Business Kerala

ബാറ്ററിയില്‍ പ്രവര്‍ത്തിക്കും ഇലക്ട്രിക് ഹാര്‍ബര്‍ ടഗ്ഗുകളുടെ നിര്‍മാണം ആരംഭിച്ചു; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ക്ക് മുന്നേറ്റം

കഴിഞ്ഞ ഡിസംബറിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും സ്വിറ്റ്സറും തമ്മില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്. 250-500 കോടി രൂപയുടേതാണ് കരാര്‍

Dhanam News Desk

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഹാര്‍ബര്‍ ടഗ്ഗുകളുടെ നിര്‍മാണം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ആരംഭിച്ചു. ഡെന്മാര്‍ക്ക് ആസ്ഥാനമായ ആഗോള ടോവിംഗ്, മറൈന്‍ സേവനദാതാവായ സ്വിറ്റ്സറിന് വേണ്ടി നാല് പുതുതലമുറ ടഗ്ഗുകളാണ് നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണോദ്ഘാടനം കഴിഞ്ഞദിവസം ഷിപ്പ്‌യാര്‍ഡില്‍ നടന്നു.

കഴിഞ്ഞ ഡിസംബറിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും സ്വിറ്റ്സറും തമ്മില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്. 250-500 കോടി രൂപയുടേതാണ് കരാര്‍. നാല് ഇലക്ട്രിക് ഹാര്‍ബര്‍ ടഗ്ഗുകളാകും ഇത്തരത്തില്‍ കൊച്ചിയില്‍ നിര്‍മിക്കുക.

തുറമുഖങ്ങളിലെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപകല്പന ചെയ്ത ടഗ്ഗുകള്‍ കപ്പലുകളെ കൈകാര്യം ചെയ്യാനും പ്രതികൂല കാലാവസ്ഥയിലും വേലിയേറ്റ, ഇറക്ക സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാനും ശേഷിയുള്ളവയാണ്. ഹരിത വൈദ്യുതി ഉപയോഗിച്ച് ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നതുവഴി കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ കഴിയും.

ഇന്ത്യന്‍ കപ്പല്‍നിര്‍മാണ മേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ 69,725 കോടി രൂപയുടെ സമഗ്ര പാക്കേജിന് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ കരാര്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിച്ചത്.

വികസനക്കുതിപ്പിന് ഷിപ്പ്‌യാര്‍ഡ്

കൊച്ചിയിലെ രാമന്‍തുരുത്തില്‍ സ്ഥിതി ചെയ്യുന്ന 18.16 ഏക്കര്‍ ഭൂമി ഷിപ്പ് ബ്ലോക്ക് നിര്‍മാണ സൗകര്യമൊരുക്കുന്നതിനായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് പാട്ടത്തിന് നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഏകദേശം 5,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.

പുതിയ വികസന പദ്ധതിയിലൂടെ 2,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ഇതിന് പുറമെ അനുബന്ധ വ്യവസായങ്ങള്‍ വഴി ആയിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. കൊച്ചിയെ ആഗോളതലത്തില്‍ തന്നെ പ്രമുഖ കപ്പല്‍ നിര്‍മാണ-സാങ്കേതിക ഹബ്ബായി ഉയര്‍ത്താന്‍ ഈ പദ്ധതി ഉപകരിക്കും.

ഓഹരികള്‍ക്ക് നേട്ടം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് രണ്ടുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ നിക്ഷേപകര്‍ക്ക് 6.73 ശതമാനം നേട്ടം നല്കാന്‍ ഈ ഓഹരികള്‍ക്ക് സാധിച്ചിരുന്നു. അതേസമയം, ജൂണ്‍പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും ഇടിവുണ്ടാകുകയും ചെയ്തു. ആദ്യ പാദത്തില്‍ വരുമാനം 67 കോടി കുറഞ്ഞ് 910 കോടി രൂപയായി. ലാഭം 188 കോടിയില്‍ നിന്ന് 136 കോടി രൂപയായും താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT