Business Kerala

സ്വർണ വില കുറഞ്ഞു; ഇന്ന് പവന് ₹360 രൂപ താഴ്ന്നു; വെള്ളി വിലയിലും ഇടിവ്

ഒരു ​ഗ്രാമിന് 45 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 14,235 രൂപയായി.

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് (2026 ഏപ്രിൽ 20) ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 45 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 14,235 രൂപയായി. ആനുപാതികമായി ഒരു പവന് 360 രൂപ കുറഞ്ഞ് പുതിയ വിലയായി 1,13,880 രൂപയും കുറിച്ചു. എന്നിരുന്നാലും ഒരു മാസക്കാലയളവിലെ ഏറ്റവും ഉയർന്ന വില നിലവാരത്തിന് തൊട്ടടുത്ത് തന്നെയാണ് ഇന്നത്തെ നിരക്കുകൾ. ഉപഭോക്താക്കളെ സംബന്ധിച്ച് ഇന്ന് രേഖപ്പെടുത്തിയ വിലക്കുറവിൽ നിന്നുള്ള ആശ്വാസം പരിമിതമാണെന്ന് സാരം.

അതുപോലെ ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 40 രൂപ കുറഞ്ഞ് പുതിയ വില 11,695 രൂപയിലേക്ക് എത്തിച്ചേർന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 25 രൂപ താഴ്ന്ന് വിപണി വില 9,110 രൂപയായും കുറിച്ചു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 15 രൂപ താഴ്ന്ന് വില 5,875 രൂപയായും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

വെള്ളി വിലയിലും തിരുത്തൽ

സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ​ഗ്രാം വെള്ളിയിൽ 5 രൂപയുടെ കുറവാണ് തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ കുറിച്ചിരിക്കുന്നത്. ഇതോടെ പുതുക്കിയ വിപണി വില 270 രൂപയായി. ആനുപാതികമായി 10 ​ഗ്രാം വെള്ളിയുടെ വില 2,700 രൂപയും 100 ​ഗ്രാം വെള്ളിയുടെ വില 27,000 രൂപയും ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 2,70,000 രൂപയായും രേഖപ്പെടുത്തി.

ഒരു പവൻ ആഭരണം വാങ്ങാൻ എത്രയാകും?

തിങ്കളാഴ്ച സ്വർണ നിരക്കുകളിൽ ഇടിവ് നേരിട്ടതിനാൽ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ചുമത്തുന്ന 18% ജി.എസ്.ടി എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പവൻ (22 കാരറ്റ്) ആഭരണം വാങ്ങുന്നതിന് സംസ്ഥാനത്തെ ജുവൽറിയിൽ 1,17,350 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം ഉണ്ടാകാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT