Facebook /Cochin International Airport Limited (CIAL)
Business Kerala

കൊച്ചി വിമാനത്താവള ഭൂമിയില്‍ ഐ.ടി പാര്‍ക്ക്, 20 ഏക്കര്‍ വിട്ടുകൊടുക്കും, സാധ്യതാ പഠനത്തിന് ടെണ്ടര്‍ വിളിച്ച് സിയാല്‍

കേരളത്തിന്റെ ഐടി മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കാന്‍ പദ്ധതിക്ക് കഴിയുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്

Dhanam News Desk

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് പുതിയ ഐ.ടി പാര്‍ക്കിനുള്ള സാധ്യത പഠിക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). വിമാനത്താവളത്തിലേക്കുള്ള ഫ്‌ളൈഓവറിനും സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിനും ഇടയിലുള്ള 20 ഏക്കര്‍ ഭൂമിയിലാണ് ഐ.ടി പാര്‍ക്ക് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന്റെ ഭൂമി പൂര്‍ണമായും ഉപയോഗിക്കാനാണ് തീരുമാനം.

ഇതിനായുള്ള സാധ്യതാ പഠനം നടത്താന്‍ കണ്‍സള്‍ട്ടന്‍സികളെ തിരഞ്ഞെടുക്കാന്‍ ടെണ്ടര്‍ പുറപ്പെടുവിച്ചു.. ഐ.ടി, ഐ.ടി അധിഷ്ഠിത സേവനങ്ങള്‍ എന്നിവ നല്‍കുന്ന പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും സിയാല്‍ പുറത്തിറക്കിയ ടെണ്ടറില്‍ പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സി മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഐ.ടി മേഖലക്ക് കുതിപ്പാകും

ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്‌സിറ്റി എന്നീ രണ്ട് ഐ.ടി ഹബ്ബുകള്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി നഗരത്തിന്റെ വ്യവസായ മേഖലക്ക് പുത്തനുണര്‍വ് നല്‍കാന്‍ പദ്ധതിക്കാകുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കണക്ടിവിറ്റിയും സമീപത്തുള്ള താമസസ്ഥലങ്ങളും പദ്ധതിക്ക് ഗുണമാകും. ലോകോത്തര നിലവാരത്തിലുള്ള തൊഴില്‍ സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുങ്ങും. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കോടികളുടെ നിക്ഷേപവും സംസ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. കേരളത്തിന്റെ ഐടി മേഖലയില്‍ വലിയ കുതിപ്പ് സൃഷ്ടിക്കാനും ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ സാധ്യമാകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സിയാല്‍ 2.0

200 കോടി രൂപ മുതല്‍ മുടക്കില്‍ കൊച്ചി വിമാനത്താവളത്തിന്റെ മുഖഛായ മാറ്റുന്ന സിയാല്‍ 2.0 പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കം കുറിച്ചിരുന്നു. നിര്‍മ്മിതബുദ്ധി, ഓട്ടോമേഷന്‍, പഴുതടച്ച സൈബര്‍ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയാണിത്. ഒപ്പം യാത്രക്കാര്‍ക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാനുമാകും. കൊച്ചി വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും പരിഗണനയിലാണ്.

CIAL has released a tender for a 20-acre IT/ITES park near Kochi Airport, marking a major step toward building a new IT hub in Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT