Image : CMRL website and Canva 
Business Kerala

'മാസപ്പടി' കേസിനിടെ സി.എം.ആര്‍.എല്ലിന് അടുത്ത അടി; നാലാം പാദം നഷ്ടത്തിൽ

വരുമാനവും കുറഞ്ഞു, ഓഹരി ഇന്ന് ഇടിവില്‍

Dhanam News Desk

മാസപ്പടി വിവാദം നേരിടുന്ന  ആലുവയിലെ  പ്രമുഖ കെമിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ കൊച്ചിന്‍ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (CMRL) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ രേഖപ്പെടുത്തിയത് 6.92 കോടി രൂപയുടെ നഷ്ടം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ 12.99 കോടി രൂപലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ലാഭം 10.08 കോടി രൂപയായിരുന്നു.

മുന്‍വര്‍ഷത്തെ 18 കോടി രൂപ നികുതി കഴിഞ്ഞ പാദത്തില്‍ അടയ്‌ക്കേണ്ടി വന്നതാണ് സി.എം.ആര്‍.എല്ലിന്റെ ലാഭത്തെ ബാധിച്ചത്. അവലോകന പാദത്തില്‍ മൊത്ത വരുമാനം 109.86 കോടി രൂപയില്‍ നിന്ന് 100.91 കോടി രൂപയായി കുറഞ്ഞു. ഡിസംബര്‍ പാദത്തില്‍ 83.83 കോടി രൂപയായിരുന്നു വരുമാനം.

2023-24 മുഴവന്‍ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭം തൊട്ടു മുന്‍ വര്‍ഷത്തിലെ 56.42 കോടി രൂപയില്‍ നിന്ന് 85 ശതമാനം ഇടിഞ്ഞ്‌ 8.59 കോടി രൂപയായി. ഇക്കാലയളവില്‍ വരുമാനം 447.78 കോടി രൂപയില്‍ നിന്ന് 303.28 കോടി രൂപയായും കുറഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനഫലങ്ങള്‍ കാഴ്ചവച്ച കമ്പനി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ പാദത്തിലും മോശം പ്രകടനമാണ് കാഴ്ചവച്ചത്.

ഓഹരി ഇടിവില്‍

ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ശേഷമാണ് കമ്പനി പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. പക്ഷെ ഫലപ്രഖ്യാപനം പ്രതീക്ഷിച്ച ഓഹരി രണ്ട് ശതമാനത്തോളം ഇടിഞ്ഞാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1.56 ശതമാനം നഷ്ടത്തില്‍  296 രൂപയിലാണ് ഓഹരിയുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും വീണയുടെ കമ്പനി എക്‌സാലോജിക്കിനും മാസപ്പടി നല്‍കിയെന്ന കേസിലകപ്പെട്ട സി.എം.ആര്‍.എല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 13 ശതമാനത്തോളം നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 112 ശതമാനം നേട്ടവും നല്‍കിയിട്ടുണ്ട്.

ഗള്‍ഫിലേക്കും അന്വേഷണം

സി.എം.ആര്‍.എല്‍ ഉള്‍പ്പെട്ട പണമിടപാട് കേസില്‍ വിദേശ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടില്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണിത്തിലായിരുന്ന അബുദബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് വിദേശ കമ്പനികള്‍ വന്‍ തുക നിക്ഷേപിച്ചെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT