Business Kerala

സ്വർണവില കൂടിയാൽ പണിക്കൂലി കൂടണോ? പുതിയ സാഹചര്യങ്ങളില്‍ എന്തൊക്കെ മാറ്റം വരുത്താനാകും?

സ്വർണം പവന് ഒരു ലക്ഷത്തിൽപരം രൂപ വില കൊടുക്കേണ്ടിവരുമ്പോഴും പണിക്കൂലി ഇനത്തിൽ മാത്രം വലിയൊരു തുക അധികമായി നൽകേണ്ടി വരുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. എന്നാൽ പണിക്കൂലി ഒരു തട്ടിപ്പല്ലെന്നും, അത് തൊഴിലാളികളുടെയും വ്യാപാരികളുടെയും ഉപജീവന മാർഗ്ഗമാണെന്നും ജുവൽറി ഉടമകൾ വ്യക്തമാക്കുന്നു.

Pintu Prakash

സ്വർണത്തെ ഒരേസമയം അലങ്കാരത്തിനായും സുരക്ഷിതമായ നിക്ഷേപമായും കാണുന്ന മലയാളിക്ക്, ആഭരണങ്ങളുടെ പണിക്കൂലി എപ്പോഴും ഒരു തർക്കവിഷയമാണ്. സ്വർണത്തിന്റെ വിപണി വില കൂടുന്നതിനനുസരിച്ച് പണിക്കൂലിയിലും ഉണ്ടാകുന്ന വർധനവ് നിക്ഷേപ മൂല്യത്തെ ബാധിക്കുന്നു എന്ന് ഉപഭോക്താക്കൾ പരാതിപ്പെടുമ്പോൾ, സ്ഥാപനത്തിന്റെ നിലനിൽപ്പിനും തൊഴിലാളികളുടെ വേതനത്തിനുമുള്ള ഏക മാർഗ്ഗം ഇതാണെന്ന് വ്യാപാരികൾ വാദിക്കുന്നു. പണിക്കൂലിയിൽ വൈരുദ്ധ്യമുണ്ടോ? സ്വർണ വിപണിയെ എങ്ങനെയിത് സ്വാധീനിക്കുന്നു? ഇരുപക്ഷത്തിന്റേയും വാദം വിശദമായി പരിശോധിക്കാം.

പണിക്കൂലി നിക്ഷേപമൂല്യം ചോർത്തുന്നുവോ?

വിലയേറിയ സ്വർണം കാര്യമായ അളവിൽ പാഴാക്കാതെ, വിവിധ ഫാഷനുകളിലുള്ള ആഭരണങ്ങൾ നിർമ്മിച്ചെടുക്കാനുള്ള വൈദഗ്ധ്യത്തിന്റേയും അധ്വാനത്തിന്റേയും പേരിലാണ് ജുവൽറികൾ ഉപഭോക്താക്കളിൽ നിന്നും പണിക്കൂലി ഈടാക്കുന്നത്. എന്നാൽ നിർമ്മാണച്ചെലവിനും തൊഴിലാളിയുടെ കൂലിയ്ക്കും സ്വർണ്ണത്തിന്റെ വിപണി വിലയുമായി നേരിട്ട് ബന്ധമില്ല. അതായത്, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 50,000 രൂപ ആയിരിക്കുമ്പോഴും ഒരുലക്ഷം രൂപ ആയിരിക്കുമ്പോഴും, അതിൽ നിന്നും ഒരേ തരത്തിലുള്ള ആഭരണം നിർമ്മിച്ചെടുക്കാനുള്ള അധ്വാനം ഒന്നുതന്നെയെന്ന് സാരം. തുണിയുടെ വില വർധിക്കുന്ന അനുപാതത്തിൽ തയ്യൽക്കൂലി കൂടുന്നില്ലല്ലോ എന്നാണ്, സ്വർണാഭരണത്തിന്റെ പണക്കൂലിയിലുള്ള അധികഭാരം ചൂണ്ടിക്കാണിക്കാനായി ഉപഭോക്താക്കൾ സൂചിപ്പിക്കുന്നത്.

"മിക്ക ആളുകളും സ്വർണത്തെ ആഭരണമെന്നതിനേക്കാൾ ഏറെയായി ഒരു നിക്ഷേപമായി കൂടി കരുതിയാണ് വാങ്ങുന്നത്. എന്നാൽ നിശ്ചിത പണിക്കൂലി കാരണം, വാങ്ങാനുള്ള ചെലവ് ഉയരുന്നതിനാൽ, അതുകൂടി മറികടക്കുന്നവിധം വിപണി വില പിന്നീട് വർധിച്ചാൽ മാത്രമാകും ലാഭം കണ്ടെത്താനാകുക. ഉദാഹരണത്തിന് ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപയും ആഭരണത്തിന്റെ പണിക്കൂലി 20 ശതമാനവുമാണെങ്കിൽ (20,000 രൂപ) ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് ചുരുങ്ങിയത് 1,24,000 രൂപ (ജി.എസ്.ടി.യും മറ്റ് നിരക്കുകളും കൂടിച്ചേർത്ത്) എങ്കിലും ചെലവാക്കേണ്ടിവരും. എന്നാൽ ഇതേ സ്വർണാഭരണം വിൽക്കുന്ന വേളയിൽ ഉപഭോക്താവിന് ലാഭകരമായി മാറണമെങ്കിൽ, സ്വർണത്തിന്റെ വിപണി വിലയിൽ 25 ശതമാനമെങ്കിലും വർധന പിന്നീട് ഉണ്ടായിട്ടുണ്ടാകണം. ഇല്ലെങ്കിൽ ​ദീർഘകാലം കൈവശം വയ്ക്കേണ്ടിവരും. അതായത്, ഉയർന്ന പണിക്കൂലി കാരണം നഷ്ടമാകുന്ന നിക്ഷേപമൂല്യം, സ്വർണാഭരണത്തെ നിക്ഷേപമായി കാണുന്നവർക്ക് തിരിച്ചടിയാണ് സമ്മാനിക്കുന്നതെന്ന് സാരം. മറ്റ് വ്യവസായ മേഖലകളിൽ നടപ്പാക്കിയതുപോലെ സ്വർണ വ്യാപാര രം​ഗത്തും നിർമാണക്കൂലി മാനദണ്ഡപ്രകാരം ക്രമീകരിക്കപ്പെടണം", സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറായ രതീഷ് കണ്ണങ്കര പറയുന്നു.

പണിക്കൂലി ഇല്ലാതെ ആഭരണം നൽകാനാകുമോ?

പണിക്കൂലി മാത്രമാണ് വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഒരു സ്വർണ വ്യാപാര സ്ഥാപനത്തിനുള്ള പ്രധാന വരുമാന സ്രോതസ്സ്. അതുകൊണ്ട് തന്നെ പണിക്കൂലി പൂർണമായും ഒഴിവാക്കിയുള്ള സ്വ‌ർണാഭരണ കച്ചവടവും സ്ഥാപന നടത്തിപ്പും ജോലിക്കാരുടെ പരിപാലനവുമൊന്നും പ്രായോ​ഗികമല്ല. പരമ്പരാ​ഗത സ്വർണ വ്യാപാര മേഖല നിലനിൽക്കുന്നത് തന്നെ പണിക്കൂലിയുടെ പുറത്താണ്. തൊഴിലാളികൾക്കുള്ള വേതനം കണ്ടെത്തേണ്ടതും ഇതിൽ നിന്നാണ്. പണിക്കൂലി ഇല്ലാതെ ആഭരണം വിൽക്കാമെന്ന് പറയുന്നത് തട്ടിപ്പാണ്. കേരളത്തിലെ ജനങ്ങളുടെ കോടിക്കണക്കിന് പണം അത്തരത്തിലുള്ള തട്ടിപ്പുകളിലൂടെ ഇതിനകം നഷ്ടമായിട്ടുണ്ട് എന്നും സ്വർണ വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.എം.എ.യുടെ ജനറൽ സെക്രട്ടറി അബ്ദുൾ നാസർ പറഞ്ഞു.

തങ്ങൾ വിൽക്കുന്ന ഭൂരിഭാ​ഗം ആഭരണങ്ങളുടേയും പണിക്കൂലി 5 ശതമാനമോ അതിൽ താഴെയോ മാത്രമാണ്. വളരെയധികം അധ്വാനമുള്ള ചുരുക്കം ചില ഡിസൈനുകളിലാണ് ഉയർന്ന പണിക്കൂലി ഉള്ളത്. അത്തരം ഡിസൈനുകൾ ആകട്ടെ, സാധാരണക്കാർ പൊതുവേ വാങ്ങുന്നവയുമല്ല. ആ​ഗോള തലത്തിൽ തന്നെ സ്വർണാഭരണങ്ങളുടെ വ്യാപാര മേഖലയിൽ പണിക്കൂലി ഈടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. അതുപോലെ സ്വർണത്തിന്റെ വില എല്ലാ വർഷവും വർധിക്കുകയാണ്. വാങ്ങുന്ന വേളയിൽ പണിക്കൂലി ഇനത്തിൽ നഷ്ടമാകുന്നതിനേക്കാളും ഉയർന്ന തോതിലുള്ള ലാഭം സ്വർണത്തിന്റെ വില വർധനയിൽ നിന്നും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്നും അബ്ദുൾ നാസർ പറഞ്ഞു. സ്വർണ വില ഉയരുമ്പോൾ തങ്ങളുടെ പ്രവർത്തനച്ചെലവിലും ഇൻഷുറൻസ് തുകയിലും വർധനവ് ഉണ്ടാകുന്നുണ്ടെന്ന് ജുവൽറി ഉടമസ്ഥർ പൊതുവായി ചൂണ്ടിക്കാണിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT