കേരളത്തിലെ സ്വര്‍ണ വിപണിയിലും ഹാള്‍മാര്‍ക്കിംഗ് രംഗത്തും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ട്രാക്ക് ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 8 തിങ്കളാഴ്ച മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്ന ആഭരണങ്ങളുടെ ചിത്രവും കൃത്യമായ തൂക്കവും സിസ്റ്റത്തില്‍ നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം. നിലവില്‍ ബി ഐ എസ് കെയര്‍ ആപ്പില്‍ എച്ച് യു ഐ ഡി (HUID) നമ്പര്‍ പരിശോധിച്ചാല്‍ ജ്വല്ലറിയുടെ വിവരങ്ങളും ആഭരണത്തിന്റെ ഇനവും പരിശുദ്ധിയും മാത്രമാണ് ലഭ്യമായിരുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് വാങ്ങുന്ന ആഭരണത്തിന്റെ യഥാര്‍ത്ഥ ചിത്രവും തൂക്കവും ആപ്പിലൂടെ നേരിട്ട് ഒത്തുനോക്കാന്‍ സാധിക്കും. വ്യാജ ഹാള്‍മാര്‍ക്കിംഗും തട്ടിപ്പുകളും തടയാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സുപ്രധാന നീക്കം നടത്തുന്നത്.
പുതിയ പരിഷ്‌കാരങ്ങളുടെ രണ്ടാം ഘട്ടമെന്നോണം ജൂണ്‍ 15 മുതല്‍ മൈക്രോബാലന്‍സ് ഓട്ടോമാറ്റിക് ഇന്റഗ്രേഷന്‍ നിര്‍ബന്ധമാക്കും. ഇതോടെ ആഭരണങ്ങളുടെ ഡിസൈനൊപ്പം ഒരു മില്ലിഗ്രാം വരെയുള്ള കൃത്യമായ തൂക്കം രേഖപ്പെടുത്താന്‍ സാധിക്കും. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 25 ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ മൈക്രോ ബാലന്‍സിംഗ് പൈലറ്റ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ഈ സംവിധാനം വരുന്നതോടെ ഓരോ ആഭരണത്തിലും പതിക്കുന്ന ആറക്ക ആല്‍ഫാ ന്യൂമറിക് കോഡുകള്‍ (HUID) മറ്റൊരു ആഭരണത്തിനായി വ്യാജമായി നിര്‍മ്മിച്ച് ഉപയോഗിക്കുന്നത് പൂര്‍ണമായും തടയാനാകും.
പുതിയ നിബന്ധനകള്‍ സ്വര്‍ണ പരിശുദ്ധി ഉറപ്പാക്കാന്‍ സഹായിക്കുമെങ്കിലും പ്രായോഗിക തലത്തില്‍ ഇത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ ഉടമകളുടെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പല കേന്ദ്രങ്ങള്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. പുതിയ നിയമപ്രകാരം ഓരോ ആഭരണത്തിന്റെയും ചിത്രവും തൂക്കവും വെവ്വേറെ അപ്ലോഡ് ചെയ്യേണ്ടി വരുന്നത് ജോലിഭാരം ഇരട്ടിയാക്കും. ഉദാഹരണത്തിന്, നൂറോളം ആഭരണങ്ങളുമായി എത്തുന്ന ഒരു വ്യാപാരിക്ക് അവയെല്ലാം സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്ത് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ വലിയ സമയതാമസം നേരിടും. ഒരു ദിവസം പരമാവധി 250 മുതല്‍ 300 വരെ ആഭരണങ്ങളില്‍ മാത്രമേ ഇനി എച്ച് യു ഐ ഡി മുദ്ര പതിക്കാന്‍ സാധിക്കൂ. ഇത് ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളെ കൂടുതല്‍ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ശക്തമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ കേരളത്തിലെ സ്വര്‍ണ വ്യാപാരികളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. എച്ച് യു ഐ ഡി സമ്പ്രദായത്തില്‍ കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ തുടരെത്തുടരെ അടിച്ചേല്‍പ്പിക്കുന്നത് സ്വര്‍ണ വ്യാപാരികള്‍ക്ക് വലിയ ഭാരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (KGSMA) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. ബിസിനസ് നടപടികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഇത്തരം പരിഷ്‌കാരങ്ങള്‍ വ്യാപാര മേഖലയെ മന്ദഗതിയിലാക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള പൊതുവായ വിലയിരുത്തല്‍.
Bureau of Indian Standards mandates uploading of jewelry photos and weight from June 8, causing concern among hallmarking centers and traders.
Read DhanamOnline in English
Subscribe to Dhanam Magazine