കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ.) ആഭിമുഖ്യത്തിൽ പതിമൂന്നാമത് കേരള ഹെൽത്ത് ടൂറിസവും എട്ടാമത് സി.ഐ.ഐ. ഗ്ലോബൽ ആയുർവേദ സമ്മിറ്റും എക്സ്പോയും (Global Ayurveda Summit & Expo) നവംബർ 20, 21 തീയതികളിൽ നടക്കും. പത്ത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന സംയുക്ത ഉച്ചകോടിയിൽ 800 പ്രതിനിധികളും 50 എക്സിബിറ്റേഴ്സും 70 പ്രഭാഷകരും 2,000 സന്ദർശകരും പങ്കെടുക്കും.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ചുമതലയുള്ള സഹമന്ത്രി പ്രതാപ്റാവു ജാദവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുമെന്ന് സി.ഐ.ഐ. കേരള വൈസ് ചെയർമാൻ സന്തോഷ് കുമാർ പറഞ്ഞു. കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. ചടങ്ങിൽ പങ്കെടുക്കും.
ആരോഗ്യ രംഗത്തെയും ആയുർവേദത്തിന്റെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് സി.ഐ.ഐ. ഗ്ലോബൽ ആയുർവേദ ഉച്ചകോടി ചെയർമാൻ ഡോ. എസ്. സജി കുമാർ പറഞ്ഞു. വലിയ നഗരങ്ങളിൽ മാത്രമായി ഒതുങ്ങാതെ കേരളത്തിലെ എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും വിദഗ്ദ്ധ ഡോക്ടർമാരുമുണ്ടെന്നത് സംസ്ഥാനത്തിന്റെ വലിയ നേട്ടമാണെന്ന് സി.ഐ.ഐ. കേരള ഹെൽത്ത് ടൂറിസം ചെയർമാനും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറുമായ ഡോ. പി.വി. ലൂയിസ് പറഞ്ഞു.
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആയുർവേദ ഉൽപ്പന്ന മേഖലയ്ക്കായി 'സിദ്ധി 3.0' (SIDDHI 3.0) ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക വേദിയും ഒരുക്കും. ആധുനിക ആയുർവേദ നിർമ്മാണം, ആഗോള ബ്രാൻഡിംഗ്, ഇൻഷുറൻസ് സേവനങ്ങൾ എന്നിവ ഉച്ചകോടിയിൽ ചർച്ച ചെയ്യും. എ.എം.എ.ഐ., എ.എം.എം.ഒ.ഐ., എ.എച്ച്.എം.എ. എന്നിവയുടെ സഹകരണത്തോടെയാണ് വിവിധ സാങ്കേതിക സെഷനുകളും ചർച്ചകളും നടക്കുക. ഒമാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, കസാഖ്സ്ഥാൻ, ബൾഗേറിയ, കെനിയ, സുഡാൻ, സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ. എന്നീ പത്ത് രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളും സമ്മിറ്റില്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്കും എക്സ്പോ സന്ദര്‍ശിക്കാവുന്നതാണ്.
കേരളത്തിന്റെ ടൂറിസം, ആരോഗ്യ വകുപ്പുകൾ, നാഷണൽ ആയുഷ് മിഷൻ, കെ.എസ്.ഐ.ഡി.സി. തുടങ്ങിയവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2025-ൽ എട്ടു ലക്ഷത്തിലധികം വിദേശികളാണ് യുകെ, യുഎസ്, ജർമ്മനി, ഒമാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി കേരളം സന്ദർശിച്ചത്. ഇതിൽ ഭൂരിഭാഗവും ആയുർവേദ ചികിത്സയ്ക്കായി എത്തിയവരാണ് എന്നത് ശ്രദ്ധേയമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine