image credit : canva 
Business Kerala

240ല്‍ നിന്ന് നൂറിലേക്ക്: കേരളത്തില്‍ കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു, ഇനി പ്രതീക്ഷ ഓണവിപണിയില്‍

പ്രതികൂല കാലാവസ്ഥയും പ്രകൃതി ദുരന്തങ്ങളും തിരിച്ചടിയായി

Dhanam News Desk

പ്രാദേശിക ഉത്പാദനവും തമിഴ്നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവും വര്‍ധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ 240 രൂപയില്‍ ഉണ്ടായിരുന്ന വിലയാണ് നൂറിലേക്ക് എത്തിയത്. 100-120 രൂപ വിലയിലാണ് പ്രാദേശിക വിപണിയില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന് 106 രൂപയാണ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ വില. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ 80ലെത്തിയ വില ഇപ്പോള്‍ 100 രൂപയ്ക്ക്‌ മുകളില്‍ എത്തിയത് പ്രതീക്ഷയാണെന്ന് വ്യാപാരികള്‍ പറയുന്നു. വിലകുറഞ്ഞതോടെ ചില്ലറ കച്ചവടത്തില്‍ ചെറിയ വര്‍ധനയുണ്ടെന്നും ഇവര്‍ പറയുന്നു.

ആദ്യം പ്രതീക്ഷ, പിന്നെ നിരാശ

വേനല്‍ക്കാലത്തേക്കാള്‍ തണുപ്പുള്ള കാലാവസ്ഥയിലാണ് ഇറച്ചിക്കോഴി ഉത്പാദനം വര്‍ധിക്കുന്നത്. കാലാവസ്ഥ അനുകൂലമായതോടെ സംസ്ഥാനത്തെ ഫാമുകളില്‍ ഇറച്ചിക്കോഴി ഉത്പാദനം കൂടിയത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ പകുതി വിലയ്ക്ക് എത്താന്‍ തുടങ്ങിയതോടെ കേരളത്തിലെ കോഴിവില താഴേക്ക് പതിച്ചു. മേയില്‍ 220-240 രൂപ വരെയായിരുന്നു കോഴി വില. ജൂണില്‍ 200ന് താഴെയെത്തിയ കോഴി വില തൊട്ടടുത്ത മാസം 170 രൂപ തൊട്ടു. ഓഗസ്റ്റ് ആയതോടെ 120 രൂപയിലെത്തി. കഴിഞ്ഞ ദിവസം പല സ്ഥലങ്ങളിലും 100 രൂപക്ക് താഴെയും വ്യാപാരം നടന്നെന്ന് കച്ചവടക്കാര്‍ പറയുന്നു.

കര്‍ഷകര്‍ക്കും തിരിച്ചടി

കോഴിയിറച്ചി വിലയിടിഞ്ഞത് പ്രാദേശിക കര്‍ഷകര്‍ക്കും തിരിച്ചടിയാണ്. ഒരു കോഴിയെ വളര്‍ത്തി വിപണിയില്‍ എത്തിക്കാന്‍ 90-110 രൂപ വരെയാണ് കര്‍ഷകന് ചെലവാകുന്നത്. കൃത്യസമയത്ത് ഫാമില്‍ നിന്നും കോഴികളെ വിപണിയില്‍ എത്തിച്ചില്ലെങ്കില്‍ ഓരോ ദിവസവും തീറ്റയിനത്തില്‍ കര്‍ഷകന്‍ ഭീമമായ നഷ്ട്ടം സഹിക്കുകയും വേണം. ഇതൊഴിവാക്കാന്‍ കിട്ടിയ വിലക്ക് വിറ്റ് ഒഴിവാക്കുകയാണ് കര്‍ഷകര്‍. നിലവില്‍ കിലോക്ക് ശരാശരി 65 രൂപയാണ് കര്‍ഷകന് ലഭിക്കുന്നത്. ഒട്ടുമിക്ക ഫാമുകളിലും കോഴി ആവശ്യത്തിലധികം സ്റ്റോക്ക് ആയതോടെ ഇടനിലക്കാര്‍ പറയുന്ന പൈസക്ക് സാധനം കൊടുക്കേണ്ടി വരുന്നെന്ന് കര്‍ഷകര്‍ പറയുന്നു.

പ്രകൃതി ദുരന്തങ്ങളും തിരിച്ചടിയായി

കാലവര്‍ഷത്തിന്റെ ഭാഗമായി പെയ്ത കനത്ത മഴയും വയനാട് ജില്ലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലും സംസ്ഥാനത്തെ ടൂറിസം മേഖലയിലുണ്ടാക്കിയ തിരിച്ചടി കോഴി വില്പനയെയും ബാധിച്ചിരുന്നു. പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകള്‍ നേരത്തെ നിശ്ചയിച്ചിരുന്ന യാത്രകള്‍ പോലും ഒഴിവാക്കിയത് ഹോട്ടലുകളിലെ കച്ചവടം കുറക്കാന്‍ ഇടയാക്കി. വലിയ രീതിയില്‍ കച്ചവടം നടന്നിരുന്ന ഹോട്ടലുകളില്‍ പോലും പഴയത് പോലെ ആളുകള്‍ എത്തുന്നില്ല. ഇത് വിപണിയിലെ ഡിമാന്‍ഡ് കുറച്ചുവെന്നും വ്യാപാരികള്‍ പറയുന്നു.

ഇനി പ്രതീക്ഷ ഓണവിപണി

ഈ മാസം അവസാനത്തോടെ സജീവമാകുന്ന ഓണവിപണിയിലാണ് ഇനി കര്‍ഷകരുടെയും വ്യാപാരികളുടെയും പ്രതീക്ഷ. വേനല്‍ക്കാലത്ത് വില വര്‍ധിച്ചപ്പോള്‍ ലഭിച്ച ലാഭം കഴിഞ്ഞ മാസങ്ങളില്‍ നഷ്ടത്തിലേക്ക് വഴിമാറിയെന്നും ഇനി ഓണം - നബിദിന വിപണിയിലാണ് പ്രതീക്ഷയെന്നും കര്‍ഷകര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT