Representationalimage  canva
Business Kerala

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ദുബൈ ഡ്രൈഡോക്സും കൈകോര്‍ക്കുന്നു; ഐ.എസ്.ആര്‍.എഫ് ഇനി സംയുക്ത സംരംഭത്തിന് കീഴില്‍, ₹1,800 കോടിയുടെ കരാര്‍

50 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് പുതിയ സംയുക്ത സംരംഭം (JV) രൂപീകരിക്കുന്നത്

Dhanam News Desk

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ (CSL) വില്ലിംഗ്ഡണ്‍ ഐലന്‍ഡിലുള്ള അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ (International Ship Repair Facility - ISRF) പ്രവര്‍ത്തനവും നടത്തിപ്പും ഇനി പ്രമുഖ ആഗോള കപ്പല്‍ അറ്റകുറ്റപ്പണി കമ്പനിയായ ഡ്രൈഡോക്സ് വേള്‍ഡ് ദുബൈയുമായി (DDW) ചേര്‍ന്നുള്ള പുതിയ സംയുക്ത സംരംഭത്തിന് (Joint Venture) കീഴിലേക്ക്. 50:50 പങ്കാളിത്തത്തോടെയുള്ള സംയുക്ത സംരംഭ രൂപീകരണത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഡിപി വേൾഡിന്റെ (DP World) ഭാഗമാണ് ഡ്രൈഡോക്‌സ് വേൾഡ്.

കമ്പനി ആക്ട് 2013 പ്രകാരം എറണാകുളം കൊച്ചി ആസ്ഥാനമായാണ് പുതിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രജിസ്റ്റര്‍ ചെയ്യുക. കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്ന് 60 വര്‍ഷത്തെ ലീസിനെടുത്ത 30 ഹെക്ടര്‍ സ്ഥലത്ത് 970 കോടി രൂപ ചെലവഴിച്ചാണ് കപ്പല്‍ശാല ഐ.എസ്.ആര്‍.എഫ് വികസിപ്പിച്ചത്.

സ്ലംപ് സെയില്‍ (Slump Sale) വ്യവസ്ഥയിലാണ് ISRF ഈ സംയുക്ത സംരംഭത്തിലേക്ക് കൈമാറുന്നത്. ഇതിനായി ഏകദേശം 1,800 കോടി രൂപയാണ് മൂല്യം നിര്‍ണ്ണയിച്ചിരിക്കുന്നത്. ഇതില്‍ പകുതി തുക (50%) കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് പണമായി (Cash) ലഭിക്കും. ബാക്കി 50 ശതമാനം സംയുക്ത സംരംഭത്തിലെ ഓഹരികളായി മാറുകയും ചെയ്യും.

പ്രവര്‍ത്തനം എങ്ങനെ?

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പുതിയ സംയുക്ത സംരംഭത്തിന്റെ മാനേജ്‌മെന്റിൽ ഡ്രൈഡോക്‌സ് വേൾഡിനായിരിക്കും കൂടുതൽ പ്രതിനിധ്യം. 5 അംഗ ബോർഡിൽ 3 ഡയറക്ടർമാരെ നാമനിർദ്ദേശം ചെയ്യാനുള്ള അവകാശം ദുബായ് കമ്പനിക്കായിരിക്കും. അതോടൊപ്പം സി.ഇ.ഒ, സി.എഫ്.ഒ, സി.ഒ.ഒ തുടങ്ങിയ ഉന്നത മാനേജ്‌മെന്റ് പദവികളിലേക്കുള്ള നിയമനവും ഇവർ നടത്തും. ശേഷിക്കുന്ന 2 ഡയറക്ടർമാരെ കൊച്ചിൻ ഷിപ്പ്‌യാർഡ് നാമനിർദ്ദേശം ചെയ്യും.

വില്ലിംഗ്ഡണ്‍ ഐലന്‍ഡില്‍ 30 ഹെക്ടറിലധികം സ്ഥലത്താണ് ISRF സ്ഥിതി ചെയ്യുന്നത്. 970 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ കേന്ദ്രം 2024 ഓഗസ്റ്റിലാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 130 മീറ്ററില്‍ താഴെ നീളമുള്ള വാണിജ്യ, നാവികസേന കപ്പലുകളുടെ അറ്റകുറ്റപ്പണികളാണ് ഈ കേന്ദ്രത്തില്‍ നടത്തുന്നത്. 6,000 ടണ്‍ ഷിപ്പ് ലിഫ്റ്റ് സംവിധാനവും, 6 വര്‍ക്ക് സ്റ്റേഷനുകളും, 1,400 മീറ്ററോളം ബെര്‍ത്തിംഗ് സ്‌പേസും ഇവിടെയുണ്ട്. ഒരേസമയം 6 കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താനും പ്രതിവര്‍ഷം 82 കപ്പലുകള്‍ വരെ കൈകാര്യം ചെയ്യാനും ഈ കേന്ദ്രത്തിന് ശേഷിയുണ്ട്. നിലവിലെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 10 പുതിയ വര്‍ക്ക് സ്റ്റേഷനുകള്‍ കൂടി ഇവിടെ സജ്ജീകരിക്കും.

2024 ജനുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ കേന്ദ്രത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഓഗസ്റ്റ് 12-നാണ് ആരംഭിച്ചത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 207.33 കോടി രൂപയുടെ വരുമാനമാണ് ഐ.എസ്.ആര്‍.എഫ് നേടിയത്. ഇത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ആകെ വരുമാനത്തിന്റെ 4.81 ശതമാനത്തോളമാണ്. 2026 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ആകെ അറ്റമൂല്യത്തിന്റെ (Net worth) 30.55 ശതമാനം വരും നിലവില്‍ ISRF-ന്റെ നിര്‍ണ്ണയിക്കപ്പെട്ട മൂല്യം (1,800 കോടി രൂപ).

ലക്ഷ്യം ആഗോള നിലവാരം

ആഗോളതലത്തിലെ മികച്ച സാങ്കേതികവിദ്യയും വേഗമേറിയ പ്രവര്‍ത്തനരീതികളും ഇന്ത്യയിലെ കപ്പല്‍ അറ്റകുറ്റപ്പണി മേഖലയിലേക്ക് എത്തിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അറിയിച്ചു. ഇത് സര്‍വീസുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സങ്കീര്‍ണ്ണവും ഉയര്‍ന്ന മൂല്യമുള്ളതുമായ പ്രോജക്ടുകള്‍ ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യും.

ഡി.പി വേള്‍ഡ് ഗ്രൂപ്പിന്റെ ഭാഗമായ ഡ്രൈഡോക്സ് വേള്‍ഡ് ദുബായ്ക്ക് (DDW) മധ്യപൂര്‍വദേശത്ത് കപ്പല്‍ അറ്റകുറ്റപ്പണി രംഗത്ത് വലിയ പരിചയസമ്പത്തുണ്ട്. നാല് പതിറ്റാണ്ടിലധികം പ്രവൃത്തിപരിചയമുള്ള കമ്പനി പ്രതിവര്‍ഷം 300-ലേറെ പ്രൊജക്റ്റുകളാണ് കൈകാര്യം ചെയ്യുന്നത്.

2026 സെപ്റ്റംബര്‍ 11-നാണ് ഇരു കമ്പനികളും തമ്മിലുള്ള പ്രാഥമിക കരാര്‍ ഒപ്പുവെക്കുന്നത്. കൊച്ചി പോര്‍ട്ട് അതോറിറ്റി, കേന്ദ്ര തുറമുഖ കപ്പല്‍ മന്ത്രാലയം, ധനമന്ത്രാലയത്തിന് കീഴിലുള്ള ദീപം (DIPAM), ഓഹരി ഉടമകള്‍ എന്നിവരുടെ അനുമതി ലഭിച്ച ശേഷമായിരിക്കും മറ്റു നടപടികള്‍ പൂര്‍ത്തിയാവുക. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പദ്ധതി നടപ്പിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Cochin Shipyard Board approves 50:50 joint venture with DP World unit Drydocks World Dubai to operate and expand Kochi International Ship Repair Facility.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT