Image : Canva 
Business Kerala

വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ വിലയില്‍ വര്‍ധന; വിമാന ഇന്ധന വിലയും ഉയര്‍ന്നു, ഹോട്ടല്‍ ഭക്ഷണത്തിനും വിമാനയാത്രയ്ക്കും ചിലവേറും

കഴിഞ്ഞ രണ്ടു മാസമായി തുടർച്ചയായി കുറഞ്ഞ ശേഷമാണ് എണ്ണ വിപണന കമ്പനികൾ വില വർധിപ്പിച്ചത്. അതേസമയം, ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

Dhanam News Desk

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യാന്തര ഊര്‍ജവില കുതിച്ചുയരുന്നതിനിടെ ഇന്ത്യയില്‍ വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ നിരക്ക് 19 കിലോയ്ക്ക് 9.50 രൂപ ഉയര്‍ന്നു. സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ വര്‍ധന കേരളത്തിലെ ഹോട്ടല്‍, റെസ്റ്റോറന്റ്, കാറ്ററിങ് മേഖലകളുടെ ഉല്‍പ്പാദനച്ചെലവ് കൂട്ടി ഭക്ഷണവില ഉയര്‍ത്തും. ഗാര്‍ഹിക 14.2 കിലോ സിലിണ്ടര്‍ നിരക്കില്‍ മാറ്റമില്ലെന്നത് മാത്രമാണ് ആശ്വാസം.

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ഊര്‍ജ വില കുതിച്ചുയരുന്നതിനിടെ രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി (LPG) സിലിണ്ടറുകളുടെ വിലയില്‍ വര്‍ധന. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 9.50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. പുതിയ നിരക്കുകള്‍ ഇന്ന് (സെപ്റ്റംബര്‍ 1) മുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം, സാധാരണക്കാരുടെ അടുക്കള ബജറ്റിനെ ബാധിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.

കേരളത്തിലെ ഹോട്ടല്‍, കാറ്ററിങ് മേഖലയ്ക്ക് തിരിച്ചടി

വാണിജ്യ സിലിണ്ടറുകളുടെ വില ഉയര്‍ന്നത് കേരളത്തിലെ ഹോട്ടല്‍, റെസ്റ്റോറന്റ്, കാറ്ററിങ് മേഖലയ്ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കും. കൊച്ചി അടക്കമുള്ള പ്രധാന നഗരങ്ങളില്‍ വാണിജ്യ സിലിണ്ടര്‍ നിരക്ക് ഉയര്‍ന്നതോടെ വിപണിയില്‍ ഭക്ഷണ സാധനങ്ങളുടെ ഉല്‍പ്പാദനച്ചെലവ് ഉയരാന്‍ ഇടയാക്കും. മുന്‍ മാസങ്ങളിലും സിലിണ്ടര്‍ നിരക്കുകളില്‍ വ്യതിയാനങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍, ഉത്സവ സീസണിലേക്ക് കടക്കുന്ന കേരളത്തിലെ ചെറുകിട പ്രൊഫഷണലുകളെയും വ്യാപാരികളെയും ഈ വിലവര്‍ധന നേരിട്ട് ബാധിക്കും.

ക്രൂഡ് ഓയില്‍ കുതിപ്പും ഉല്‍പ്പാദന നിയന്ത്രണവും

പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങള്‍ കടുത്തതോടെ ക്രൂഡ് ഓയില്‍, പ്രകൃതിവാതക വില രാജ്യാന്തര തലത്തില്‍ കുതിച്ചുയരുകയാണ്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇറക്കുമതി തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആഭ്യന്തരമായി എല്‍.പി.ജി ഉല്‍പ്പാദനം ഉയര്‍ത്താന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അടുത്തിടെ റിഫൈറികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റിഫൈനറികള്‍ക്ക് പരമാവധി പ്രൊഡക്ഷന്‍ ടാര്‍ഗെറ്റ് നിശ്ചയിച്ച് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ വില പരിഷ്‌കരണം ഉണ്ടായിരിക്കുന്നത്.

മുംബൈ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (MGL) സി.എന്‍.ജി, പി.എന്‍.ജി നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്‍പുട്ട് ഗ്യാസ് വിലയില്‍ വലിയ ഉയര്‍ച്ചയുണ്ടായതാണ് നിരക്ക് കൂട്ടാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്.

വിമാന ഇന്ധന നിരക്കിലും കുതിപ്പ്

ദേശീയ വിമാനക്കമ്പനികള്‍ക്കുള്ള എയര്‍ക്രാഫ്റ്റ് ടര്‍ബൈന്‍ ഫ്യുവല്‍ (ATF) നിരക്കിലും എണ്ണക്കമ്പനികള്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ലിറ്ററിന് 6.28 രൂപ വര്‍ധിച്ച് 121.28 രൂപയായാണ് വില ഉയര്‍ന്നത്. മുന്‍പ് ലിറ്ററിന് 115 രൂപയായിരുന്നു. വിമാനക്കമ്പനികളുടെ മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനച്ചെലവായതിനാല്‍, വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയരാന്‍ ഇത് ഇടയാക്കും. സെപ്റ്റംബറിലെ ഉത്സവ അവധി ദിനങ്ങളില്‍ നാട്ടിലേക്ക് വരാന്‍ പദ്ധതിയിടുന്ന പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇത് തിരിച്ചടിയാകും.

Oil marketing companies have increased commercial LPG prices by ₹2 for 5-kg cylinders alongside a hike in jet fuel rates effective September 1.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT