Business Kerala

'62 വര്‍ഷം കേരളത്തില്‍ എങ്ങനെ പിടിച്ചുനിന്നുവെന്ന് പലരും ചോദിച്ചു; പക്ഷേ കാര്യങ്ങള്‍ മാറി'

ഇന്‍വെസ്റ്റ് കേരള സമ്മിറ്റില്‍ മനസുതുറന്ന് കോര്‍പറേറ്റ് മേധാവികള്‍

Dhanam News Desk

കേരളത്തില്‍ വ്യവസായ സംരംഭം ആരംഭിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന ധാരണ പലയിടത്തും നിലനില്‍ക്കുന്നുണ്ടെന്ന് മുരുഗപ്പ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എം.എം മുരുഗപ്പന്‍. ഇന്‍വെസ്റ്റ് കേരള സമ്മിറ്റില്‍ കേരളം- ചെറിയ ലോകം വലിയ സാധ്യതകള്‍ എന്ന വിഷയത്തിലൂന്നിയ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ കേരളത്തിലേക്ക് വന്ന കാലം മുതല്‍ കേട്ടിരുന്ന ചോദ്യമായിരുന്നു കേരളം ബുദ്ധിമുട്ടേറിയ സ്ഥലമല്ലേയെന്നത്. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ കേരളം കൂടുതല്‍ ശക്തമായതും അവസരങ്ങളുടേതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമുക്ക് എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ല. വേണ്ടത് പ്രായോഗിക വീക്ഷണമാണ്. പ്ലാനിംഗിനെ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കണം. അതിനുള്ള ശേഷി കേരളത്തിനുണ്ടെന്നും മുരുഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞത്തിലൂടെ വളരും കേരളം

കേരളത്തിന്റെ വികസന വേഗത്തിന് വലിയ അവസരങ്ങള്‍ തുറന്നിടുന്നതാകും വിഴിഞ്ഞം തുറമുഖമെന്ന് അദാനി പോര്‍ട്‌സ് സി.ഇ.ഒ അശ്വിനി ഗുപ്ത പറഞ്ഞു. ആഗോള ചരക്കുനീക്കത്തിന്റെ 95 ശതമാനവും കടല്‍ മാര്‍ഗമാണ്. ഈ അവസരത്തില്‍ വിഴിഞ്ഞം പോലൊരു തുറമുഖത്തിന്റെ സാന്നിധ്യം രാജ്യത്തിനും കേരളത്തിനും നല്കുന്ന ആനുകൂല്യം വളരെ വലുതാണ്. ചരക്കു നീക്കത്തിനുള്ള ചെലവും സമയവും കുറയ്ക്കാന്‍ വിഴിഞ്ഞത്തിനു സാധിച്ചു. ലങ്കയിലെ ചൈനയുടെ തുറമുഖത്തെ അപേക്ഷിച്ച് പല കാര്യങ്ങളിലും വിഴിഞ്ഞത്തിന് ആനുകൂല്യമുണ്ട്. ഭാവിയില്‍ ലങ്കന്‍ തുറമുഖത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം വിഴിഞ്ഞത്തിന് ലഭിക്കുമെന്നും അശ്വിനി ഗുപ്ത കൂട്ടിച്ചേര്‍ത്തു.

ടെക്‌നോളജി രംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടമാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് സി.ഇ.ഒ മാത്യു ഉമ്മന്‍ വ്യക്തമാക്കി. ഇന്നത്തെ കാലഘട്ടത്തില്‍ വികസനത്തിലേക്കുള്ള യാത്രയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് വലിയ പ്രാധാന്യമുണ്ട്. ടെലികോം രംഗത്ത് 20 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാനുള്ള മുകേഷ് അംബാനിയുടെ തീരുമാനം രാജ്യത്തിന്റെ ടെക്‌നോളജി കുതിപ്പില്‍ നിര്‍ണായകമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തെ സംബന്ധിച്ച് ഇക്കാര്യങ്ങളിലെല്ലാം ഒരുപടി മുന്നിലാണ്. അതുകൊണ്ട് തന്നെ സാധ്യതകളേറെയാണെന്നും മാത്യു ഉമ്മന്‍ പറഞ്ഞു. നീതി ആയോഗ് മുന്‍ സി.ഇ.ഒ അമിതാഭ് കാന്തായിരുന്നു ഈ സെഷന്റെ മോഡറേറ്റര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT