Image Courtesy : Cochin Shipyard 
Business Kerala

₹200 കോടിയുടെ പുതിയ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഓഹരിക്ക് ഇന്നും മുന്നേറ്റം, ആറു മാസത്തില്‍ 44% നേട്ടം

45 കപ്പലുകളാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇതിനകം നിര്‍മിച്ച് നല്‍കിയിരിക്കുന്നത്

Dhanam News Desk

കേന്ദ്ര പൊതുമേഖലാ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 200 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ONGC) ആണ് ഡ്രൈ ഡോക്ക് അല്ലെങ്കില്‍ ജാക്ക്-അപ്പ് റിഗുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്.

അടുത്ത 12 മാസങ്ങള്‍ക്കുകള്ളില്‍ കരാര്‍ പൂര്‍ത്തിയാക്കുമെന്നാണ് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഓര്‍ഡറുകളില്‍ മുന്നേറ്റം

ഇക്കഴിഞ്ഞ ജൂണില്‍ ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കമ്പനികളിലൊന്നായ എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ് ഷോര്‍ എന്‍ജിനീയറിംഗുമായി (KSOE) കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കരാര്‍ ഒപ്പുവച്ചിരുന്നു. ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ്, ഹ്യുണ്ടായ് സാംഹൊ ഹെവി ഇന്‍ഡസ്ട്രീസ് തുടങ്ങിയവ ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ ഷിപ്‌യാര്‍ഡുകളുടെ ഉടമസ്ഥരാണ് കെ.എസ്.ഒ.ഇ.

അതിനു മുന്‍പ് മെയില്‍ യു.കെ ആസ്ഥാനമായുള്ള ഓഫ്‌ഷോര്‍ റിന്യൂവബ്ള്‍ ഓപ്പറേറ്ററായ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിംഗുമായി വിന്‍ഡ് ഫാമിലെ ആവശ്യങ്ങള്‍ക്കായുള്ള ഹൈബ്രിഡ് യാനങ്ങള്‍ നിര്‍മിക്കുന്നതിനും കരാര്‍ ഒപ്പുവച്ചിരുന്നു.

2025 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 21,150 കോടി രൂപയുടെ ഓര്‍ഡറുകളായിരുന്നു കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കൈവശം ഉണ്ടായിരുന്നത്. ഹൂഗ്ലി, ഉഡുപ്പി എന്നി ഉപകമ്പനികളുടേതുള്‍പ്പെടെയുള്ള കരാറുകളാണിത്.

45 കപ്പലുകളാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇതിനകം നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.

ഓഹരിയുടെ നേട്ടം

കരുത്തുറ്റ ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികളുടെ വളര്‍ച്ചയിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി വില 17.29 ശതമാനം ഉയര്‍ന്നു. ആറു മാസക്കാലയളവെടുത്താല്‍ ഓഹരിയുടെ നേട്ടം 44 ശതമാനമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി ചില സമ്മര്‍ദ്ദങ്ങള്‍ നേരിട്ടത് 13.83 ശതമാനം ഇടിവിന് ഇടയാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 11.76 ശതമാനം വളര്‍ച്ചയും കാഴ്ചവച്ചു.

ഇന്ന് രണ്ട് ശതമാനത്തോളം ഉയര്‍ന്ന് 1,926 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.

ജൂണ്‍ പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ലാഭം 8 ശതമാനം വര്‍ധിച്ച് 188 കോടി രൂപയിലെത്തിയിരുന്നു. വരുമാനം 39 ശതമാനം ഉയര്‍ന്ന് 1,069 കോടി രൂപയുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT