Facebook /Cochin International Airport Limited (CIAL)
Business Kerala

കൊച്ചി വിമാനത്താവളത്തില്‍ ട്രെയിനില്‍ ചെന്നിറങ്ങാം, എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന് അനുമതി, രണ്ട് വര്‍ഷത്തില്‍ പൂര്‍ത്തിയാകും

2010ലും നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന് തറക്കല്ലിട്ടിരുന്നു, എന്നാല്‍ പദ്ധതി മുന്നോട്ടു പോയില്ല

Dhanam News Desk

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി. ഡിസംബറില്‍ നിര്‍മാണം തുടങ്ങി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ധാരണ. വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായ രീതിയിലാണ് നിര്‍മാണം. അങ്കമാലിക്കും ചൊവ്വരക്കും ഇടയില്‍ വിമാനത്താവളത്തിനോട് ചേര്‍ന്ന പ്രദേശത്താണ് സ്റ്റേഷന് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. അത്താണിയില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലായിരിക്കും ഇത്.

പ്ലാന്‍ ഇങ്ങനെ

24 കോച്ചുകളുള്ള രണ്ട് ട്രെയിനുകള്‍ക്ക് നിറുത്താവുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളാണ് നെടുമ്പാശേരി റെയില്‍വേ സ്റ്റേഷനില്‍ പണിയാന്‍ ഉദ്ദേശിക്കുന്നത്. ഏകദേശം 19 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനുള്ള സ്ഥലം റെയില്‍വേയുടെ പക്കലുണ്ട്. അതിനാല്‍ ഭൂമിയേറ്റെടുക്കലിന് പണം ചെലവാക്കേണ്ടി വരില്ല. ആധുനിക സൗകര്യങ്ങളോടെയാകും നിര്‍മാണം. യാത്രക്കാര്‍ക്ക് 1.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിമാനത്താവളത്തിലെത്താം. എയര്‍പോര്‍ട്ട്-റെയില്‍വേ സ്‌റ്റേഷന്‍ ഫീഡര്‍ ബസ് ആരംഭിക്കാനും പദ്ധതിയുണ്ട്. വന്ദേഭാരത് അടക്കമുള്ള എല്ലാ ട്രെയിനുകള്‍ക്കും ഇവിടെ സ്‌റ്റോപ്പ് അനുവദിക്കുമെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനും പറയുന്നു.

യാത്രക്കാര്‍ക്ക് ആശ്വാസം

നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പകല്‍ നേരങ്ങളില്‍ മെട്രോ ഫീഡര്‍ അടക്കമുള്ള സംവിധാനങ്ങളുണ്ട്. എന്നാല്‍ രാത്രി കാലങ്ങളില്‍ ടാക്‌സി കാറുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അല്ലെങ്കില്‍ വിമാനത്താവളത്തിന് പുറത്തെത്തി ഓട്ടോ റിക്ഷ പിടിക്കണം. ദൂരെസ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് ദേശീയപാതയിലെത്തി കെ.എസ്.ആര്‍.സി ബസുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ. റെയില്‍വേ സ്റ്റേഷന്‍ വരുന്നതോടെ ഇതിനും പരിഹാരമാകും. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം വിമാനത്താവളത്തിലേക്ക് കൂടി നീട്ടാനും പദ്ധതിയുണ്ട്. ഇതോടെ യാത്ര കൂടുതല്‍ സുഗമമാകുമെന്നാണ് കരുതുന്നത്.

തറക്കല്ലിടല്‍ 2010ലും

ഇ.അഹമ്മദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് 2010ല്‍ നെടുമ്പാശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. ശിലാഫലകം സ്ഥാപിച്ചതല്ലാതെ പദ്ധതി മുന്നോട്ടു പോയില്ല.

Central nod for new Cochin International Airport railway station to boost seamless rail-air connectivity for Kerala’s travellers starting soon!

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT