ഇൻസൈറ്റിൽ ഡോ. രശ്മി രാജശേഖരന്‍ Image: Special Arrangement
Business Kerala

കാർഷിക അവശിഷ്ടത്തിൽ നിന്ന് സൗന്ദര്യവർധക വസ്തുക്കൾ: സെല്ലുപ്രോ ഗ്രീനിന്റെ നാനോ സെല്ലുലോസ് വിപ്ലവം

കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന നാനോ സെല്ലുലോസ് ഉപയോഗിച്ചാണ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്

Dhanam News Desk

മാവേലിക്കര ആസ്ഥാനമായ സെല്ലുപ്രോ ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രകൃതിദത്ത ബദലുകളുമായി കോസ്മെറ്റിക് വിപണിയില്‍ ശ്രദ്ധ നേടുന്നു. നാനോ സെല്ലുലോസ് ഉപയോഗിച്ച് ഫെയ്സ് വാഷ്, ബോഡി വാഷ്, മോയ്സ്ചറൈസര്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് 'സെല്ലുഗ്ലിറ്റ്സ്' എന്ന ബ്രാന്‍ഡില്‍ വിപണിയിലിറക്കുന്നു. 2023ല്‍ ബയോടെക് അംഗീകാരം നേടിയ ഡോ. രശ്മി രാജശേഖരനാണ് കമ്പനിയുടെ സാരഥി.

തികച്ചും പ്രകൃതിദത്തമായ ബദലുമായി കോസ്മെറ്റിക് വിപണിയിലേക്ക് എത്തുകയാണ് മാവേലിക്കര ആസ്ഥാനമായുള്ള സെല്ലുപ്രോ ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡ്. വൈക്കോലും കരിമ്പിന്‍ ചണ്ടിയും ചക്കയുടെ മടലുമൊക്കെയാണ് ഇവിടെ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നത്.

കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന നാനോ സെല്ലുലോസ് ഉപയോഗിച്ച് ഫെയ്സ് വാഷും ബോഡി വാഷും മോയ്സ്ചറൈസറുമൊക്കെ നിര്‍മിച്ച് ശ്രദ്ധ നേടുകയാണ് ഈ സ്ഥാപനം. സെല്ലുഗ്ലിറ്റ്സ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഇവ വിപണിയില്‍ എത്തിക്കുന്നത്. അതോടൊപ്പം ബി2ബി ഉല്‍പന്നമെന്ന നിലയില്‍ എക്കാഗ്രോ എന്ന പേരില്‍ സെല്ലുലോസ് സസ്‌പെന്‍ഷനും കമ്പനി പുറത്തിറക്കുന്നുണ്ട്.

2025ല്‍ തുടക്കമിട്ട കമ്പനി ഈവര്‍ഷം ജനുവരിയിലാണ് മാവേലിക്കര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്ലാന്റ് സ്ഥാപിച്ച് വ്യാവസായിക ഉല്‍പാദനം ആരംഭിച്ചത്. കമ്പനിയുടെ സാരഥി ഡോ. രശ്മി രാജശേഖരന്‍ ഈ രംഗത്ത് നിരവധി വര്‍ഷങ്ങളായി ഗവേഷണം നടത്തിവരുന്ന ആളാണ്. കെമിസ്ട്രിയില്‍ പിഎച്ച്ഡി എടുത്ത ശേഷം വിവിധ കമ്പനികളില്‍ ജോലി ചെയ്ത രശ്മിക്ക് 2023ലെ ബയോടെക് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ വിമന്‍ സയന്റിസ്റ്റ് അംഗീകാരവും ലഭിച്ചിരുന്നു. കൂടാതെ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയുടെ ടോപ് ടു പെര്‍സെന്റ് സയന്റിസ്റ്റ് പട്ടികയിലും മൂന്ന് വര്‍ഷമായി രശ്മിയുണ്ട്.

ഉപയോഗിച്ച 250ലധികം ആളുകളില്‍ നിന്ന് പ്രതികരണം തേടിയ ശേഷമാണ് സെല്ലുഗ്ലിറ്റ്സ് ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയതെന്ന് രശ്മി പറയുന്നു. ഇവരുടെ തന്നെ വെബ്സൈറ്റിലൂടെ ഉല്‍പന്നങ്ങള്‍ വാങ്ങാവുന്നതാണ്. കൂടാതെ ചെങ്ങന്നൂരിലെയും മാവേലിക്കരയിലെയും തൃശൂരിലെയും പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉല്‍പന്നങ്ങള്‍ ലഭിക്കും.

പ്രകൃതിദത്തമായ ഫൈബറും മായം കലരാത്ത വില കൂടിയ എണ്ണയും ഉപയോഗിച്ചാണ് ഈ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതെന്ന് ഡോ. രശ്മി പറയുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഉപയോഗിച്ചവര്‍ തന്നെ വീണ്ടും വീണ്ടും ആവശ്യപ്പെട്ട് വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈവര്‍ഷം തന്നെ ലിപ് ബാം, സണ്‍സക്രീന്‍ തുടങ്ങി പത്തോളം ഉല്‍പന്നങ്ങള്‍ കൂടി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സെല്ലുപ്രോ ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡ്. മാനേജിങ് ഡയറക്റ്ററായ ഡോ. രശ്മി രാജശേഖരനെ കൂടാതെ ഡയറക്റ്റര്‍മാരായ കെ. പത്മകുമാര്‍, മായ രാജേഷ്, മെന്ററായ രാജേഷ് എന്നിവരും കമ്പനിക്കൊപ്പമുണ്ട്. കൂടുതൽ വിവരങ്ങള്‍ക്ക്: www.celluprogreen.com

(ധനം മാഗസിന്റെ സെപ്റ്റംബർ 30 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT