ്, സ്‌കൂളുകള്‍ എന്നിവയും സൊസൈറ്റിക്ക് കീഴിലുണ്ട്. ബി.എല്‍.എം വൈ.ബി.എം എന്ന ട്രാവല്‍സ് വഴി ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് 200ലധികം സ്ലീപ്പര്‍ ബസുകള്‍ സൊസൈറ്റിയുടെ കീഴില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതുകൂടാതെ മൂന്നാറിലെ വൈബ് മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ സ്റ്റാര്‍ ഹോട്ടലുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവയുമുണ്ട്. സിവില്‍ സപ്ലൈസുമായി സഹകരിച്ചുള്ള കൊപ്ര/വെളിച്ചെണ്ണ വിതരണത്തിലും സൊസൈറ്റി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ജൂവല്‍റി ഷോപ്പുകളിലേക്കും

കോഴിക്കോടും തിരുവനന്തപുരത്തും അടുത്ത വാര്‍ഷിക പൊതുയോഗത്തിന് മുമ്പ് ജൂവല്‍റികള്‍ തുടങ്ങാനുള്ള പദ്ധതിയിലാണ് ബി.എല്‍.എം. അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് റേറ്റില്‍ സ്വര്‍ണാഭരണങ്ങള്‍ ഇതുവഴി ലഭ്യമാക്കും. വിവാഹം പോലുള്ള അവസരങ്ങളില്‍ കിടപ്പാടം പണയംവെക്കാതെ സ്വര്‍ണം വാങ്ങാനുള്ള സൗകര്യമുണ്ടാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് പ്രേംകുമാര്‍ പറയുന്നു. ഇതുകൂടാതെ പഴയ സ്വര്‍ണം വാങ്ങി അംഗങ്ങള്‍ക്ക് മികച്ച മൂല്യം ലഭ്യമാക്കാനുള്ള സൗകര്യം ശാഖകളില്‍ തന്നെ ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.

ഇതിനകം സൊസൈറ്റി അംഗങ്ങള്‍ക്കായി ബിഎല്‍എം സ്റ്റാര്‍ ക്ലബ് പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ ഷോപ്പുകളില്‍ നിന്ന് ഡിസ്‌കൗണ്ട് റേറ്റില്‍ സേവനങ്ങളും ഉല്‍പന്നങ്ങളും ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും.

തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന കോര്‍പറേറ്റ് സംസ്‌കാരം

തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന സമാനതകളില്ലാത്ത കോര്‍പറേറ്റ് സംസ്‌കാരമാണ് ബിഎല്‍എം സൊസൈറ്റിയുടെ വലിയ സവിശേഷത. ബിസിനസ് ലാഭത്തിനപ്പുറം, ജീവനക്കാരെയും സാധാരണക്കാരായ മെമ്പര്‍മാരെയും കുടുംബാംഗങ്ങളെപ്പോലെ കരുതി മുന്നോട്ടുപോകാന്‍ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്തകാലത്ത് സൊസൈറ്റിയിലെ താഴേത്തട്ടില്‍ ജോലി ചെയ്യുന്ന 360-ലധികം സാധാരണക്കാരായ ജീവനക്കാര്‍ക്കായി മൂന്നാറില്‍ സൗജന്യ ഹെലികോപ്റ്റര്‍ യാത്രയും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഒരുക്കി സൊസൈറ്റി വലിയ വാര്‍ത്താശ്രദ്ധ നേടിയിരുന്നു. സഹകരണ പ്രസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു വേറിട്ട സംഭവം.

ബിസിനസിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലും സൊസൈറ്റി മുമ്പന്തിയിലുണ്ട്. 'അഭയ പദ്ധതി' യിലൂടെ സംസ്ഥാനത്തെ 14 ജില്ലകളിലായി ജില്ലാ കലക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്ന അര്‍ഹരായ കുടുംബങ്ങള്‍ക്കായി സര്‍ക്കാരുമായി സഹകരിച്ച് 28 വീടുകള്‍ സൊസൈറ്റി നിര്‍മിച്ചുനല്‍കുന്നുണ്ട്. അതോടൊപ്പം ജപ്തി ഭീഷണിയിലായ ദേശീയ വോളിബോള്‍ താരം പറവൂര്‍ സ്വദേശി ഭൂമികയുടെ വീട് ബാങ്കില്‍ നിന്ന് വീണ്ടെടുത്ത് നല്‍കിയിരുന്നു.

കഠിനമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുന്ന രക്ഷിതാക്കളെ ഓര്‍ത്ത് ഏലത്തൂര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സനൂനക്ക് ഉയര്‍ന്ന ബിപി വന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍, പെണ്‍കുട്ടിക്ക് സ്വന്തമായി സ്ഥലവും വീടും ഫര്‍ണിച്ചറുകളും നല്‍കുന്നതും ബി.എല്‍.എമ്മിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തെളിവാണ്. മാഹിയിലെ സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് പുതിയ ആംബുലന്‍സ് കൈമാറിയതുള്‍പ്പെടെയുള്ള ഇടപെടലുകളിലൂടെ നാടിന്റെ സാമൂഹിക ക്ഷേമത്തിലും സൊസൈറ്റി കൃത്യമായ പങ്കുവഹിക്കുന്നുണ്ട്.

ലക്ഷ്യം ഒരു കോടി കോടീശ്വരന്മാര്‍!

സാധാരണക്കാര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും ചെറിയ സമ്പാദ്യശീലത്തിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നതാണ് സൊസൈറ്റിയുടെ പ്രഥമ ലക്ഷ്യം. 2030 ആകുമ്പോഴേക്കും സൊസൈറ്റിയുടെ പ്രവര്‍ത്തനം വഴി ഒരു കോടി ആളുകളെ കോടീശ്വരന്മാരാക്കി മാറ്റുകയെന്ന വലിയ സ്വപ്നമാണ് മുന്നോട്ടുവെക്കുന്നത്. പ്രത്യേകിച്ച്, ഹൗസിങ് സൊസൈറ്റിയായ ബിഎല്‍എം, മെമ്പേഴ്‌സിന്റെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് മുന്‍ഗണന നല്‍കുന്നത്. ഓരോ അംഗത്തിനും പാര്‍പ്പിടവും സുരക്ഷിതമായ ഉപജീവനമാര്‍ഗവും ഉറപ്പാക്കാന്‍ പ്രതിമാസ സമ്പാദ്യ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT