മധു എസ് നായര്‍ 
Business Kerala

കൊച്ചിന്‍ ഷിപ്‌‍യാര്‍ഡ്: എങ്ങനെയാണ് അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്നും വിജയതീരമണഞ്ഞത്?

കനത്ത കടഭാരവും അടച്ചുപൂട്ടല്‍ ഭീഷണിയും നേരിട്ടിരുന്ന കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, എങ്ങനെയാണ് രാജ്യത്തെ മാതൃകാ പൊതുമേഖല സ്ഥാപനമായി ഇന്ന് വളർന്നതെന്ന കഥ അറിയാം.

Dhanam News Desk

'Save Our Shipyard' 1990കളുടെ മധ്യത്തില്‍ കൊച്ചിയില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഇത്. കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാര്‍ ഒന്നടങ്കം അക്ഷരാര്‍ത്ഥത്തില്‍ പിച്ചച്ചട്ടിയുമായി നിരത്തില്‍ ഇറങ്ങിയ കാലം. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കൊച്ചി കപ്പല്‍ശാല ഇന്ന് രാജ്യത്തിന് അഭിമാനമാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളോട് 'കൊച്ചിന്‍ ഷിപ്‌യാര്‍ഡിനെ മാതൃകയാക്കൂ, അവരെ പോലെ ആകൂ' എന്ന് പറയുന്നു.

രാജ്യത്തിന്റെ മാരിടൈം നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് കൊച്ചി കപ്പല്‍ശാലയാണ്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ്‌ വിക്രാന്ത് നിര്‍മിച്ച് കൈമാറി കൊച്ചി കപ്പല്‍ശാല രാഷ്ട്രനിര്‍മാണത്തില്‍ തന്ത്രപ്രധാന പങ്കും വഹിച്ചു. കനത്ത കടഭാരത്തില്‍ പെട്ട്, ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ വരെ ഡല്‍ഹിയില്‍ നിന്ന് കനിവ് കാത്തിരുന്ന ഒരു കാലത്തെ പാഴ്ക്കഥയാക്കി എങ്ങനെയാണ് കൊച്ചി കപ്പല്‍ശാല ഇതുപോലെ ഉയിര്‍ത്തെഴുന്നേറ്റത്?

ഈ ടേണ്‍എറൗണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച, 38 വര്‍ഷക്കാലം കപ്പല്‍ശാലക്കൊപ്പം സഞ്ചരിച്ച, 10 വര്‍ഷം കപ്പല്‍ശാലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായി സേവനമനുഷ്ഠിച്ച മധു എസ് നായര്‍ ആ കഥ വിവരിക്കുന്നു. അടുത്തിടെ കൊച്ചി കപ്പല്‍ശാലയുടെ സിഎംഡി പദവിയില്‍ നിന്ന് അദ്ദേഹം വിരമിച്ചു. ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം, കൈമാറ്റം, കപ്പല്‍ശാലയുടെ ലിസ്റ്റിങ് എന്നിവയെല്ലാം നടന്നത് അദ്ദേഹം സിഎംഡി പദവിയിലിരിക്കുമ്പോഴാണ്.

കടഭാരത്തോടെ പിറന്നുവീണ ശിശു

ഒരു പൊതുമേഖല സ്ഥാപനം അടച്ചുപൂട്ടലിന്റെ വക്കിലെത്തുമ്പോള്‍ അഴിമതി, ജീവനക്കാര്‍ ജോലി ചെയ്യാത്തത് തുടങ്ങി ഒട്ടേറെ ധാരണകളാണ് പൊതുസമൂഹത്തിനുണ്ടാവുക. രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് കപ്പല്‍ശാലയാണ് കൊച്ചിയിലേത്. അത് വിഭാവനം ചെയ്ത് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഏറെ കാലതാമസമുണ്ടായി. പ്രാരംഭ നിക്ഷേപവും പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ കൂടുതല്‍ വേണ്ടിവന്നു. കപ്പല്‍ശാലയുടെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തന്നെ ഈ അധിക സാമ്പത്തിക ഭാരം കമ്പനിയുടെ ചുമലില്‍ വന്നു. അതായത് കടഭാരത്തോടെ പിറന്നുവീണ നവജാത ശിശുവാണ് കൊച്ചി കപ്പല്‍ശാല.

കപ്പല്‍ശാലയുടെ ആദ്യ മേധാവിയായി വന്നത് ഇന്ത്യയുടെ വാര്‍ ഹീറോ അഡ്മിറല്‍ കൃഷ്ണനായിരുന്നു. രണ്ടാമത്തെ ചെയര്‍മാന്‍ 'മെട്രോമാന്‍' ഇ. ശ്രീധരനും. അദ്ദേഹം 11 മാസമാണ് ഈ പദവി വഹിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ കാലത്താണ് ആദ്യ കപ്പല്‍ റാണി പത്മിനി കപ്പല്‍ശാല നിര്‍മിച്ച് കൈമാറുന്നത്.

1988ലാണ് ഞാന്‍ കപ്പല്‍ശാലയില്‍ കരിയര്‍ ആരംഭിക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് നേവല്‍ ആര്‍ക്കിടെക്ചര്‍ ബിരുദം നേടിയ ശേഷമാണ് ഇവിടേക്ക് എത്തുന്നത്. അന്ന് കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന കപ്പലുകളുടെ വില വരെ നിശ്ചയിച്ചിരുന്നത് പുറത്തുനിന്നായിരുന്നു. തൊഴിലാളികള്‍ എല്ലാവരും വൈദഗ്ധ്യമുള്ളവരായിരുന്നില്ല. അതുകൊണ്ട് തന്നെ കപ്പല്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സാധിക്കുമായിരുന്നില്ല. ഇതെല്ലാം ചേര്‍ന്നതോടെ സാമ്പത്തിക ബാധ്യത പിന്നെയും കൂടി. നെഗറ്റീവ് 150 കോടി നെറ്റ്‌‍വര്‍ത്ത് എന്ന നിലയിലേക്ക് കപ്പല്‍ശാല എത്തി. കപ്പല്‍ശാലയെ രക്ഷിക്കാന്‍ മുറവിളി ഉയര്‍ന്നതും ആ ഘട്ടത്തിലാണ്.

1993ന്റെ തുടക്കത്തില്‍ സാമ്പത്തിക പുനഃസംഘടന കമ്പനിയില്‍ നടപ്പാക്കി. ഇതിന്റെ ഭാഗമായി പലിശയിന്മേലുള്ള പലിശ ഒഴിവാക്കി. എട്ട് വര്‍ഷം കൊണ്ട് കടഭാരം കുറക്കാനുള്ള പദ്ധതി നടപ്പാക്കപ്പെട്ടു. മാത്രമല്ല, കപ്പല്‍ നിര്‍മാണത്തേക്കാള്‍ കപ്പലുകളുടെ അറ്റകുറ്റപ്പണിക്ക് പ്രാധാന്യം കൊടുത്തു.

ഇവിടെ എന്തും നടക്കും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്ത് കപ്പല്‍ശാലയിലെ ജോലി വിട്ട് രക്ഷപ്പെട്ട് ഓടണമോയെന്ന ചിന്തയൊക്കെ പലരിലുമുണ്ടായിരുന്നു. അന്ന് ഞാന്‍ ഷിപ്‌യാര്‍ഡിലെത്തിയിട്ട് 8-10 വര്‍ഷമായിരുന്നു. ഒരുദിവസം ഡോള്‍ഫിന്‍ ക്ലബില്‍ കപ്പല്‍ശാലയിലെ 'യുവതുര്‍ക്കി'കള്‍ ഒത്തുകൂടി. അക്കാലത്ത് ഞങ്ങളുടെ സീനിയേഴ്സായി മികച്ചൊരു ഓഫീസര്‍ നിരയുണ്ട്. വൈദഗ്ധ്യമുള്ള തൊഴിലാളികളുമുണ്ട്. കമ്പനിയോട് സ്നേഹവും മാനസിക അടുപ്പവുമുള്ളവരായിരുന്നു എല്ലാവരും.

ആരും ക്ലോക്ക് നോക്കിയല്ല ജോലി ചെയ്തിരുന്നത്. വൈകിട്ട് പഞ്ച് ചെയ്ത് പുറത്തുപോയി ഒന്ന് ഫ്രഷായി തിരികെ വന്ന് രാത്രി 12- ഒരുമണി വരെ ജോലി ചെയ്യുന്നത് ശീലമാക്കിയവരായിരുന്നു. സത്യസന്ധമായ കമ്പനിയാണ് കപ്പല്‍ശാല. ഇവിടെ നിന്ന് ഇതിനെ ഉയരങ്ങളിലേക്ക് നയിക്കുകയാണ് വേണ്ടതെന്ന സമാന ചിന്താഗതിയാണ് എല്ലാവരിലുമുണ്ടായിരുന്നത്. അതാണ് ഞങ്ങളും ചര്‍ച്ച ചെയ്തത്. അക്കാലത്ത് വി.ബി ചെറിയാനെ പോലെ ശക്തരായ തൊഴിലാളി നേതാക്കളുണ്ട്. അവരൊക്കെ തന്നെ കപ്പല്‍ശാലയുടെ നിലനില്‍പ്പ് മാത്രം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചവരാണ്. 'ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂ' എന്നായിരുന്നു അവരുടെ നിലപാട്. 35 വര്‍ഷത്തോളം പണിമുടക്കില്ലാത്ത കമ്പനിയാണ് കപ്പല്‍ശാല. അതിനര്‍ത്ഥം ഇവിടെ എല്ലാം പെര്‍ഫെക്ടാണെന്നല്ല. ഗുസ്തി പിടിക്കും. പരിഭവം പ്രകടിപ്പിക്കും. പക്ഷേ ചുവരിനെ തകര്‍ക്കാന്‍ ആരും തയാറല്ലായിരുന്നു.

വഴിത്തിരിവായ ക്ലിപ്പര്‍ ഓര്‍ഡര്‍

കപ്പല്‍ശാല ഒരു ക്ലീന്‍ കമ്പനിയാണ്. സുതാര്യത,വിശ്വാസം, സ്നേഹം ഇവയെല്ലാം കപ്പല്‍ശാലയുടെ ഡിഎന്‍എയിലുണ്ട്. ഇന്ത്യയിലേക്ക് തന്നെ ഓര്‍ഡറുകള്‍ക്കായി നോക്കിയിരുന്നാല്‍ മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാവുമെന്ന തിരിച്ചറിവില്‍ നിന്നാണ് വിദേശ കമ്പനികളുടെ ഓര്‍ഡറുകള്‍ക്ക് കപ്പല്‍ശാല ശ്രമിച്ചുതുടങ്ങിയത്. ആദ്യ ഓര്‍ഡര്‍ അബുദാബിയില്‍ നിന്നായിരുന്നു. ആ കമ്പനിയിലെ പ്രവാസി മലയാളി സമൂഹം ഇതിന് നല്ല രീതിയില്‍ സഹായിക്കുകയും ചെയ്തു. രണ്ടാമത്തെ ഓര്‍ഡര്‍ സൗദി അറേബ്യയില്‍ നിന്നും. യൂറോപ്യന്മാരുമായി ബിസിനസ് നടത്തുന്നവര്‍ക്ക് അന്നും ഇന്നും സ്വീകാര്യത ഏറെയാണ്. യൂറോപ്യന്‍ കരാറിന് ശ്രമിച്ചത് അങ്ങനെയാണ്. ഷിപ്പിങ് രംഗത്തെ പ്രൊഫഷണലായ ആന്റണി പ്രിന്‍സ് വിദേശ ഓര്‍ഡറുകള്‍ക്ക് പിന്നില്‍ അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. ഇപ്പോഴും പ്രയത്നിക്കുന്നു.

ഡെന്‍മാര്‍ക്ക് കമ്പനിയായ ക്ലിപ്പര്‍ ആറ് കപ്പലുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുമായാണ് കൊച്ചി കപ്പല്‍ശാലയെ സമീപിച്ചത്. ഇതില്‍ ആദ്യ കപ്പല്‍ രണ്ടുവര്‍ഷം കൊണ്ട് കൈമാറണം. പിന്നീടുള്ള ഓരോന്നിനും മാസങ്ങളുടെ നിര്‍മാണ കാലാവധിയും. ഈ ഓര്‍ഡര്‍ സ്വീകരിച്ചാല്‍ അത് കരാര്‍ പ്രകാരം തീര്‍ക്കാനാവില്ലെന്ന വിശ്വാസമായിരുന്നു. അന്ന് ഈ കരാറിന്റെ മാര്‍ക്കറ്റിങ് ടീമിനെ നയിച്ചിരുന്നത് ഞാനാണ്. ക്ലിപ്പറിന്റെ കരാര്‍ സ്വീകരിക്കേണ്ടതില്ലെന്ന ഏകദേശ ധാരണയിലാണ് കമ്പനി. ക്ലിപ്പര്‍ കമ്പനിയുടെ മേധാവി അന്ന് കപ്പല്‍ശാലയിലെത്തിയിരുന്നു. പിറ്റേന്ന് കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലുമെത്തണം. ക്ലിപ്പര്‍ മേധാവി കപ്പല്‍ശാലയില്‍ വെച്ച് സംസാരിക്കവെ എന്നോട് പറഞ്ഞ ഒരു കാര്യം ഉള്ളില്‍ തറച്ചു. അവര്‍ കൊച്ചി കപ്പല്‍ശാലയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ അത്രപോലും ഞങ്ങള്‍ക്ക് കപ്പല്‍ശാലയില്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സംസാരത്തിന്റെ സാരം.

അന്ന് വൈകിട്ട് ഡയറക്റ്റര്‍- ഓപറേഷന്‍സ് വിഭാഗം കൈകാര്യം ചെയ്തിരുന്ന മേല്‍ ഉദ്യോഗസ്ഥനുമായി മൂന്ന് മണിക്കൂറോളം കരാര്‍ സ്വീകരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു. ഈ കരാറില്‍ ഒപ്പുവെക്കാന്‍ സാധിച്ചില്ലെങ്കില്‍ നമുക്കാര്‍ക്കും ഇവിടെ തുടരാന്‍ യോഗ്യതയില്ലെന്ന് തന്നെ പറഞ്ഞു. പിറ്റേന്ന് രണ്ട് പേപ്പറുകളുമായി തിരികെ വരാം; ഒന്ന് ഈ ഓര്‍ഡറില്‍ ഒപ്പ് വെക്കുന്നത് സംബന്ധിച്ച്. രണ്ടാമത്തേത് എന്റെ രാജിക്കത്ത്. എന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് അദ്ദേഹവുമായുള്ള കൂടിക്കാഴ്ച ഞാന്‍ അവസാനിപ്പിച്ചത്.

പിറ്റേന്ന് പക്ഷേ ഒപ്പുവെച്ചത് ക്ലിപ്പറിന്റെ ഓര്‍ഡര്‍ സംബന്ധിച്ച പേപ്പറിലായിരുന്നു. ഓപറേഷന്‍സ്, ഫിനാന്‍സ് വിഭാഗം മേധാവികളും അന്നത്തെ സിഎംഡിയുമെല്ലാം വീണ്ടും ചര്‍ച്ച ചെയ്ത് ഓര്‍ഡര്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതൊരു വഴിത്തിരിവായി. ക്ലിപ്പറിന്റെ ആദ്യ കപ്പല്‍ കൈമാറാന്‍ രണ്ട് വര്‍ഷവും നാല് മാസവുമെടുത്തു. പക്ഷേ അഞ്ചാമത്തെ കപ്പല്‍ പറഞ്ഞ സമയത്തിനും മാസങ്ങള്‍ക്ക് മുമ്പേ കൈമാറി. അത് സംബന്ധിച്ച പരസ്യം കേരളത്തിലെ എല്ലാ പത്രങ്ങളുടെയും ബാക്ക് പേജില്‍ മുഴുനീളത്തില്‍ നല്‍കി. അതിനുള്ള ചെലവ് വഹിച്ചത് ആ ഡെന്മാര്‍ക്ക് കമ്പനി തന്നെയാണ്.

ഇതോടെ ഇടിഞ്ഞുതൂങ്ങിയ തോളുകളുമായി നടന്നിരുന്ന ഒരു വര്‍ക്ക്‌ഫോഴ്സിന് പുതുഊര്‍ജവും ആത്മവിശ്വാസവുമായി. നമുക്കില്ലാതിരുന്നത് നമ്മളിലുള്ള വിശ്വാസമായിരുന്നു. ലോകത്തെ മറ്റാരേക്കാളും പിന്നിലല്ല നമ്മള്‍. അതിന് ശേഷം വിദേശത്തു നിന്ന് ഒട്ടേറെ ഓര്‍ഡറുകള്‍ ലഭിച്ചു. നോര്‍വെ, നെതര്‍ലന്‍ഡ്‌സ്, യുഎസ്എ എന്നിവിടങ്ങളിലേക്കെല്ലാം കപ്പലുകള്‍ നിര്‍മിച്ച് നല്‍കി.

കൊച്ചി കപ്പല്‍ശാല 'മാജിക്'

ഐഎന്‍എസ് വിക്രാന്തിന്റെ അടക്കം നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറിയപ്പോള്‍ ആ പദ്ധതിയുമായി ഏറെ ബന്ധപ്പെട്ട് നിന്നവര്‍ വരെ ആശ്ചര്യം തുറന്നുപറഞ്ഞിട്ടുണ്ട്. കാരണം കപ്പലിലെ കേബിള്‍ വിന്യാസം വരെ സര്‍വകാല റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് തീര്‍ന്നത്. അതിനെ ഷിപ്‌യാര്‍ഡ് മാജിക്ക് എന്ന് തന്നെ വിശേഷിപ്പിക്കാം. എന്നും ഇതുപോലെ അത്ഭുതങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ജോലികള്‍ സമയബന്ധിതമായി, ഏറ്റവും മികച്ച നിലവാരത്തില്‍ തീര്‍ക്കാന്‍ ഷിപ്‌യാര്‍ഡിനെ ഒരു വികാരമായി കാണുന്ന ടീമിന് സാധിക്കുന്നുണ്ട്. പുതുതലമുറ വരുമ്പോള്‍ ഇത്തരത്തിലുള്ള വികാരങ്ങള്‍ കൊണ്ടുമാത്രം മാജിക് എല്ലാക്കാലവും ആവര്‍ത്തിക്കണമെന്നില്ല. അതിന്റെ ഭാഗമായി കുറ്റമറ്റ രീതിയിലുള്ള സിസ്റ്റവും പ്രോസസും വേണ്ടിവരും.

കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ഇന്നൊരു മാതൃക സ്ഥാപനമായാണ് വളര്‍ന്നിരിക്കുന്നത്. ഇവിടെ നിന്ന് വിരമിക്കുന്ന എല്ലാവരും അതീവ സന്തോഷത്തോടെയാണ് പിരിയുന്നത്; ഇത്രകാലം ജീവിതത്തിന്റെ ഭാഗമായി നിന്ന കമ്പനിയില്‍ നിന്ന് പിരിയുകയാണല്ലോയെന്ന ചെറിയൊരു മാനസിക വിഷമം അവര്‍ക്കുണ്ടെങ്കില്‍ പോലും അവരുടെ മക്കള്‍ വലിയ നിലയിലാണ്. സ്ഥാപനം അവര്‍ വന്നകാലത്തേക്കാള്‍ പലമടങ്ങ് വലുതായി. സാമ്പത്തികമായ സുരക്ഷിതത്വമുണ്ട്. ഇതില്‍പ്പരം മറ്റെന്ത് വേണം?

കൊച്ചി കപ്പല്‍ശാല കൊണ്ടുവന്ന സാമൂഹികമായ മാറ്റവും ഏറെ വലുതാണ്. പനമ്പിള്ളി നഗറില്‍ കപ്പല്‍ശാലയുടെ കൈവശമുണ്ടായ സ്ഥലത്താണ് ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂള്‍. കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാരുടെ മക്കള്‍ക്ക് അവിടെ സീറ്റ് സംവരണമുണ്ട്. ഇന്ന് കപ്പല്‍ശാലയില്‍ നിന്ന് വിരമിക്കുന്നവരില്‍ 99.99 ശതമാനം പേരുടെ മക്കളും ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും നേടിയവരാണ്. വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിചരണം, സാമ്പത്തിക സുരക്ഷിതത്വം, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവയെല്ലാം സൃഷ്ടിക്കുക വഴി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് വരുത്തിയ സാമൂഹിക മാറ്റം അങ്ങേയറ്റം സുപ്രധാനമായൊരു കാര്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT