കൊച്ചി ആസ്ഥാനമായ പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (CSL), നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഷിപ്പ് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിങ് സ്ഥാപനമായ കോണോഷിപ്പ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സിന്റെ (Conoship International Holding B.V.) 23 ശതമാനം ഇക്വിറ്റി ഓഹരികള്‍ വാങ്ങുന്ന നടപടികള്‍ പൂര്‍ത്തിയാക്കി.
ഓഹരി കൈമാറ്റത്തിനായുള്ള അന്തിമ കരാറില്‍ (Deed for Transfer of Shares) ഒപ്പുവെച്ചതായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചു.
ഏകദേശം 2.30 മില്യണ്‍ യൂറോ (ഏകദേശം 25.10 കോടി) നിക്ഷേപത്തിലാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഈ തന്ത്രപ്രധാന ഓഹരി പങ്കാളിത്തം സ്വന്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിന്റെ (DIPAM) പൂര്‍ണ്ണ അനുമതിയോടെയാണ് ഇടപാട് നടന്നത്. സെപ്റ്റംബര്‍ 24-നാണ് ഓഹരി വാങ്ങല്‍ കരാറിലും (SPA), ഷെയര്‍ഹോള്‍ഡേഴ്സ് & കോ-ഓപ്പറേഷന്‍ എഗ്രിമെന്റിലും ഇരു കമ്പനികളും ഒപ്പുവെച്ചത്.
ആഗോളതലത്തില്‍, പ്രത്യേകിച്ച് യൂറോപ്യന്‍ കോസ്റ്റല്‍, ഷോര്‍ട്ട്-സീ ഷിപ്പിങ് വിപണിയില്‍ അത്യാധുനിക ഡിസൈന്‍ സൊല്യൂഷനുകളോടെ സാന്നിധ്യം ശക്തമാക്കാന്‍ ഈ നീക്കം കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെ സഹായിക്കും. പരിസ്ഥിതി സൗഹൃദപരമായ ഗ്രീന്‍ വെസലുകള്‍, ആള്‍ട്ടര്‍നേറ്റീവ് ഫ്യുവല്‍ സൊല്യൂഷനുകള്‍, വിപുലമായ ഡിസൈന്‍ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ കോണോഷിപ്പിനുള്ള ആഗോള പരിചയസമ്പത്ത് വരുംനാളുകളില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ നിര്‍മാണ ശേഷിക്ക് കൂടുതല്‍ കരുത്ത് പകരും.
2014 ഫെബ്രുവരി 13ന് സ്ഥാപിതമായ കോണോഷിപ്പ് നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള കപ്പല്‍ രൂപകല്‍പന, എന്‍ജിനീയറിംഗ് കമ്പനിയാണ്. ജനറല്‍ കാര്‍ഗോ കപ്പലുകള്‍, ടാങ്കറുകള്‍, ഡ്രെഡ്ജറുകള്‍, ഫെറികള്‍, ഓഫ്‌ഷോര്‍ കപ്പലുകള്‍ തുടങ്ങിയവയുടെ രൂപകല്‍പനയാണ് കമ്പനിയുടെ പ്രധാന മേഖല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കപ്പല്‍ശാലകള്‍ക്ക് കമ്പനി ഡിസൈന്‍, എന്‍ജിനീയറിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.
ഇരുകമ്പനികളും ചേര്‍ന്ന് പുതിയ സാങ്കേതികവിദ്യകളിലെ ബിസിനസ് സാധ്യതകളും പരിശോധിക്കും. ഹ്രസ്വദൂര കപ്പലുകള്‍ക്കുള്ള ബദല്‍ ഇന്ധനങ്ങള്‍, തീരദേശ കപ്പല്‍ഗതാഗതം, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയ്ക്കൊപ്പം അനുബന്ധ മറൈന്‍, ഷിപ്പിംഗ്, ഓഫ്‌ഷോര്‍ സേവനങ്ങളിലുമാണ് സഹകരണ സാധ്യതകള്‍ തേടുക.
Cochin Shipyard has finalized the acquisition of a 23% equity stake in Dutch ship design firm Conoship International for €2.3 million (~₹25.1 crore) to strengthen its presence in the European green shipping market.
Read DhanamOnline in English
Subscribe to Dhanam Magazine