മത്സ്യ സമ്പത്തിന്റെ കൃത്യമായ വിവരശേഖരണത്തിനും പഠനങ്ങൾക്കുമായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന 'മത്സ്യമെട്രി' (MatsyaMetric) എന്ന ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്.
സാധാരണഗതിയിൽ ഫീൽഡ് സർവേകളിൽ മീനുകളുടെ സാമ്പിളുകൾ എടുത്ത് കൈകൊണ്ട് അളക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. എന്നാൽ മത്സ്യമെട്രി ആപ്പ് വഴി മീനുകളുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി തികച്ചും ലളിതമായി അളവുകൾ തിട്ടപ്പെടുത്താൻ സാധിക്കും. ഒരേ ഇനത്തിൽപ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകൾ ഒരൊറ്റ സാമ്പിളിങ് സെഷനിൽ തന്നെ രേഖപ്പെടുത്താം എന്നതും പ്രത്യേകതയാണ്.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഓട്ടോമാറ്റിക് ആയി വർഗീകരിച്ച് ശാസ്ത്രീയ വിശകലനങ്ങൾക്കായി ഉപയോഗിക്കാനാകും. മത്സ്യബന്ധന മേഖലയിലെ ഫീൽഡ് സർവേകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ആപ്പ് സഹായിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വ്യക്തമാക്കി.
എആർ (Augmented Reality) കോർ പിന്തുണയുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലാണ് ഈ ആപ്പ് പ്രവർത്തിക്കുക. ഫോൺ ക്യാമറ മീനുകൾക്ക് നേരെ പിടിക്കുമ്പോൾ സ്ക്രീനിൽ തെളിയുന്ന മെഷറിങ് ഗൈഡ് അടിസ്ഥാനമാക്കിയാണ് നീളവും വീതിയും കൃത്യമായി കണക്കാക്കുന്നത്.
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഐസിഎആർ നാഷണൽ ഫെലോ പ്രൊജക്റ്റിന്റെ ഭാഗമായി സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റും ഐസിഎആർ നാഷണൽ ഫെലോയുമായ ഡോ. എൽദോ വർഗീസാണ് ആപ്പ് രൂപകല്പന ചെയ്തത്. കേരളത്തിലെയും രാജ്യത്തെയും ഫിഷറീസ് ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.
ICAR-CMFRI introduces 'MatsyaMetric' mobile app using AR technology to measure fish length and width seamlessly.
Read DhanamOnline in English
Subscribe to Dhanam Magazine