canva, https://cochinshipyard.in/
Business Kerala

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ₹3,700 കോടി നിക്ഷേപം, 2,000 പേര്‍ക്ക് ജോലി! വമ്പന്‍ കപ്പലുകളുണ്ടാക്കാന്‍ കൊറിയന്‍ കമ്പനിയുമായി കരാര്‍, എന്നിട്ടും ഓഹരി ഇടിഞ്ഞതെന്ത്?

ലോജിസ്റ്റിക്‌സ്, എം.എസ്.എം.ഇ, സപ്ലൈ ചെയിന്‍ എന്നീ മേഖലകളില്‍ 6,000 മുതല്‍ 10,000 വരെ നേരിട്ടല്ലാതെയുള്ള തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും

Dhanam News Desk

വമ്പന്‍ കപ്പലുകള്‍ നിര്‍മിക്കാന്‍ കൊറിയന്‍ കമ്പനിയായ എച്ച്.ഡി കൊറിയ ഷിപ്പ്ബില്‍ഡിംഗ് ആന്‍ഡ് ഓഫ്‌ഷോറിംഗ് എഞ്ചിനീയറിംഗുമായി (KSOE) ദീര്‍ഘകാല കരാറിലെത്തി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. തമിഴ്‌നാട്ടില്‍ കപ്പല്‍ നിര്‍മാണ കേന്ദ്രം നിര്‍മിക്കാന്‍ കരാറൊപ്പിട്ടതിന് പിന്നാലെയാണ് പുതിയ കരാറും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ 310 മീറ്റര്‍ നീളമുള്ള പുതിയ ഡ്രൈഡോക്ക് ടാങ്കറുകള്‍, കണ്ടെയ്‌നര്‍ കപ്പലുകള്‍, ബള്‍ക്ക് കാരിയര്‍ പോലുള്ള ലാര്‍ജ് വെസലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കും. പ്രതിവര്‍ഷം ആറ് യാനങ്ങളെങ്കിലും നിര്‍മിക്കാനാണ് പദ്ധതിയെന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ പറയുന്നു.

കൊച്ചിയില്‍ 80 ഏക്കര്‍ സ്ഥലത്ത് വന്‍ കപ്പലുകള്‍ നിര്‍മിക്കുന്ന പുതിയ കേന്ദ്രവും സ്ഥാപിക്കും. ഇതിനായി 3,700 കോടി രൂപയുടെ നിക്ഷേപം നടത്തും. നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം 1.2 മെട്രിക്ക് ടണ്‍ ശേഷിയുണ്ടാകും. 2,000 പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍ നല്‍കാനും ഈ കേന്ദ്രത്തിനാകും. ലോജിസ്റ്റിക്‌സ്, എം.എസ്.എം.ഇ, സപ്ലൈ ചെയിന്‍ എന്നീ മേഖലകളില്‍ 6,000 മുതല്‍ 10,000 വരെ നേരിട്ടല്ലാതെയുള്ള തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. ഗുജറാത്തിലെ ഭാവ്‌നഗറില്‍ നടന്ന സമുദ്രത്തിലൂടെ സമൃദ്ധി (Samudra se samridhi) ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇരുകമ്പനികളും ധാരണയിലെത്തിയത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ നിലവിലുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന് കൂടിയാണ് നീക്കം.

തമിഴ്‌നാട്ടില്‍ കപ്പല്‍ നിര്‍മിക്കും

അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പുതിയ കപ്പല്‍ നിര്‍മാണ ശാല നിര്‍മിക്കുന്നതിനും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കരാറൊപ്പിട്ടിട്ടുണ്ട്. കൊറിയന്‍ കമ്പനിയുടെ സഹായത്തോടെ 15,000 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ നടത്തുന്നത്. ആദ്യഘട്ടത്തില്‍ 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. കൂടാതെ കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രവും ഇവിടെ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.

ഓഹരിക്ക് ഇടിവ്

അതേസമയം, പോസിറ്റീവായ വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വിപണിയെ മൊത്തത്തില്‍ ബാധിച്ച ഇടിവാണ് ഓഹരിക്ക് വിനയായതെന്നാണ് കരുതുന്നത്. അടുത്തിടെയുണ്ടായ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തിരക്ക് കൂട്ടുന്നതും കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നതാണെന്ന വിലയിരുത്തലുകളും തിരിച്ചടിയായി. ഇന്ന് ഓഹരിയൊന്നിന് 37.50 രൂപ ഇടിഞ്ഞ് 1,885.40 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. എന്നാല്‍ ഒരാഴ്ചയിലെ കണക്കെടുക്കുമ്പോള്‍ ഓഹരികള്‍ 3.5 ശതമാനവും ഒരുമാസത്തെ കണക്കില്‍ 10.55 ശതമാനം നേട്ടത്തിലാണ്.

Cochin Shipyard Limited (CSL) partners with HD Korea Shipbuilding & Offshore Engineering for advanced shipbuilding projects. The collaboration targets construction of large vessels like Suezmax tankers, container ships, and bulk carriers, utilizing CSL’s 310-meter dry dock with a capacity of six vessels annually.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT