ഈ ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാനങ്ങളും വമ്പിച്ച വിലക്കുറവുമായി കയർഫെഡ് രംഗത്ത്. "ഭാഗ്യയാത്ര - കയർഫെഡിനോടൊപ്പം ഓണം ആഘോഷിക്കൂ സ്വപ്നയാത്ര സ്വന്തമാക്കൂ" എന്ന പേരിൽ ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ പ്രത്യേക വിപണന പദ്ധതി നടപ്പിലാക്കുന്നത്. കയർഫെഡ് ഷോറൂമുകൾ, ഏജൻസികൾ, പോലീസ് കാന്റീനുകൾ, പ്രദർശന വിപണന ശാലകൾ എന്നിവിടങ്ങളിൽ നിന്ന് കസ്റ്റമേഴ്‌സിന് ഈ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാകും.
വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും 2,000 രൂപയ്ക്ക് മുകളിൽ കയർ ഉൽപ്പന്നങ്ങൾ വാങ്ങുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഒന്നാം സമ്മാനമായി ലക്ഷദ്വീപ് യാത്രയും, രണ്ടാം സമ്മാനമായി മൂന്നാർ യാത്രയും, മൂന്നാം സമ്മാനമായി ഹൗസ്‌ബോട്ട് യാത്രയുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമെ, തിരഞ്ഞെടുക്കപ്പെടുന്ന മറ്റ് 20 പേർക്ക് ഒരുമിച്ചുള്ള ഹൗസ്‌ബോട്ട് യാത്രയും സമ്മാനമായി നൽകും.
കയർഫെഡിന്റെ ഗുണമേന്മയേറിയ മെത്തകൾക്ക് 30 മുതൽ 40 ശതമാനം വരെ വിലക്കുറവും, മറ്റ് കയർ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം ഡിസ്‌കൗണ്ടും പദ്ധതി കാലയളവിൽ ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്ക് ഷോറൂം ഡിസ്‌കൗണ്ടിന് പുറമെ 3 ശതമാനം അധിക ഡിസ്‌കൗണ്ടും, കയർ തൊഴിലാളികൾക്ക് 5 ശതമാനം അധിക ഡിസ്‌കൗണ്ടും അനുവദിക്കുന്നുണ്ട്. കൂടാതെ വിവിധയിനം മെത്തകൾക്കൊപ്പം ബെഡ്‌ഷീറ്റ്, റെക്രോൺ പില്ലോ, ഡോർ മാറ്റ്, ബാത്ത് മാറ്റ് തുടങ്ങിയവ സൗജന്യമായും നൽകുന്നുണ്ട്.
ഈ ഓണക്കാലത്ത് ഏകദേശം 7 കോടി രൂപയുടെ വിൽപനയാണ് കയർഫെഡ് പ്രതീക്ഷിക്കുന്നത്. പാരമ്പര്യവും ഗുണമേന്മയും ഒത്തുചേരുന്ന കയർ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനും ഒപ്പം ആകർഷകമായ യാത്രകൾ നേടാനും ഈ വിപണന പദ്ധതിയിലൂടെ സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine