image:@https://cochinshipyard.in/ 
Business Kerala

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിക്ക് ഗംഭീര തിരിച്ചു വരവ്, ഒമ്പത് ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു, അഞ്ചാം ദിവസവും മുന്നേറ്റം, ഓഹരി ഇനിയും ഉയരുമോ?

ഓഹരിക്ക് 22% വരെ ഉയര്‍ച്ചയാണ്‌ ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് റാഠി പ്രവചിക്കുന്നത്

Resya Raveendran

കേരളം ആസ്ഥാനമായുള്ള പൊതുമേഖല കപ്പല്‍ നിര്‍മാണ ശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (Cochin Shipyard ) ഓഹരികള്‍ക്ക് തുടര്‍ച്ചയായ അഞ്ചാം ദിവസവും മുന്നേറ്റം. ഇതോടെ ഓഹരി വില ഒമ്പത് ആഴ്ചയിലെ ഉയര്‍ന്ന വിലയായ 1,853 രൂപ തൊട്ടു. ഇന്ന് രാവിലത്തെ വ്യാപാരത്തിനിടെ ഓഹരി വില 2.5 ശതമാനത്തോളം ഉയര്‍ന്നതാണ് ഈ നേട്ടത്തിനിടയാക്കിയത്. അതേസമയം, ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഓഹരിയുടെ നേട്ടം 0.59 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ക്ലോസിംഗ് വില 1,820.10 രൂപ.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തിലധികമാണ് ഓഹരി വിലയിലുണ്ടായ വര്‍ധന. രണ്ട് മാസത്തെ താഴ്ചയില്‍ നിന്നാണ് ഓഹരിയുടെ കയറ്റം. എന്നാല്‍ 2025 ജൂണില്‍ കുറിച്ച 2,545 രൂപയെന്ന റെക്കോഡില്‍ നിന്ന് 28 ശതമാനം താഴെയാണ് ഇപ്പോഴും ഓഹരി വില.

വില ഉയരുമോ?

രാജ്യത്തെ പ്രമുഖ ബ്രോക്കറേജുകളിലൊന്നായ ആനന്ദ് റാഠി ഓഹരിയില്‍ വീണ്ടും മുന്നേറ്റം പ്രവചിക്കുന്നുണ്ട്. അടുത്തിടെയുള്ള ഓഹരിയുടെ ഉയര്‍ന്ന വില തിരിച്ചു പിടിക്കുമെന്നാണ് ബ്രോക്കറേജ് കരുതുന്നത്.

ഓഹരിയൊന്നിന് 1,820-1,780 രൂപയില്‍ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് പറയുന്നത് 2,200 രൂയാണ് ലക്ഷ്യ വില നിശ്ചയിച്ചിരിക്കുന്നത്. അതായത്‌ നിലവിലെ ക്ലോസിംഗ് വിലയില്‍ നിന്ന് 22 ശതമാനത്തോളം വര്‍ധന. 1,600 രൂപയില്‍ സ്റ്റോപ് ലോസ് (Stop loss) വയ്ക്കാനും ബ്രോക്കറേജ് നിര്‍ദേശിക്കുന്നു.

കരുത്തുറ്റ ഓര്‍ഡറുകളുടെ പിന്‍ബലം

എല്ലാത്തരം ആവശ്യങ്ങള്‍ക്കുമുള്ള യാനങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും നടത്തുന്ന കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. മികച്ച ഓര്‍ഡറുകളാണ് കമ്പനിക്ക് കരുത്താകുന്നത്. നിലവില്‍ 21,100 കോടി രൂപയുടെ കരാറുകള്‍ കൈവശമുണ്ട്. ഇതില്‍ 1,500 കോടി രൂപയുടെ അറ്റകുറ്റപ്പണി കരാറുകളാണ്. കൂടാതെ 75 ഓളം യാനങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ 19,600 കോടി രൂപയുടെ ഓര്‍ഡറുകളുമുണ്ട്.

അടുത്തിടെ, 70 ടണ്‍ ഭാരമുള്ള രണ്ട് ബൊള്ളാര്‍ഡ് പുള്‍ ടഗ്ഗുകള്‍ക്കും നദിയിലോടുന്ന ആഡംബര ക്രൂയിസ് കപ്പലിനും ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഡ്രൈഡോക്‌സ് വേള്‍ഡ് യുഎഇ, എച്ച്ഡി കെഎസ്ഒഇ ദക്ഷിണ കൊറിയ എന്നിവയുമായി കമ്പനി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിരുന്നു.

2026 സാമ്പത്തിക വര്‍ഷത്തില്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ 14-15% വരുമാന വളര്‍ച്ചയും ഏകദേശം 15% ലാഭ (PAT) മാര്‍ജിനുമാണ് ലക്ഷ്യം വയ്ക്കുന്നത്.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT