Canva, Facebook
Business Kerala

ഇ.ഡി റെയ്ഡും മാസപ്പടി വിവാദവും: സി.എം.ആർ.എൽ കമ്പനിയുടെ ഭാവിയെന്ത്? ഓഹരി ഇടിയുമോ?

നാളെ (2026 മേയ് 28) നടക്കാനിരിക്കുന്ന സി.എം.ആർ.എൽ ബോർഡ് മീറ്റിംഗിൽ, 2025-26 സാമ്പത്തിക വർഷത്തെ ഓഡിറ്റ് ചെയ്ത പ്രവർത്തന ഫലങ്ങളും ഡിവിഡന്റ് സംബന്ധിച്ച തീരുമാനങ്ങളും പ്രഖ്യാപിക്കാനിരിക്കെയാണ് ഈ റെയ്ഡുകൾ ഉണ്ടായിരിക്കുന്നത്

Pintu Prakash

കുറഞ്ഞ കടബാധ്യതയും ഉയർന്ന ആർ.ഒ.സി.ഇയും ഉള്ള ശക്തമായ കെമിക്കൽ ബിസിനസ് മോഡലും, സിന്തറ്റിക് റൂട്ടൈൽ കയറ്റുമതിയിലൂടെ സ്ഥിരതയാർന്ന വരുമാനവും ഉള്ള സി.എം.ആർ.എൽ, ടൈറ്റാനിയം സ്പോഞ്ച് ആവശ്യകതയും ‘റെയർ എർത്ത് കോറിഡോർ’ പദ്ധതിയും മൂലം ദീർഘകാല വളർച്ചാ സാധ്യതകൾ കാണിക്കുന്നു. എന്നാൽ ഇ.ഡി അന്വേഷണം, കുറഞ്ഞ സ്ഥാപന നിക്ഷേപക പങ്കാളിത്തം, ഗവേണൻസ് ആശങ്കകൾ എന്നിവ കാരണം റീട്ടെയിൽ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തേയും കണ്ണൂരിലുമുള്ള വസതികളിലും, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് അഥവാ സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.‍ഡി) നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിൽ കമ്പനിയുടെ കോർപ്പറേറ്റ് ഭരണ നിർവ്വഹണത്തെയും (Corporate Governance) സാമ്പത്തിക സ്ഥിരതയെയും സംബന്ധിച്ച ഗൗരവമായ ചോദ്യങ്ങൾ ഉയരുകയാണ്. പിണറായി വിജയന്റെ മകളായ വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസിന്, 2017—2021 കാലയളവിൽ സി.എം.ആർ.എൽ നൽകിയ 1.72 കോടി രൂപയുടെ പേയ്‌മെന്റുകൾ സേവനങ്ങളൊന്നും ലഭിക്കാതെയാണ് നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയായ സി.എം.ആർ.എല്ലിന്റെ (BSE: 513353) ഓഹരി ഉടമകളെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യം അനിശ്ചിതത്വം നിറഞ്ഞതാണ്. നാളെ (2026 മേയ് 28) നടക്കാനിരിക്കുന്ന ബോർഡ് മീറ്റിംഗിൽ, 2025-26 സാമ്പത്തിക വർഷത്തെ ഓഡിറ്റ് ചെയ്ത പ്രവർത്തന ഫലങ്ങളും ഡിവിഡന്റ് സംബന്ധിച്ച തീരുമാനങ്ങളും പ്രഖ്യാപിക്കാനിരിക്കെയാണ് ഈ റെയ്ഡുകൾ ഉണ്ടായിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽ സി.എം.ആർ.എൽ ഓഹരിയുടകൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളെ കുറിച്ചും കമ്പനിയുടെ ബിസിനിസ് ഭാവിയെ സംബന്ധിച്ച വിശകലനങ്ങളും സെബി അം​ഗീകൃത റിസർച്ച് അനലി​സ്റ്റ് പി. സനൽ (SEBI Registration No. INH000022880) പങ്കുവെക്കുന്നു.

ബിസിനസ്സ് സാധ്യതകളും അനിശ്ചിതത്വവും

​സി.എം.ആർ.എൽ അടിസ്ഥാനപരമായി കുറഞ്ഞ കടബാധ്യതയും ഉയർന്ന ആർ.ഒ.സി.ഇ നിരക്കുകളും ഉൾക്കൊള്ളുന്ന ശക്തമായ ഒരു കെമിക്കൽ നിർമ്മാണ ബിസിനസ്സ് മോഡലാണ് പിന്തുടരുന്നത്. സിന്തറ്റിക് റൂട്ടൈൽ കയറ്റുമതിയിലൂടെ വിദേശ വിപണിയിൽ സ്ഥിരതയാർന്ന വരുമാന സ്രോതസ്സ് നിലനിർത്താനും കമ്പനിക്ക് സാധിക്കുന്നുണ്ട്. എന്നാൽ, നിലവിൽ നേരിടുന്ന ഇ.ഡി അന്വേഷണങ്ങളും നിയമ നടപടികളും കമ്പനിയുടെ പ്രവർത്തനക്ഷമതയെയും ഭാവിയിലെ കരാറുകളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സൂചികകൾ മികച്ചതാണെങ്കിൽ പോലും, ഇത്തരം കംപ്ലയൻസ് (Compliance) പ്രശ്നങ്ങൾ കമ്പനിയുടെ ദീർഘകാല വളർച്ചാ സാധ്യതകളെ സാരമായി ബാധിക്കാമെന്ന് പി. സനൽ അഭിപ്രായപ്പെട്ടു.

ബിസിനസ്സ് ഭാവിയെ കുറിച്ചുള്ള വിലയിരുത്തൽ

സി.എം.ആർ.എൽ ഉത്പാദിപ്പിക്കുന്ന സിന്തറ്റിക് റൂട്ടൈൽ, ബഹിരാകാശ ഗവേഷണം, ആണവോർജ്ജം, പ്രതിരോധം എന്നീ തന്ത്രപ്രധാന മേഖലകളിൽ അനിവാര്യമായ 'ടൈറ്റാനിയം സ്പോഞ്ച്' നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവാണ്. കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ പ്രവർത്തനക്ഷമതയും തുടർന്നുള്ള വികസനവും തദ്ദേശീയമായി ഹൈ-ടെക് ടൈറ്റാനിയം ലോഹക്കൂട്ടുകളുടെ ആവശ്യകത വരും വർഷങ്ങളിൽ ഗണ്യമായി വർധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇതോടൊപ്പം, കേന്ദ്ര ബഡ്ജറ്റിൽ വിഭാവനം ചെയ്ത 'റെയർ എർത്ത് കോറിഡോർ' പദ്ധതി കേരളം ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിലെ ധാതു മണൽ ഖനനത്തിനും സംസ്കരണത്തിനും പുതിയ അവസരങ്ങൾ തുറന്നുനൽകുന്നു. കരിമണലിലെ ധാതുക്കളായ ഇൽമനൈറ്റ്, റൂട്ടൈൽ എന്നിവയുടെ മൂല്യവർധനവിൽ (Value Addition) പതിറ്റാണ്ടുകളുടെ പ്രവർത്തനപരിചയമുള്ള, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഏക ഇന്ത്യൻ കമ്പനിയാണ് സി.എം.ആർ.എൽ. ആഭ്യന്തര വിപണിയിൽ ഈ കോറിഡോറുകൾ സജീവമാകുന്നതോടെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിൽ വർധനവും, തന്ത്രപ്രധാനമായ മേഖലകളിൽ വിപണി വിപുലീകരണവും സാധ്യമാകുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ദേശീയ നയങ്ങൾ കമ്പനിയുടെ ബിസിനസ്സ് വ്യാപ്തി വർധിപ്പിക്കുന്നതിനും പ്രവർത്തന അടിത്തറ വിപുലീകരിക്കുന്നതിനും സഹായകമായ ഘടകങ്ങളാണ്.

നിക്ഷേപകർ എന്ത് ചെയ്യണം?

"സി.എം.ആർ.എല്ലിന്റെ മുന്നിൽ മികച്ച ബിസിനസ്സ് സാധ്യതകൾ നിലനിൽക്കുമ്പോഴും, നിക്ഷേപകർ കോർപ്പറേറ്റ് ഗവേണൻസിൽ അതീവ ജാഗ്രത പുലർത്തണം. കമ്പനിയുടെ ഷെയർഹോൾഡിംഗ് പാറ്റേണിൽ സ്ഥാപന നിക്ഷേപകരുടെ (FIIs/Mutual Funds) പങ്കാളിത്തം കുറവാണെന്നത് ഗവേണൻസ് സംബന്ധമായ ആശങ്കകളെ സാധൂകരിക്കുന്നതാണ്. സാമ്പത്തിക സൂചികകൾ എത്ര മികവുറ്റതാണെങ്കിലും, സുതാര്യതയിൽ വിട്ടുവീഴ്ചയുള്ള ഓഹരികളിൽ നിന്ന് വലിയ ഫണ്ടുകൾ വിട്ടുനിൽക്കുക സ്വാഭാവികമാണ്. നിലവിലെ ഇ.ഡി അന്വേഷണങ്ങളും മാനേജ്‌മെന്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്," പി. സനൽ പറഞ്ഞു

"ഇന്ത്യയിൽ ബീച്ച് സാൻഡ് മിനറൽസ് (BSM) ഖനനവും സംസ്കരണവും പൂർണമായും സർക്കാർ നിയന്ത്രണങ്ങളിലാണ് പ്രവർത്തിക്കുന്നത്. പുതിയ കോറിഡോറുകൾ വരുന്നതോടെ സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ചുള്ള നയങ്ങളിൽ എന്ത് മാറ്റം വരുമെന്ന് നിരീക്ഷിക്കണം (ദീർഘകാല വീക്ഷണം). അതുപോലെ, നാളെ (മേയ് 28) നടക്കുന്ന ബോർഡ് മീറ്റിംഗിൽ നിയമപരമായ ബാധ്യതകളെക്കുറിച്ച് കമ്പനി നൽകുന്ന വ്യക്തത ഓഹരിയുടെ ഭാവി ഗതിയിൽ നിർണ്ണായകമാകും. ചുരുക്കത്തിൽ മാക്രോ സാമ്പത്തിക സാഹചര്യങ്ങളും ദേശീയ നയങ്ങളും കമ്പനിയുടെ ബിസിനസ്സ് മോഡലിന് അനുകൂലമാണെങ്കിലും, നിയമപരമായ വെല്ലുവിളികൾ പരിഹരിക്കപ്പെടുന്നത് വരെ റീട്ടെയിൽ നിക്ഷേപകർ സി.എം.ആർ.എൽ ഓഹരിയിൽ ജാഗ്രത പൂർണമായ സമീപനം സ്വീകരിക്കുന്നതാകും ഉചിതം," പി. സനൽ വ്യക്തമാക്കി.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT